നോല്‍ കാർഡ് കൂടുതല്‍ സേവനങ്ങള്‍ക്കും ചെറുകിട ഔട്ട് ലെറ്റുകളിലും ഉപയോഗിക്കാന്‍ ആകുന്ന നടപടിയുമായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. വണ്‍ പ്രിപേ കമ്പനിയുമായി സഹകരിച്ചാണ് നോല്‍ കാർഡ് സ്വീകരിക്കാന്‍ അവസരം ഒരുക്കിയിട്ടുളളത്. അടുത്ത വർഷത്തോടെ 8000 മെട്രോ പേ ഔട്ട്ലെറ്റുകളില്‍ നോല്‍കാർഡ് സ്വീകരിക്കും. നിലവില്‍ 14,000 ഔട്ട് ലെറ്റുകളിലാണ് നോല്‍ കാർഡിലൂടെ ഇടപാടുകള്‍ സാധ്യമാകുന്നത്. വൺപ്രിപേയുമായി ധാരണയായതോടെ ഇത് 2025ഓടെ 22,000 ഔട്ട്ലെറ്റുകളായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന രീതിയില്‍ നോല്‍ സേവനം മെച്ചപ്പെടുത്തുകയെന്നുളളതാണ് ലക്ഷ്യമെന്ന് ആർടിഎ ഓട്ടോമേറ്റഡ് കലക്ഷന്‍ സിസ്റ്റം ഡയറക്ടർ അമാനി അല്‍ മുഹൈരി പറഞ്ഞു. നിലവില്‍ ആർടിഎയ്ക്ക് കീഴിലെ മെട്രോ, ബസ്, ട്രാം, ഗതാഗത സംവിധാനങ്ങള്‍ക്ക് നോല്‍ കാർഡ് ഉപയോഗിക്കാം. വാണിജ്യസ്ഥാപനങ്ങള്‍ക്ക് പുറമെ, ഇത്തിഹാദ് മ്യൂസിയം, ദുബായ് മുനിസിപ്പാലിറ്റിക്ക് കീഴിലെ പൊതു പാർക്കുകള്‍ എന്നിവയില്‍ പ്രവേശിക്കാനും നോല്‍കാർഡ് ഉപയോഗിക്കാം.കഴിഞ്ഞ മാസം മുതല്‍ മോണോറെയിലിലും നോല്‍കാർഡ് ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.