യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാള്‍സ് മൂന്നാമന്‍ രാജാവുമായി കൂടികാഴ്ച നടത്തി. ബക്കിം ഹാം കൊട്ടാരത്തില്‍ വച്ചായിരുന്നു ഇരുവരും കൂടികാഴ്ച നടത്തിയത്. എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഭരണാധികാരികള്‍ എത്തിയിട്ടുണ്ട്.
രാജ്ഞിയുടെ വിയോഗത്തില്‍ ചാള്‍സ് രാജാവിനോട് നേരിട്ട് ദുഖം രേഖപ്പെടുത്തിയ ഷെയ്ഖ് മുഹമ്മദ് യുഎഇയും യുകെയും തമ്മിലുളള നയതന്ത്ര ബന്ധത്തില്‍ രാജ്ഞി വഹിച്ച പങ്ക് നിർണായകമായിരുന്നുവെന്ന് അനുസ്മരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധവും, പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ, സമാധാനം എന്നിവ ശക്തിപ്പെടുത്തുന്നതിനും ചരിത്രപരമായ ബന്ധം കൂടുതല്‍ ആഴത്തിലും ശക്തമായും വളരുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 8 നാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. രാജ്ഞിയോടുളള ബഹുമാനാർത്ഥം യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് പതാക പകുതി താഴ്ത്തിക്കെട്ടുകയും രാജ്ഞിയോടുളള ആദരസൂചകമായി ബുർജ് ഖലീഫയിലുള്‍പ്പടെ അനുശോചന സന്ദേശങ്ങള്‍ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.