ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ 42 മത് പതിപ്പിന് നവംബർ ഒന്നിന് തുടക്കമാകും. ഷാർജ എക്സ്പോ സെന്‍ററില്‍ 12 വരെ നടക്കുന്ന പുസ്തകോത്സവത്തില്‍ ദക്ഷിണ കൊറിയയാണ് അതിഥി രാജ്യം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള എഴുത്തുകാരും വിശിഷ്ട വ്യക്തികളും സംഗമിക്കുന്ന വേദിയാകും പതിവുപോലെ ഇത്തവണയും അന്താരാഷ്ട്ര പുസ്തകോത്സവം.
സാംസ്കാരിക പ്രവർത്തനങ്ങളും പരിപാടികളും ഇത്തവണത്തെ പുസ്തകോത്സവത്തിലുമുണ്ടാകുമെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുളള സാംസ്കാരിക ബന്ധവും സൗഹൃദവും കൂടുതല്‍ ദൃഢമാക്കാന്‍ പുസ്തകോത്സവം വേദിയാകുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കൊറിയൻ സംസ്കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും സമ്പന്നതയും ഇത്തവണത്തെ പുസ്തകോത്സവത്തില്‍ ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.ഓരോ പുസ്തകോത്സവത്തിലൂടെയും ആഗോള സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ ഷാർജ സ്ഥാനം ഉറപ്പിക്കുകയാണെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സണ്‍ ബോദൂർ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.
ശില്‍പശാലകളും പാനല്‍ ചർച്ചകളും പാചക പ്രദർശനങ്ങളും ഇത്തവണയുമുണ്ടാകും. 2022 ല്‍ 95 രാജ്യങ്ങളില്‍ നിന്നുളള 2213 പ്രസാധകരാണ് പുസ്തകോത്സവത്തിന്‍റെ ഭാഗമായത്. 57 രാജ്യങ്ങളില്‍ നിന്നുളള 150 എഴുത്തുകാരും പങ്കെടുത്തു. 1500 ലധികം സാസംസ്കാരിക കലാ വിനോദപരിപാടികളും നടന്നു. ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവമാണ് യാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം.