ഷാർജ കുട്ടികളുടെ വായനോത്സവത്തിന്‍റെ ഭാഗമായി നടന്ന ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു. 8000 ലധികം പേരാണ് 5 ദിവസമായി നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ഇത് രണ്ടാം തവണയാണ് വായനോത്സവത്തിന്‍റെ ഭാഗമായി ഷാർജ ബുക്ക് അതോറിറ്റി ആനിമേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. 11 വർക്ക് ഷോപ്പുകളും 32 പ്രഭാഷണങ്ങളും കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടന്നു. 18 പാനല്‍ ചർച്ചകളിലും നിരവധി പേർ പങ്കെടുത്തു. ആനിമേഷന്‍ മേഖലയുടെ ഭാവി, സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. ഏറ്റവും പുതിയ ട്രെന്‍റഡുകളും സാങ്കേതിക വിദ്യകളും മനസിലാക്കാനും കോണ്‍ഫറന്‍സിലൂടെ സാധിച്ചു.
ലോകമെമ്പാടുമുള്ള ആനിമേഷൻ പ്രേമികൾ, പ്രസാധകർ, വ്യവസായ പ്രമുഖരും കോണ്‍ഫറന്‍സിന്‍റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖൗല അൽ മുജൈനി പറഞ്ഞു. ആനിമേഷന്‍ കോണ്‍ഫറന്‍സ് പുരസ്കാരം നേടിയവർക്ക് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി സമ്മാനിച്ചു. 9000 ദിർഹവും വാകോം ഡ്രോയിംഗ് ടാബ്ലൈറ്റും ആനിമേഷൻ ടൂൺ ബൂമിൻ്റെ "ഹാർമണി" സോഫ്റ്റ്‌വെയറിനുള്ള സോഫ്റ്റ് വേർ ലൈസന്‍സുമാണ് പിച്ച് പ്രൊജക്ട് പുരസ്കാത്തില്‍ ഒന്നാം സമ്മാനർഹനായ ബൗബക്കർ ബൗഖാരിക്ക് ലഭിച്ചത്. അബ്ദുൽ അസീസ് അൽ-റെഫായിയും റഗദ് ഒഡെയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ബുക്ക് ട്രെയിലർ പുരസ്കാരത്തില്‍ ബുദൂർ അൽമഹ്‌രി ഒന്നാം സ്ഥാനവുംസൈനബ് മബ്രൂക്ക് രണ്ടാം സ്ഥാനവും നേടി.
ദ ലയണ്‍ കിംഗിന്‍റെ 30 ആം വാർഷികമാഘോഷിക്കുന്ന വേളയില്‍ ഡിസ്നി സംവിധായകന്‍ ആന്‍ഡ്രിയാസ് ദേജ വായനോത്സവത്തിലെത്തിയിരുന്നു. നിരവധി പേരാണ് അദ്ദേഹത്തെ കേള്‍ക്കാനായി എത്തിയത്. സാങ്കേതിക വിദ്യയുടെ വളർച്ച ആനിമേഷന്‍ മേഖലയിലും വലിയ മാറ്റമാണുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ടൂൺ ബൂം ആനിമേഷൻ, വാകോം ടാബ്‌ലെറ്റുകൾ, മൈക്രോ-സ്റ്റാർ ഇൻ്റർനാഷണൽ കോ. ലിമിറ്റഡ് (എംഎസ്ഐ) എന്നിവരും സമാപന ചടങ്ങില്‍ എത്തിയിരുന്നു.