ദുബായിലെ പ്രശസ്തമായ കൃത്രിമദ്വീപുകളായ പാം ജുമൈറയ്ക്കും പാം ദേരയ്ക്കും പിന്നാലെ പാം ജബല്‍ അലി ദ്വീപ് പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി. ദുബായുടെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെയാണ് കൃത്രിമ ദ്വീപ് പ്രഖ്യാപിച്ചിട്ടുളളത്.
ഈന്തപ്പനയുടെ മാതൃകയിലുളള ദ്വീപുകളാണ് പാം ജുമൈറയും പാം ദേരയും. പാം ജുമൈറയുടെ രണ്ടിരട്ടി വലിപ്പത്തിലാണ് പാം ജബല്‍ അലി ഒരുങ്ങുന്നത് 13.4 ചതുരശ്രകിലോമീറ്ററാണ് പാം ജുമൈറയുടെ വിസ്തൃതി. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ നഖീലിനാണ് നിർമ്മാണ ചുമതല.
അതിമനോഹരമായ വെളളച്ചാട്ടം, വിശാലമായ ഹരിത ഇടങ്ങളെന്നിവ പാം ജബല്‍ അലിയില്‍ ഒരുങ്ങും. നടപ്പാതകളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്ന ദ്വീപില്‍ വ്യത്യസ്തമായ സഞ്ചാരസൗകര്യങ്ങളും ഒരുക്കും. സ്മാർട് സിറ്റി സാങ്കേതിക വിദ്യകളും പാം ജബല്‍ അലിയിലുണ്ടാകും.ദ്വീപിന്‍റെ ഊർജ്ജാവശ്യത്തിന്‍റെ 30 ശതമാനവും പുനരുപയോഗിക്കാവുന്ന സ്ത്രോതസ്സുകളില്‍ നിന്നാണെന്നുളളതും പ്രത്യേകതയാണ്.
ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന പദവി ദുബായി നിലനിർത്തും, അതിനായി ലോകോത്തര ജീവിതശൈലി സൗകര്യങ്ങളും ലക്ഷ്യങ്ങളും നവീകരിക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. പാം ജബല്‍ അലി അടിസ്ഥാന സൗകര്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ലോകത്തെ മികച്ചതും സുന്ദരമായതുമായ ലക്ഷ്യ സ്ഥാനങ്ങളിലൊന്നായി മാറുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
80 ലേറെ ഹോട്ടലുകളും റിസോർട്ടുകളും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.110 കിലോമീറ്റർ നീളത്തില്‍ ദുബായിലെ പൊതുബീച്ചുകള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ദുബായ് തീരുമാനമെടുത്തിരുന്നു. നിലവിലുളളതിന്‍റെ 400 ശതമാനം വർദ്ധനയാണിതിലൂടെ ലക്ഷ്യമിടുന്നത്.