നവംബർ രണ്ടിന് ആരംഭിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ നടന്‍ ജയസൂര്യയെത്തും. ഷാർജ എക്സ്പോ സെന്‍ററിലാണ് നവംബർ 13 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവം നടക്കുന്നത്. നൂറിലധികം രാജ്യങ്ങളില്‍ നിന്നുളള ഒട്ടനവധി പുസ്തകപ്രസാധകരും ഇക്കുറി മേളയിലെ സജീവ സാന്നിദ്ധ്യമാകും.
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയാണ് ഷാർജ അന്താരാഷ്ട്രപുസ്തകോത്സവം. ഇന്ത്യയിൽ നിന്ന് കലാസാഹിത്യരംഗങ്ങളിൽ നിന്നും സാമൂഹിക - സാംസ്കാരിക മേഖലകളിൽ നിന്നും പ്രമുഖർ ഇക്കുറിയും പുസ്കോത്സവത്തിനെത്തും.
ത്രില്ലറുകളിലൂടെ വായനക്കാരുടെ മനം കീഴടക്കിയ രവി സുബ്രമണ്യനും ,2022 ലെ ബുക്കർ പ്രൈസ് ജേതാവായ ഗീതാഞ്ജലി ശ്രീയും നവംബർ അഞ്ചിനാണ് പുസ്തകോത്സവ വേദിയിലെത്തുക.ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരനും ഇതര വൈദ്യശാസ്ത്ര അഭിഭാഷകനുമായ ദീപക് ചോപ്ര, നവംബർ ആറാം തീയതി പുസ്തകമേളയിൽ പങ്കെടുക്കും.യാത്രാ രചനകൾക്ക് പേരുകേട്ട ബ്രിട്ടീഷ് ഉപന്യാസകാരനും നോവലിസ്റ്റുമായ പികോ അയ്യർ നവംബർ ഒൻപതിന് പുസ്തകമേളയിൽ എത്തും.
നവംബർ പത്താം തിയതിയാണ് നടന്‍ ജയസൂര്യ പുസ്തകോത്സവ വേദിയിലെത്തുക.സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ് സെനിനൊപ്പമാണ് ജയസൂര്യയെത്തുക. പോപ് സംഗീതത്തിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭ ഉഷാഉതുപ്പ് പന്ത്രണ്ടാം തിയതി ആരാധരുമായി സംവദിക്കാനെത്തും.
മലയാളത്തില്‍ നിന്ന് ജിആർ ഇന്ദുഗോപന്‍ (നവംബർ അഞ്ച് ), സുനില്‍ പി ഇളയിടം ( നവംബർ ആറ്) ജോസഫ് അന്നംക്കുട്ടി (നവംബർ പന്ത്രണ്ട്)സി വി ബാലകൃഷ്ണൻ (നവംബർ (പതിമൂന്ന്)എന്നിവരും പുസ്തകമേളയില്‍ സാന്നിദ്ധ്യമറിയിക്കും.
രുചിക്കൂട്ടുകളുടെ രസമുകളുങ്ങളുമായി നാലാം തീയതി ഷെഫ് വിക്കി രത്‌നാനി , അഞ്ചാം തീയതി ഷെഫ് അർച്ചന ദോഷി , പതിനൊന്നാം തീയതി ഷെഫ് അനഹിത ധോണ്ടി എന്നിവരെത്തും.