ലോകം ഷാർജ എക്സ്പോ സെന്‍ററെന്ന ഒറ്റ വായനാമുറിയിലേക്ക് ചുരുങ്ങുമ്പോള്‍ അവിടെ പുസ്തകമെന്നത് മാത്രമാകുന്നു ഭാഷ. മനുഷ്യമനസുകളോട് പുസ്തകഭാഷയ്ക്കപ്പുറം ഹൃദ്യമായി സംവദിക്കുന്ന മറ്റെന്തുണ്ട്. അതുകൊണ്ടുതന്നെയാവാം ഇത്തവണ ഞങ്ങള്‍ പുസ്തകങ്ങള്‍ പറയട്ടെയെന്ന സന്ദേശം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രവും ദേശവും ഭാഷയുമെല്ലാം പുസ്തകങ്ങളാകുന്ന 12 ദിവസങ്ങള്‍. ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് എക്സ്പോ സെന്‍ററില്‍ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്.
നവംബർ 12 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ 108 രാജ്യങ്ങളില്‍ നിന്നുളള 2033 പ്രസാധകർ പങ്കെടുക്കും. എഴുത്തകാരെയും പ്രസാധകരെയും പുസ്തകോത്സവത്തിന്‍റെ ഭാഗമാകാനെത്തുന്ന മറ്റ് വിശിഷ്ടാതിഥികളെയും സുല്‍ത്താന്‍ ഷാർജയിലേക്ക് സ്വാഗതം ചെയ്തു. യുഎഇയിലുളള കുട്ടികളുള്‍പ്പടെയുളളവർക്ക് കലയിലും ശാസ്ത്രത്തിലുമുളള പഠനം സമ്പന്നമാക്കാനും ലോകമെമ്പാടുമുളള സംസ്കാരങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുളള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
17 ആം നൂറ്റാണ്ടിലെ അറബി ഭാഷയുടെ പരിണാമം വിവരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ച ഷെയ്ഖ് സുല്‍ത്താന്‍ അറബി ഭാഷ ചരിത്ര നിഘണ്ടുവായ ഹിസ്റ്ററിക്കല്‍ കോർപ്സ് ഓഫ് ദ അറബിക് ലാംഗ്വേജിന് 31 പുതിയ വാല്യങ്ങളായെന്ന് അറിയിച്ചു. ഇതോടെ 61 വാല്യങ്ങളായ നിഘണ്ടു അടുത്തുതന്നെ 110 വാല്യങ്ങള്‍ പൂർത്തിയാക്കി പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ആളുകൾക്ക് അറബി ഭാഷ മനസ്സിലാക്കുന്നതിന് വഴിയൊരുക്കുകയാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ വർഷത്തിനിടെ 300 ലധികം ഭാഷാ പണ്ഡിതർ പ്രവർത്തിക്കുന്നുണ്ട്. അറബി ഭാഷയിലെ ദശലക്ഷകണക്കിന് പദങ്ങളുടെ അർത്ഥവും ചരിത്രവും ഇതിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ സാംസ്കാരിക വ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ട ലിബിയന്‍ എഴുത്തുകാരനും നോവലിസ്റ്റുമായ ഇബ്രാഹിം അൽ-കോനിയ്ക്ക് പുരസ്കാരം സമ്മാനിച്ചു. ലോകത്തെ ഷാർജയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് എസ് ഐ ബി എഫ് സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. പുസ്തകോത്സവത്തില്‍ ലോകത്തിലെ പകുതിയിലധികം രാജ്യങ്ങള്‍ക്കും ഞങ്ങള്‍ ആതിഥ്യമരുളുന്നു. ലോകമെമ്പാടുമുള്ള ആളുകൾക്ക് അറബ് സംസ്കാരത്തിലേക്കുള്ള ഒരു ജാലകം ഇത് തുറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവംബർ 8 മുതല്‍ 10 വരെയാണ് ത്രില്ലർ ഫെസ്റ്റിവല്‍ നടക്കുക. പുസ്തകോത്സവത്തിലേക്കുളള പ്രവേശനം സൗജന്യമാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9.30 മുതല്‍ വൈകീട്ട് 10 മണിവരെയും വെളളിയാഴ്ച ഉച്ചയ്ക്ക് 4 മുതല്‍ വൈകീട്ട് 11 വരെയും ശനി ഞായർ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയുമാണ് പ്രവേശനം.