രണ്ട് ഐഫല്‍ ടവർ പണിയാന്‍ ആവശ്യമായ സ്റ്റീല്‍, 62 ഒളിമ്പിക്സ് നീന്തല്‍കുളങ്ങള്‍ നിർമ്മിക്കുന്നതിന് തുല്യമായി വരുന്ന ഷീറ്റുകള്‍ ഉപയോഗിച്ചുളള മേല്‍ക്കൂര, ദുബായിലെ 15 മിനിറ്റ് നഗരമാകാന്‍ ഒരുങ്ങുന്നഎക്സ്പോ സിറ്റിയിലെ ദുബായ് എക്സിബിഷന്‍ സെന്‍റർ മുഖം മിനുക്കുകയാണ്. ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതോടെ ദുബായുടെ മുഖമായി മാറും എക്സ്പോ സിറ്റി.
നിലവില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് ജൈടെക്സ്, അറബ് ഫൂഡ്, ഗള്‍ഫ് ഫൂഡ് ഉള്‍പ്പടെയുളള പ്രധാനപ്പെട്ട പ്രദർശങ്ങളെല്ലാം നടക്കുന്നത്. ഇതെല്ലാം, എക്സ്പോ സിറ്റിയിലെ ദുബായ് എക്സിബിഷന്‍ സെന്‍ററിലേക്ക് ചുവടുമാറ്റും. 20 പരിപാടികള്‍ ഒരേ സമയം നടത്താന്‍ തക്ക വലിപ്പമുളളതാകും എക്സിബിഷന്‍ സെന്‍റർ.80,000 ചതുരശ്ര മീറ്റർ പ്രദർശന സ്ഥലത്തോടു കൂടിയ 1.2 കിലോമീറ്റർ വിസ്തൃതിയിലുളള വലിയ ഹാളുകള്‍ ഉള്‍പ്പടെയാണ് ഇത്.
രണ്ട് ഈഫൽ ടവറുകളുടെ ഭാരത്തിന് തുല്യമായ 14,000 ടൺ സ്ട്രക്ചറൽ സ്റ്റീല്‍ ഉപയോഗിച്ചുളള നിർമ്മാണമാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടത്തില്‍ 64,000 ചതുരശ്രമീറ്ററിലുളള സ്ഥിരമായ പ്രദർശനഹാളുകളും 30,000 ചതുരശ്ര മീറ്റർ താൽക്കാലിക പ്രദർശനഹാളുകളുമുണ്ടാകും.ഇത് നിലവിലുളള 46,000 ചതുരശ്രമീറ്ററിലേക്ക് ചേർക്കും. 2026 ഓടെ വിപുലീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പ്രതിദിനം 50,000 ആളുകളെ വഹിക്കാന്‍ ശേഷിയുളളതാകും ദുബായ് എക്സിബിഷന്‍ സെന്‍ററർ.
കഴിഞ്ഞ 45 വർഷത്തിനിടെ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍റർ 6000 അന്താരാഷ്ട്ര പ്രദർശകരെ സ്വീകരിച്ചു. 3,80,00,000 സന്ദർശകരെത്തി. ദുബായുടെ സമ്പദ് വ്യവസ്ഥയില്‍ 248 കോടി ദിർഹമാണ് നല്‍കിയത്. വർഷത്തില്‍300 മുതല്‍ 600 വരെ പരിപാടികള്‍ നടത്താനാണ് ദുബായ് എക്സിബിഷന്‍ സെന്‍റർ ലക്ഷ്യമിടുന്നത്. മൂന്നിരട്ടിയിലധികം സാമ്പത്തിക നേട്ടവും ഡി ഇ സി കണക്കുകൂട്ടുന്നു. 2040 അർബന്‍ മാസ്റ്റർ പ്ലാന്‍ പൂർത്തിയാകുന്നതോടെ ദുബായുടെ ചടുല സിരാകേന്ദ്രമായി എക്സ്പോ സിറ്റി മാറും.