സ്കൂള്‍ ബസില്‍ ശ്വാസം മുട്ടിമരിച്ച മിന്‍സയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ ഖത്തർ വിദ്യാഭ്യാസ മന്ത്രിയെത്തി. കഴിഞ്ഞ ദിവസമാണ് നാലുവയസുകാരി മിന്‍സ മരിയം ജേക്കബ് സ്കൂളിലേക്കുളള യാത്രയ്ക്കിടെ ബസില്‍ ഉറങ്ങിപ്പോവുകയും ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍ പെടാതെ നാലുമണിക്കൂറോളം ബസില്‍ ഒറ്റപ്പെടുകയും ചെയ്തത്. അല്‍ വക്രയിലെ കിന്‍റർഗാർഡിലാണ് മിന്‍സ പഠിച്ചിരുന്നത്. കുഞ്ഞ് ഉറങ്ങിപ്പോയത് അറിയാതെ ബസ് ലോക്ക് ചെയ്ത് പുറത്തേക്ക് പോയ ഡ്രൈവറും ജീവനക്കാരും നാല് മണിക്കൂറിന് ശേഷം തിരികെയെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം ഖത്തർ വിദ്യാഭ്യാസമന്ത്രി ബുത്തീന അല്‍ നുഐമി മിന്‍സയുടെ മാതാപിതാക്കളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ ഖത്തർ വിദ്യാഭ്യാസമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മിന്‍സയുടെ മരണത്തിന് ഉത്തരവാദികളായവർക്ക് കർശന ശിക്ഷ നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം ഡ്രൈവറുള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.