Gulf

റോഷാക്ക് സഞ്ചരിച്ചത് വേറിട്ടപാതയിലൂടെ, സിനിമയെ സൂക്ഷ്മവിശകലനം നടത്തിയുളള പ്രേക്ഷകപ്രതികരണങ്ങള്‍ സന്തോഷം നല്‍കി, മമ്മൂട്ടി

റോഷാക്ക് ഒരു പരീക്ഷണ സിനിമയാണെന്ന് മമ്മൂട്ടി. എല്ലാ സിനിമകളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പരീക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ റോഷാക്കിന്‍റേത് വേറിട്ട സഞ്ചാരപാതയാണ്. ആ വ്യത്യസ്തതയ്ക്ക് പ്രേക്ഷകർ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് നല്‍കിയത്. സിനിമയെ സൂക്ഷ്മവിശകലനം നടത്തിയുളള പ്രതികരണങ്ങള്‍ സന്തോഷം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

നിസാം ബഷീറിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ റോഷാക്ക് മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരവെ സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട ദുബായ് ദേര സിറ്റി സെന്‍ററില്‍ നടത്തിയ വാ‍ർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സിനിമയും ഓരോ തരത്തില്‍ പരീക്ഷണങ്ങളാണ്. റോഷാക്കിന്‍റെ ആവിഷ്കാര രീതി വ്യത്യസ്തമാണ്. നിങ്ങളെന്‍റെ കൂടെ നില്‍ക്കൂ, കൈയ്യടിച്ച് മുന്നോട്ടുപോകാമെന്നും മമ്മൂട്ടി പറഞ്ഞു.

മനുഷ്യരിലെല്ലാവരിലും നന്മയും തിന്മയുമുണ്ട്. നമ്മള്‍ കാണാത്ത നിഗൂഢതകള്‍ എല്ലാവരിലുമുണ്ട്. സമൂഹത്തിലും. അത് സിനിമകളിലും പ്രതിഫലിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. മനുഷ്യ‍ർ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം അവരുടേതായ നീതിയും ന്യായവും ഉണ്ടാകും, ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്കുമുണ്ട്.റോഷാക്ക് ഒരു തവണ കണ്ടിട്ട് മനസിലാകാതെ രണ്ടാം വട്ടം കണ്ടവരുണ്ട്. മനപ്പൂർവ്വമുണ്ടാക്കിയ ദുരൂഹതയല്ല, മറിച്ച് പ്രേക്ഷകന്‍റെ ശ്രദ്ധ തെറ്റിപ്പോയാല്‍ വിട്ടുപോയേക്കാവുന്ന ചില ബന്ധങ്ങള്‍ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ആദ്യ തവണ കണ്ടിട്ട് മനസിലായില്ലെന്ന് പറയുന്നവരോട് ഒരു തവണകൂടി കാണൂവെന്നാണ് പറയുന്നത്. ഒന്നില്‍ കൂടുതല്‍ തവണ കാണുമ്പോള്‍ കൂടുതല്‍ സിനിമയെ മനസിലാക്കാന്‍ കഴിയും. ചില പാട്ടുകള്‍ കൂടുതല്‍ കേള്‍ക്കുമ്പോള്‍ ഇഷ്ടപ്പെടുന്നതുപോലെ. പ്രേക്ഷകരാണ് സിനിമയെ നി‍ലനി‍ർത്തുന്നത്. മാറ്റങ്ങളിലൂടെ സിനിമ കടന്നുപോകുന്നുണ്ടെങ്കില്‍ അത് പ്രേക്ഷകരുടെ കൂടെ മാറ്റമാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

മുഖം മറച്ചുളള ആസിഫലിയുടെ അഭിനയത്തെ കുറിച്ചും മമ്മൂട്ടി പ്രതികരിച്ചു.ആസിഫലിയോട് ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് നിറഞ്ഞസ്നേഹം മാത്രമാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് പ്രധാനം.ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ ഈ മുഖം കാണിച്ച് അഭിനയിച്ചവരേക്കാള്‍ റെസ്പെക്ട് ചെയ്യണം.അയാള്‍ക്കൊരു കൈയ്യടി വേറെ കൊടുക്കണം.മനുഷ്യന്‍റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവയമാണ് കണ്ണ്. ആസിഫലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ചുനോക്കണമെന്നും അദ്ദേഹം പറഞ്ഞു.

നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഗ്രേസ് ആന്‍റണി പറഞ്ഞു. ചെയ്യാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ തേടിവരുന്നുവെന്നതില്‍ അഭിമാനമുണ്ട്. മാറ്റങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ആ മാറ്റം നമ്മളിലൂടെയാകുന്നതില്‍ സന്തോഷമുണ്ടെന്നും ഗ്രേസ് പ്രതികരിച്ചു.ആദ്യമായാണ് മമ്മൂക്കയുടെ കൂടെ അഭിനയിച്ചത്.അദ്ദേഹത്തോടൊപ്പം ഫൈറ്റ് സീനിലും അഭിനയിച്ചു. അതില്‍ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീനും പറഞ്ഞു. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയർമാന്‍ അബ്ദുള്‍ സമദ്, ജോർജ്ജ് എന്നിവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT