Gulf

ഇളവുകളും ആനുകൂല്യങ്ങളും ഉള്‍പ്പെടുത്തി 'നോല്‍ യാത്ര' കാർഡ് പുറത്തിറക്കി ദുബായ് ആ‍ർടിഎ

ഇളവുകളും ആനുകൂല്യങ്ങളും ഉള്‍പ്പെടുത്തി 'നോല്‍ യാത്ര' കാർഡ് പുറത്തിറക്കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. മെട്രോ ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രയ്ക്കും പാർക്കിംഗ് ഫീസ് അടയ്ക്കാനുമെല്ലാം ഉപയോഗപ്പെടുത്താവുന്ന പുതിയ നോല്‍ യാത്ര കാർഡില്‍ വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇളവുകളും നല്‍കുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകള്‍, വിനോദ സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ ഉള്‍പ്പടെ 10 മുതല്‍ 50 ശതമാനം വരെ ഇളവ് പുതിയ 'നോല്‍ യാത്ര' കാർഡില്‍ ലഭിക്കും. അല്‍ അന്‍സാരി എക്സ്ചേഞ്ച്, സൂം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂറോ കാർ,റയാന ടൂർസ് ഓഫീസ് തുടങ്ങിയ വിവിധ ഇടങ്ങളില്‍ പുതിയ നോല്‍ കാർഡില്‍ ഇളവകളും ആനുകൂല്യങ്ങളും ലഭ്യമാകുമെന്ന് ആർടിഎയിലെ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ മുഹമ്മദ് അൽ മുദർറെബ് പറഞ്ഞു. 2023 ല്‍ 2 കോടിയിലേറെ സന്ദർശകരാണ് യുഎഇയിലെത്തിയത്. സന്ദർശകരും താമസക്കാരും സ്വദേശികളും ഉള്‍പ്പെടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ഒരു കാർഡിലൂടെ നിറവേറ്റുകയെന്നുളളതാണ് പുതിയ നോല്‍കാർഡിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ദുബായില്‍ 50 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് നോല്‍ കാർഡിനുളളത്. ദിവസേന 30 ലക്ഷത്തിലധികം ഇടപാടുകളും നോല്‍കാർഡിലൂടെ നടക്കുന്നു.

നിലവില്‍ ഫിസിക്കല്‍ കാർഡാണെങ്കിലും ഭാവിയില്‍ ഡിജിറ്റല്‍ കാർഡിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലാണെന്ന് ഓട്ടോമേറ്റഡ് കളക്ഷൻ സിസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ സലാഹൽദീൻ അൽമർസൂഖി അറിയിച്ചു. നിലവില്‍ റസ്റ്ററന്‍റുകള്‍ ഉള്‍പ്പടെയുളള വിവിധ സ്ഥലങ്ങളിലെ ഏകദേശം 70,000 ദിർഹത്തിന്‍റെ 100-ലധികം പ്രമോഷനുകളില്‍ നോല്‍കാർഡ് ഉപയോഗിക്കാനാകും. 65 ഔട്ട്ലെറ്റുകളിലെ 50 ലധികം ബ്രാന്‍ഡുകള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെയാണ് പ്രമോഷനുകളില്‍ ഇളവ് ലഭിക്കുക. എമാർ അറ്റ് ദ ടോപ്, നഖീല്‍ ദ വ്യൂ, പാം ജുമൈറ, ബാബ് അല്‍ ഖസർ ഹോട്ടല്‍ റസ്റ്ററന്‍റുകള്‍, സ്വിസ് ഹോട്ടല്‍, ദുബായ് ലേഡീസ് ക്ലബ്, ഹെല്‍ത്ത് ഫസ്റ്റ് ഫാർമസീസ്, ജീ ഷോക്ക് വാച്ചസ്, ഷറഫ് റീടെയ്ല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഭാവിയില്‍ കൂടുതല്‍ പേർ നോല്‍ ഉദ്യമത്തില്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഡിഎക്‌സ് സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ അമർ അബ്ദുൽസമദ് പറഞ്ഞു.

200 ദിർഹമാണ് നോല്‍ യാത്ര കാർഡിന്‍റെ വില. 19 ദിർഹമാണ് ബാലന്‍സുണ്ടാവുക. വർഷാവസാനം 150 ദിർഹത്തിന് പുതുക്കാം. നിലവില്‍ നോല്‍ കാർഡ് ഉപയോഗിക്കുന്നവർക്ക്, ആ കാർഡ് പുതിയ നോല്‍ യാത്ര കാർഡിലേക്ക് മാറ്റാന്‍ സാധിക്കില്ല. എന്നാല്‍ അധികം വൈകാതെ ഈ സൗകര്യം നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്നും ആർടിഎ അധികൃതർ അറിയിച്ചു.

ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും

വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്

എന്റെ ആദ്യ സിനിമയിലെയും ആദ്യ തിരക്കഥയിലെയും ആദ്യ നായകൻ; ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിയെക്കുറിച്ച് ലാൽ ജോസ്

'താൻ എന്താ എന്നെ കളിയാക്കാൻ വേണ്ടി സിനിമയെടുക്കുകയാണോ എന്നാണ് മമ്മൂക്ക ആദ്യം ശ്രീനിവാസനോട് ചോദിച്ചത്'; കമൽ

അഭിനേതാക്കൾക്ക് തുല്യവേതനം അപ്രായോഗികം; മുഖ്യമന്ത്രിക്ക് കത്തെഴുതി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കത്തിന്റെ പൂർണ്ണ രൂപം

SCROLL FOR NEXT