ജെ കെ റൗളിംഗ് ഒപ്പുവച്ച ഹാരിപോർട്ടർ പുസ്തകത്തിന്‍റെ അപൂർവ്വ ആദ്യപതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നിന്ന് വാങ്ങാം. 50,000 ദിർഹം അതായത് 11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപയാണ് വില. സെന്‍സൂറ റെയർ ബുക്സിലാണ് പുസ്തകമുളളത്. ഷാർജ പുസ്തകമേളയിലെ ഏറ്റവും വിലയുളള നോവലായിരിക്കും ഇതെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്‍സൂറ റെയർ ബുക്സ് ഉടമ അലെക്സ് വാറെന്‍ പറയുന്നു.
ഹാരിപോർട്ടർ കൂടാതെ വിവിധ പുസ്തകങ്ങളുടെ ആദ്യ പതിപ്പുകളും എഴുത്തുകാർ ഒപ്പിട്ട അപൂർവ്വ പ്രതികളും ബുക്സ്റ്റാളില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. ഹാരിപോർട്ടർ ഷാർജയിലെ ഹാളില്‍ പ്രദർശിപ്പിച്ചിട്ടില്ലെങ്കിലും സെന്‍സൂറ ബുക്സിന്‍റെ ദുബായ് കേന്ദ്രത്തില്‍ പുസ്തകം ലഭ്യമാണെന്നും വില 50,000 ദിർഹമാണെന്നും സെന്‍സൂറ റേയർ ബുക്സ് പ്രതിനിധി അലി അലി അല്‍ ബ്ലൂഷി പറഞ്ഞു. 1948 ല്‍ പുറത്തിറങ്ങിയ അന്ധ എഴുത്തുകാരന്‍ താഹാ ഹുസൈന്‍റെ അല്‍ അയം പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയായ അപൂർവ്വ പുസ്തകം ദ സ്ട്രീം ഓഫ് ഡെയ്സ് എന്ന പുസ്തകത്തിന് 47,000 ദിർഹമാണ് വില (ഏകദേശം 10 ലക്ഷം ഇന്ത്യന്‍ രൂപ).
പൗലോ കെയ്ലോയുടെ 1983 ലിറങ്ങിയ ആദ്യഎഡിഷന്‍ പുസ്തകത്തിന്‍റെ വില 1950 ദിർഹമാണ്. 1959 ലെ അഗത ക്രിസ്റ്റിയുടെ പുസ്തകം 1050 ദിർഹത്തിനും 1997 ലെ ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്ക്സിന്‍റെ ആദ്യകോപ്പി 550 ദിർഹത്തിനും ലഭിക്കും.ഇത്തരത്തില്‍ ചരിത്രത്തിന്‍റെ ഭാഗമാകുന്ന പുസ്തകങ്ങള്‍ക്ക് പണത്തേക്കാള്‍ മൂല്യം കാണുന്ന നിരവധിപേരുണ്ടെന്നും അലെക്സ് വാറെന്‍ അഭിപ്രായപ്പെട്ടു. 1945 -50 കാലഘട്ടത്തില്‍ അറേബ്യന്‍ മണ്ണിലൂടെ സഞ്ചരിച്ച് അനുഭവങ്ങള്‍ രേഖപ്പെടുത്തി വില്‍ഫ്രഡ് തേസിഗറിന്‍റെ അറേബ്യന്‍ സാന്‍ഡ്സിന് 2100 ദിർഹമാണ് വില.