Gulf

ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ ആറിന് ആരംഭിക്കും, ക്ഷണിക്കപ്പെട്ട കവികളില്‍ റഫീക്ക് അഹമ്മദും

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് നവംബർ ആറിന് തുടക്കം. 17 വരെ നീണ്ടുനില്ക്കുന്ന 43 മത് പുസ്തകോത്സവം ഷാർജ എക്സ്പോ സെന്‍ററിലാണ് നടക്കുന്നത്. "പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു" എന്നതാണ് ഇത്തവണത്തെ സന്ദേശം. മൊറോക്കോയാണ് അതിഥി രാജ്യം. 112 രാജ്യങ്ങളില്‍ നിന്നുളള 2520 പ്രസാധകർ ഭാഗമാകും. പുസ്തകോത്സവത്തിന്‍റെ ഭാഗമായി 400 എഴുത്തുകാർ അവരുടെ ഏറ്റവും പുതിയ കൃതികള്‍ കൈയ്യൊപ്പിട്ട് വായനക്കാ‍ർക്ക് നല്‍കും. ഇന്ത്യയില്‍ നിന്ന് 52 പ്രസാധകരാണ് ഇത്തവണയെത്തുന്നത്. യുഎഇയില്‍ നിന്ന് 234 പ്രസാധകും, ഈജിപ്തില്‍ നിന്ന് 17 പേരും ലെബനോനില്‍ നിന്ന് 88 പേരും യുകെയില്‍ നിന്ന് 81 പേരും ഭാഗമാകും. 63 രാജ്യങ്ങളില്‍ നിന്നുളള 250 അതിഥികളെത്തുന്ന മേളയില്‍ 1357 പരിപാടികളാണ് നടക്കുക. 600 വർക്ക് ഷോപ്പുകളുമുണ്ടാകും. ഷാ‍ർജയിലെ ബുക്ക് അതോറിറ്റി ഹെ‍ഡ്ക്വാർട്ടേഴ്സില്‍ നടന്ന വാർത്താസമ്മേളത്തിലാണ് അധികൃതർ ഇക്കാര്യം വിശദീകരിച്ചത്.

പുസ്തകമാണ് എല്ലാത്തിന്‍റെയും ഉറവിടം, മനുഷ്യന്‍റെ എല്ലാ നേട്ടങ്ങളുടെയും രേഖയെന്നതും പുസ്തകമാണ്. രാജ്യങ്ങളുടെ ചരിത്രങ്ങളും നേട്ടങ്ങളും സംരക്ഷിക്കുന്നതും പുസ്തങ്ങളാണെന്നും എസ് ബി എ സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു. പഠനത്തിലെയും വ്യക്തിഗത വളർച്ചയിലെയും ഓരോ സുപ്രധാന യാത്രയും ഒരു പുസ്തകത്തിൽ നിന്നാണ് ആരംഭിക്കുന്നത്. അറിവിന്‍റെ ലോകത്തേക്കുളള കവാടമാണ് പുസ്തകങ്ങള്‍. സമൂഹത്തിന്‍റെ പുരോഗതിയ്ക്ക് പുസ്തകങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷണിക്കപ്പെട്ട കവികളില്‍ റഫീക്ക് അഹമ്മദും

അറബ് അന്താരാഷ്ട്ര മേഖലകളില്‍ നിന്നുളള നിരവധി എഴുത്തുകാർ ഇത്തവണയും പുസ്തകോത്സവത്തിന്‍റെ ഭാഗമാകും. ക്ഷണിക്കപ്പെട്ട കവികളില്‍ മലയാളത്തില്‍ നിന്ന് റഫീക്ക് അഹമ്മദുമുണ്ട്.

14 രാജ്യങ്ങളില്‍ നിന്നുളള 49 പ്രാസംഗികരുള്‍പ്പടെ 134 അതിഥികളാണ് ഇത്തവണയെത്തുക. 17 അറബ് രാജ്യങ്ങളില്‍ നിന്ന് 45 അതിഥികളും 40 എമിറാത്തി പ്രാസംഗികരുമെത്തും. 2023 ലെ ബുക്കർ സമ്മാന ജേതാവായ ബള്‍ഗേറിയന്‍ കവി ഗോർഗി ഗോസ്പോഡിനോവ്,കനേഡിയൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ പ്രൊഫസർ ലോറന്‍സ് എം ക്രോസ് എന്നിവരും അതിഥികളായെത്തും. പാകിസ്ഥാന്‍ നോവലിസ്റ്റ് അംനാ മുഫ്തി, ബ്രിട്ടീഷ് എഴുത്തുകാന്‍ തഹീർ ഷാ, സൗത്ത് ആഫ്രിക്കന്‍ കവി ഇയാന്‍ എസ് തോമസ് തുടങ്ങിയവരും പുസ്തകോത്സവത്തിന്‍റെ ഭാഗമാകും.

പ്രീ ബുക്ക്ഡ് വർക്ക് ഷോപ്പുകള്‍

അറബികിലും ഇംഗ്ലീഷിലുമുളള വർക്ക് ഷോപ്പുകള്‍ക്ക് ഇത്തവണയുമുണ്ടാകും. നേരത്തെ ബുക്ക് ചെയ്യാമെന്നുളളതാണ് ഇത്തവണത്തെ പ്രത്യേകത. അറബിക് വർക്ക് ഷോപ്പുകള്‍ 3 ദിവസവും ഇംഗ്ലീഷ് വർക്ക് ഷോപ്പ് ഒരുദിവസവുമാണ് ഉണ്ടാവുക.

ത്രില്ലർ ഫെസ്റ്റിവല്‍

നവംബർ ഏഴുമുതല്‍ 10 വരെയാണ് ത്രില്ലർ ഫെസ്റ്റിവല്‍ നടക്കുക. ത്രില്ലർ ഫെസ്റ്റിവലിന്‍റെ മൂന്നാമത് എഡിഷനാണ് ഇത്തവണത്തേത്. ത്രില്ലറും ക്രൈം ഫിക്ഷനുമെഴുതിയ അന്താരാഷ്ട്ര എഴുത്തുകാരുമായി സംവദിക്കാനുളള അവസരവുമുണ്ടാകും. അഹമ്മദ് മൊറാദ്, അമീർ ആതെഫ്, യെഹിയ സഫ് വാത്ത്, സാദ് ആബെദ് അല്‍ ബദർ, മുഹമ്മദ് അല്‍ നാസർ, ജോണ്‍ ജെ നാന്‍സ്, ടെസ് ഗെരിറ്റ്സെന്‍ തുടങ്ങിയവർ ത്രില്ലർ ഫെസ്റ്റിവലിന്‍റെ ഭാഗമാകും.

600 വർക്ക് ഷോപ്പുകള്‍

കുട്ടികള്‍ക്കും മുതിർന്നവർക്കുമായി വിവിധ മേഖലകളിലായി 600 വർക്ക് ഷോപ്പുകളാണ് നടക്കുക. 105 കലാപരിപാടികളും ഇതോടനുബന്ധിച്ചുണ്ടാകും.

പാചകസെഷനുകള്‍

13 രാജ്യങ്ങളില്‍ നിന്നുളള 17 പാചക വിദഗ്ധർ പാചക സെഷനുകളില്‍ പുസ്തകോത്സവത്തിനെത്തുന്ന സന്ദർശകരുടെ രസമുകുളങ്ങള്‍ ദ്യോതിപ്പിക്കും. വിയറ്റ്നാം, ഒമാന്‍, സ്ലോവേനിയ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുളളവരാണ് അതിഥികള്‍.

സോഷ്യല്‍ മീഡിയ സ്റ്റേഷന്‍

വിവിധ വിഷയങ്ങളിലുളള വർക്ക് ഷോപ്പുകള്‍ സോഷ്യല്‍ മീഡിയ സ്റ്റേഷനുകളില്‍ നടക്കും. ഇന്‍ഫ്ലുവന്‍സേഴ്സുമായുളള പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുക സമൂഹമാധ്യങ്ങളില്‍ എഐ യുടെ സ്വാധീനം തുടങ്ങിയവയും സോഷ്യല്‍ മീഡിയ സ്റ്റേഷനില്‍ ചർച്ചയാകും.

പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ്

നവംബർ മൂന്നുമുതല്‍ അഞ്ചുവരെയാണ് പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ് നടക്കുക. 47 അന്താരാഷ്ട്ര പ്രാസംഗികർ ഉള്‍പ്പടെ 108 രാജ്യങ്ങളില്‍ നിന്നുളളവർ അതിഥികളായെത്തും. നവംബർ 9 ,10 ദിവസങ്ങളിലാണ് ലൈബ്രററി കോണ്‍ഫറന്‍സ് നടക്കുക.

എസ് ഐബിഎഫ് ജനറൽ കോ ഓർഡിനേറ്റർ കൗല അൽ മുജൈനി, യുഎഇയിലെ മൊറോക്കൻ സ്ഥാനപതി അഹമദ് അൽ താസി, ഷാർജ ബ്രോഡ് കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഹസ്സൻ ഖലാഫ്, അൽ മർവാൻ ഗ്രൂപ്പ് സിഇഒ മർവാൻ അൽ സൈം, മൻസൂർ അൽ ഹസനി എന്നിവരും പ്രസംഗിച്ചു. പ്രഫഷനൽ കോൺഫറൻസ് ജനറൽ കോ ഓർഡിനേറ്റർ മൻസൂർ അൽ ഹസനി, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

SCROLL FOR NEXT