ജാതിരാഷ്ട്രീയം ഉറക്കെ പറഞ്ഞ് അടവുകള്‍ അവസാനിക്കുന്നില്ലെന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഭാരത സർക്കസ്. ജാതീയമായ വേർതിരിവുകളെ തുറന്നുകാട്ടുന്നതിനാല്‍ തന്നെ സെന്‍സർഷിപ്പ് കിട്ടുമോയെന്നുപോലും സംശയമുണ്ടായിരുന്നുവെന്ന് ചിത്രത്തിന്‍റെ സംവിധായകനായ സോഹന്‍ സീനുലാല്‍ പറഞ്ഞു.
സിനിമയില്‍ ജാതിവേർതിരിവുകള്‍ ഉറക്കെ പറയണമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ അതേ വിഷയം പ്രമേയമാക്കിയ കവിത കൂടി ഉള്‍പ്പെടുത്താനും തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രദർശനാനുമതി കിട്ടുമോയെന്ന് ആശങ്കയുണ്ടായിരുന്നു. അത്തരം സീനുകള്‍ മാറ്റിയിട്ട് സെന്‍സറിംഗിന്സമർപ്പിച്ചുകൂടെയെന്നു പലരും ചോദിച്ചു. എന്നാല്‍ മാറ്റമൊന്നും വരുത്താതെതന്നെയാണ് ചിത്രം സെന്‍സർബോർഡിന് സമർപ്പിച്ചതെന്നും സോഹന്‍ സീനുലാല്‍ പറഞ്ഞു. ജാതീയത മനസില്‍ കൊണ്ടുനടക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും അവരുണ്ടാക്കുന്ന ദുരിതം വളരെ വലുതാണ്. ഏത് രീതിയിലായിരിക്കും കവിത പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ പ്രതികരിക്കുക, ഏത് രീതിയിലായിരിക്കും സിനിമ പുറത്തിറങ്ങി കഴിയുമ്പോള്‍ ആളുകള്‍ ചിന്തിക്കുകയെന്നുളള ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമയില്‍ മാത്രമായി ജാതിവേർതിരിവുകള്‍ ഉണ്ടാകാതിരിക്കുന്നതെങ്ങനെയെന്ന് ചോദ്യത്തോടുളള മറുപടിയായി ഷൈന്‍ ടോം ചാക്കോ ചോദിച്ചു. എല്ലായിടത്തും ഇപ്പോഴും ഇത്തരം വേർതിരിവുകള്‍ ഉണ്ട്. പലപ്പോഴും ഒരു ജാതിയില്‍ നിന്ന് മറ്റൊരു ജാതിയിലേക്ക് കല്ല്യാണലോചനപോലും ഉണ്ടാകാറില്ല. പേരിന്‍റെ അറ്റത്ത് നിന്ന് ജാതിവാല്‍ മാറ്റിയാലും ഉളളില്‍ നിന്നുളള ചിന്താഗതി മാറ്റാന്‍ പറ്റാത്തവരാണ് നമുക്കിടയിലുളള പലരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമകണ്ടിട്ടുളള അഭിപ്രായങ്ങളെയും ചർച്ചകളെയും സ്വാഗതം ചെയ്യുന്നു. ഇന്നത്തെ തലമുറയ്ക്ക് ജാതി അറിയില്ല, അവരെ ഇനി ഇതെല്ലാം അറിയക്കണോയെന്ന് പറയുന്നതില്‍ അർത്ഥമില്ല അങ്ങനെയെങ്കില്‍ ചരിത്രം പഠിക്കേണ്ടതിന്‍റെ ആവശ്യകതയില്ലല്ലോയെന്നും ഷൈന്‍ ചോദിച്ചു. ചില കാര്യങ്ങള്‍ അറിഞ്ഞിട്ട് ഇല്ലാതാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജാതി രാഷ്ട്രീയത്തിനൊപ്പം നിയമ സംവിധാനങ്ങൾ, അധികാരശ്രേണി എന്നിവയിലെ ശരിയും തെറ്റും സിനിമ ചർച്ച ചെയ്യുന്നു. ഭാരത സർക്കസ് വെളളിയാഴ്ച കേരളത്തിലും ജിസിസിയിലും റീലീസായി. റിലീസിംഗിനോട് അനുബന്ധിച്ച് ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംവിധായകൻ സോഹൻ സീനുലാൽ, ഷൈൻ ടോം ചാക്കോ, എം എ നിഷാദ്, ബിനു പപ്പു, മേഘ തോമസ്, അനു നായർ, നിർമാതാവ് അനൂജ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.