ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ. തിങ്കളാഴ്ച വൈകുന്നേരം തുടങ്ങിയ മഴ ഇന്ന് ഉച്ചവരെ തുടർന്നു. താഴ്വരകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് താമസക്കാരോട് നേരത്തെ തന്നെ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നോർത്ത് അല്‍ ബത്തീന, മുസന്‍റം,അല്‍ ദഹീര എന്നിവിടങ്ങളില്‍ അതിശക്തമഴയാണ് പെയ്തത്. പലയിടങ്ങളിലും വെളളപ്പൊക്കമുണ്ടായി.നോർത്ത് അല്‍ ശർഖിയയില്‍ സാമാന്യം ഭേദപ്പെട്ട മഴ പെയ്തു. അല്‍ ബുറൈമിയില്‍ ഇടിയും മിന്നലോടും കൂടിയ മഴയാണ് ലഭിച്ചത്.
കനത്ത മഴയെ തുടർന്ന് ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വയില്‍ വാദിയില്‍ കുടുങ്ങിയ സ്ത്രീയെ അധികൃതർ രക്ഷപ്പെടുത്തി. ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തില്‍ വാഹനവുമായി വാദിയില്‍ കുടുങ്ങിയ നാലംഗ സംഘത്തെയും രക്ഷപ്പെടുത്തി.
ബുധനാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴയെ തുടർന്ന് മുസന്‍റം, നോർത്ത് ബത്തിന, ബുറൈമി, ദാഹിറ ഗവർണറേറ്റുകളിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളുകള്‍ക്കും ചൊവ്വാഴ്ച അവധി നല്കിയിരുന്നു. അംഗപരിമിതരുടെ പുനരധിവാസ കേന്ദ്രങ്ങളിലെ ജോലികൾ സാമൂഹിക വികസന മന്ത്രാലയം താല്‍ക്കാലികമായി നിർത്തിയിരുന്നു. അതേസമയം കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.