Gulf

ഒരുതവണയെടുത്താല്‍ ഒന്നിലധികം തവണയെത്താം, യുഎഇയിലെ വിസ പരിഷ്കാരങ്ങളിലെ സമഗ്രമാറ്റം അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍

യുഎഇയിലെ വിസാ രീതികളില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരും. വിപൂലീകരിച്ച ഗോള്‍ഡന്‍ വിസയും ഗ്രീന്‍ വിസ സ്കീം മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുമുള്‍പ്പടെ വിസാ രീതികളില്‍ സമഗ്രമായ മാറ്റമാണ് യുഎഇ നടപ്പില്‍ വരുത്തുന്നത്. യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനുമായി എത്തിയ പ്രവാസികള്‍ക്കും സന്ദർശകർക്കും പുതിയ വിസാരീതികള്‍ ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. യുഎഇയിൽ ദീർഘകാലം താമസിക്കണമെന്ന് ആഗ്രഹിക്കുന്ന വിദേശികൾക്കും ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും നിക്ഷേപ സൗഹൃദ രാജ്യമാക്കി യുഎഇയെ മാറ്റുകയെന്നുളള ലക്ഷ്യത്തോടെയാണ് പുതിയ രീതികള്‍ നടപ്പിലാക്കുന്നത്. ഏപ്രിൽ പകുതിയോടെയാണ് യുഎഇ തീരുമാനം പ്രഖ്യാപിച്ചത്. യുഎഇ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 90 ദിവസത്തിന് ശേഷം പ്രവേശന, താമസ നിയമങ്ങളുമായി ബന്ധപ്പെട്ട ഈ പുതിയ നിർദ്ദേശങ്ങളെല്ലാം പ്രാബല്യത്തിലാകും.

പുതിയ വിസകളും ആനുകൂല്യങ്ങളും

മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ

പുതിയ അഞ്ച് വർഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് സ്പോണ്‍സറുടെ ആവശ്യമില്ല. 90 ദിവസം വരെ യുഎഇയില്‍ താമസിക്കാം. 90 ദിവസത്തേക്ക് നീട്ടിയെടുക്കുകയും ചെയ്യാം.അതായത് പരമാവധി 180 ദിവസത്തോളം ഈ വിസയില്‍ യുഎഇയില്‍ താമസിക്കാനാകും. ആറ് മാസത്തിനുള്ളിൽ അപേക്ഷകന് 4,000 ഡോളർ (ദിർഹം 14,700) അല്ലെങ്കിൽ വിദേശ കറൻസികളിൽ അതിന് തുല്യമായ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണമെന്നുളളതാണ് നിബന്ധന.

ബിസിനസ് വിസ: നിക്ഷേപകർക്കും സംരംഭകർക്കും ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ലാതെ ഒരു ബിസിനസ് വിസയ്ക്ക് അപേക്ഷിക്കാം.

ബന്ധുക്കളെ/സുഹൃത്തുക്കളെ സന്ദർശിക്കാനുള്ള വിസ: ഒരു വിദേശിയ്ക്ക് അവൻ/അവൾ യുഎഇ പൗരന്‍റേയോ താമസക്കാരന്‍റെയോ ബന്ധുവോ സുഹൃത്തോ ആണെങ്കിൽ ഈ വിസയ്ക്ക് അപേക്ഷിക്കാം. ഇതിന് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല.

താത്കാലിക തൊഴിൽ വിസ: പ്രൊബേഷൻ ടെസ്റ്റിംഗ് അല്ലെങ്കിൽ പ്രോജക്ട് അധിഷ്ഠിത ജോലി പോലെയുള്ള താൽക്കാലിക തൊഴിൽ നിയമനം ഉള്ളവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ താത്കാലിക തൊഴിൽ കരാറോ ഒരു കത്തോ സമർപ്പിക്കമെന്നതാണ് നിബന്ധന.

പഠന/പരിശീലനത്തിനുള്ള വിസ: പരിശീലനം, പഠന കോഴ്സുകൾ, ഇന്‍റേണ്‍ ഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളെയോ വിദ്യാർത്ഥികളെയോ ലക്ഷ്യമിട്ടുള്ളതാണ് ഈ വിസ. പൊതു-സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾക്ക് ഈ വിസ സ്പോൺസർ ചെയ്യാവുന്നതാണ്. പഠനത്തിന്‍റെയോ പരിശീലനത്തിന്‍റേയോ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിന്‍റെയും അതിന്‍റെ കാലാവധിയുടെയും വിശദാംശങ്ങൾ വ്യക്തമാക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള ഒരു കത്ത് നിർബന്ധം.

ഫാമിലി വിസ: നേരത്തെ മാതാപിതാക്കൾക്ക് 18 വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമേ സ്പോൺസർ ചെയ്യാൻ കഴിയൂവെന്നുളളതായിരുന്നു നിയമമെങ്കില്‍ ഇപ്പോൾ ആൺ കുട്ടികൾക്ക് 25 വയസ്സാകുന്നതുവരെ സ്പോൺസർ ചെയ്യാം. വികലാംഗരായ കുട്ടികൾക്കും പ്രത്യേക പെർമിറ്റ് ലഭിക്കും, അവിവാഹിതരായ പെൺമക്കളെ അനിശ്ചിതകാലത്തേക്ക് സ്പോൺസർ ചെയ്യാമെന്നുളളതും കുടുംബങ്ങള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനമാണ്.

തൊഴിൽ വിസ: തൊഴിലന്വേഷകർക്ക് യുഎഇയിലെ അവസരങ്ങൾ അടുത്തറിയാൻ ഈ പുതിയ വിസ പ്രയോജനപ്പെടുത്താം. ഈ വിസയ്ക്ക് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല, കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച 500 സർവ്വകലാശാലകളിൽ നിന്നുള്ള ബാച്ചിലേഴ്സ് ഡിഗ്രി ഹോൾഡർമാർക്കോ അതിന് തുല്യമായ പുതിയ ബിരുദധാരികൾക്കും അതുപോലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്‍റെ വിലയിരുത്തലില്‍ ഒന്നാമത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ വിദ്യാഭ്യാസ നൈപുണ്യ തലങ്ങളിൽ തരംതിരിച്ചിട്ടുള്ളവർക്കും ഈ വിസ അനുവദിക്കും.

ഗ്രീൻ വിസ: ഈ അഞ്ച് വർഷത്തെ വിസ ഉടമകൾക്ക് ഒരു സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ കുടുംബത്തെ കൊണ്ടുവരാൻ അനുവദിക്കുന്നു. വൈദഗ്ധ്യമുള്ള തൊഴിലാളികൾ, സ്വയം തൊഴിൽ ദാതാക്കൾ, ഫ്രീലാൻസർമാർ തുടങ്ങിയവർക്കായി ഈ വിസ ലഭ്യമാണ്. ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യമോ കൂടാതെ 15,000 ദിർഹം ശമ്പളവും അനിവാര്യമാണ്.

ഗോൾഡൻ വിസകൾ: ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തെ മികച്ച ജീവിത നിലവാരം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന നിരവധി പ്രൊഫഷണൽ വിഭാഗങ്ങൾക്കും നിക്ഷേപകർക്കുമായി യുഎഇ ഗോൾഡൻ വിസ പ്രഖ്യാപിച്ചു. വ്യത്യസ്ത വിഭാഗങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ നല‍്കുന്നുണ്ട്. ഗോള്‍ഡന്‍ വിസ യുഎഇയില്‍ പ്രാബല്യത്തില്‍ വന്നുവെങ്കിലും അതിലെ വിപൂലീകരണം അടുത്തമാസത്തോടെ പ്രാബല്യത്തിലാകും. റിയല്‍ എസ്റ്റേറ്റ്, സ്റ്റാട്ട്അപ്പുകള്‍,ശാസ്ത്രജ്ഞർ,കല, സംസ്‌കാരം, ഡിജിറ്റൽ ടെക്‌നോളജി, സ്‌പോർട്‌സ്, ഇന്നൊവേഷൻ, മെഡിസിൻ, നിയമം എന്നീ മേഖലകളിൽ അസാധാരണ പ്രതിഭയുളളവർ, വിദഗ്ധതൊഴിലാളികള്‍ തുടങ്ങിയ മേഖലകളിലുളളവർക്ക് നിബന്ധനകള്‍ പാലിക്കുന്നുണ്ടെങ്കില്‍ വിസയ്ക്ക് അപേക്ഷിക്കാം.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT