Gulf

ഷെയ്ഖ് ഖലീഫ: യുഎഇയുടെ വികസനചരിത്രത്തിലെ സുവർണലിപി

യുഎഇയുടെ വികസനചരിത്രത്തില്‍ നിർണായക പങ്കുവഹിച്ച ഭരണകർത്താവാണ് യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍. വെള്ളിയാഴ്ച അദ്ദേഹത്തിന്‍റെ വിയോഗ വാർത്ത അവിശ്വസനീയതയോടെയാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളുമടങ്ങുന്ന സമൂഹം കേട്ടത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ നയിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചു ഷെയ്ഖ് ഖലീഫ. പക്ഷെ വികസനത്തിലേക്ക് രാജ്യം മാറുമ്പോഴും പ്രകൃതിയേയും ചേർത്ത് നിർത്താന്‍ അദ്ദേഹം മറന്നില്ല.

1948 ല്‍ അലൈനിലെ അല്‍ മുവൈജിയിലാണ് അദ്ദേഹം ജനിച്ചത്. ഷെയ്ഖ് സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ മൂത്തമകനായി ജനനം. അല്‍ ഐന്‍, അല്‍ ബുറൈമി മേഖലകളിലെ ഭരണം നേരിട്ട് കണ്ട് മനസിലാക്കിയ ബാല്യം. സാധാരണക്കാരായ ജനങ്ങളുടെ ജീവിതവും ചര്യകളും മനസിലാക്കി മൂല്യങ്ങളില്‍ നിന്നുകൊണ്ട് ജനങ്ങളിലേക്ക് സേവനമെത്തിക്കുന്ന ഷെയ്ഖ് സയ്യീദ് തന്നെയായിരുന്നു ഷെയ്ഖ് ഖലീഫയുടെ മാതൃക. അദ്ദേഹത്തില്‍ നിന്നു പകർന്നു കിട്ടിയ വെളിച്ചം കൂടുതല്‍ തെളിച്ചത്തോടെ രാജ്യത്തിന് പകർന്നു നല്‍കി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍.

1966 ല്‍ അബുദബിയുടെയും കിഴക്കന്‍ പ്രവിശ്യകളുടെയും ഭരണാധികാരിയുടെ പ്രതിനിധിയായാണ് അദ്ദേഹം ഔദ്യോഗിക രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 1969 ല്‍ അബുദബിയുടെ കിരീടാവകാശിയായി. 1971 ജൂലൈ ഒന്നിന് അബുദബി പ്രധാനമന്ത്രിയും പ്രതിരോധ ധനകാര്യമന്ത്രിയുമായി സ്ഥാനമേറ്റെടുത്തു. രണ്ടാം യുഎഇ മന്ത്രിസഭയില്‍ ഉപ പ്രധാനമന്ത്രിയായത് 1974 ജനുവരി 20 ന്. യുഎഇ സായുധ സേന ഉപസർവ്വ സൈന്യാധിപനായത് 1976 ല്‍. 2004 നവംബർ മൂന്നിനാണ് യുഎഇയുടെ രാഷ്ട്രപതിയായി അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്.

രാജ്യത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ ശ്രദ്ധ ചെലുത്തി. സൈനിക പരിശീലന സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അത്യാധുനിക സൈനിക ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. 1981 ല്‍ അബുദബി ഡിപാർട്മെന്‍റ് ഓഫ് സോഷ്യല്‍ സർവ്വീസസ് ആന്‍റ് കൊമേഷ്യല്‍ ബില്‍ഡിംഗ് സ്ഥാപിച്ചു. അബുദബി സർക്കാരില്‍ നിരവധി ഉന്നത പദവികള്‍ അദ്ദേഹം വഹിച്ചു. രാജ്യത്തിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ജനങ്ങളുടെ അഭിവൃദ്ധിക്കായി നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. സുരക്ഷയും സുസ്ഥിരതയുമുളള രാജ്യത്തിന്‍റെ ഭാവിയിലേക്ക് നയിക്കുന്ന വഴിവിളക്കായി തുടരുമെന്ന് അദ്ദേഹം എപ്പോഴും ജനങ്ങളെ ഓർമ്മിപ്പിച്ചു.

ഭരണത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല സമൂഹത്തിന്‍റെ ദേശീയതയുടെ കാര്യത്തിലും നിലപാടുകളുണ്ടായിരുന്നു ഷെയ്ഖ് ഖലീഫയ്ക്ക്. ആറംഗ ഗള്‍ഫ് സഹകരണ കൗണ്‍സിലിനെ അദ്ദേഹം ശക്തമായി പിന്തുണച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയെന്നുളള രീതിയില്‍ മേഖലയിലെ നിർണായകമായ തീരുമാനമായിരുന്നു ഗള്‍ഫ് സഹകരണ കൗണ്‍സില്‍( ജിസിസി). അറബ് രാജ്യങ്ങളുമായി മാത്രമല്ല, ഏഷ്യയിലെയും യൂറോപ്പിലെയും ഭരണകർത്താക്കളുമായും രാജ്യങ്ങളുമായും സജീവമായ ബന്ധം അദ്ദേഹം സൂക്ഷിച്ചു. അന്താരാഷ്ട്ര തലത്തില്‍ ആവശ്യമുളളവർക്ക് സഹായം ചെയ്യുന്നതിനും ശക്തമായ പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. ലോകമെമ്പാടുമുളള 70 ലധികം രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന് കഴിഞ്ഞു.

ലോക നേതാക്കള്‍ക്ക് യുഎഇയില്‍ ആതിഥ്യമരുളിയും അടുത്ത സൗഹൃദം സ്ഥാപിച്ചും വിദേശനയങ്ങളില്‍ പുതിയ ഏടുകള്‍ എഴുതിചേർത്തു. യുഎഇ എന്ന കുഞ്ഞു രാജ്യം വളർച്ചയുടെ പടവുകള്‍ കുറഞ്ഞകാലത്തില്‍ ചവിട്ടികയറിയെങ്കില്‍ അതിന് മാർഗ്ഗദർശിയായ ഭരണകർത്താവിനെയാണ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ വിയോഗത്തോടെ നഷ്ടമാകുന്നത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT