ഡ്രൈവിങ്ങിനിടെയുളള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ദുബായ് പോലീസ്. റോഡ് അപകടങ്ങള്‍ കുറച്ച് സുരക്ഷ ഉറപ്പുവരുത്തുകയെന്നുളള ലക്ഷ്യത്തോടെയാണ് പുതിയ നിർദ്ദേശങ്ങള്‍ ദുബായില്‍ നടപ്പിലാക്കുന്നത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മുന്നിലുളള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 400 മുതല്‍ 1000 ദിർഹം വരെയാണ് പിഴ,കൂടാതെ ബ്ലാക്ക് പോയിന്‍റുമുണ്ട്. ഇതിന് പുറമെയാണ് വാഹനം കണ്ടുകെട്ടുന്നതടക്കമുളള നടപടികളിലേക്ക് കൂടി ദുബായ് പോലീസ് കടക്കുന്നത്.
വാഹനം കണ്ടുകെട്ടുന്നതടക്കമുളള നടപടികളിലേക്ക് നയിക്കാവുന്ന ഗതാഗത നിയമലംഘനങ്ങള്‍ ഇവയാണ്:
വാഹനമോടിക്കുമ്പോള്‍ റോഡിലുളളവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തില്‍ വാഹനം വ്യതിചലിപ്പിച്ചാല്‍ 30 ദിവസം വരെ വാഹനം കണ്ടുകെട്ടും.
മുന്നിലുളള വാഹനത്തില്‍ നിന്ന് സുരക്ഷിത അകലം പാലിച്ചില്ലെങ്കില്‍ 30 ദിവസം വരെ വാഹനം കണ്ടുകെട്ടും
വാഹനമോടിക്കമുമ്പോള്‍ മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ശ്രദ്ധതെറ്റുന്ന രീതിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം 30 ദിവസം വരെ വാഹനം കണ്ടുകെട്ടുന്നതിന് ഇടയാക്കാം.
ഹെവി വാഹനങ്ങള്‍ റോഡ് അച്ചടക്കം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ (ലൈന്‍ മാറുന്നത് ഉള്‍പ്പെടെ) 30 ദിവസം വരെ വാഹനം കണ്ടുകെട്ടാം
റോഡ് ക്ലിയറാണെന്ന് ഉറപ്പാക്കാതെ പ്രവേശിച്ചാല്‍ 14 ദിവസം വരെ വാഹനം കണ്ടുകെട്ടും.
റോഡ് അച്ചടക്കം പാലിച്ചില്ലെങ്കില്‍ 14 ദിവസം വാഹനം കണ്ടുകെട്ടാം.
കൃത്യമായ കാരണങ്ങളില്ലാതെ നടുറോഡില്‍ വാഹനം നിർത്തിയാല്‍ 14 ദിവസം വരെ വാഹനം കണ്ടുകെട്ടാം.
അപകരമായ രീതിയില്‍ മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്താല്‍ 14 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടാം.
വാഹനത്തിൽ ആവശ്യമായ സുരക്ഷാ സാഹചര്യങ്ങളില്ലെങ്കില്‍ 14 ദിവസം വാഹനം കണ്ടുകെട്ടാം.
അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ റോഡിൽ ഹാർഡ് ഷോൾഡറിൽ വാഹനം പാർക്ക് ചെയ്താലും ഹാർഡ് ഷോൾഡർ ഉപയോഗിച്ച് മറ്റ് വാഹനങ്ങളെ മറികടന്നാലും 14 ദിവസം വരെ വാഹനം കണ്ടുകെട്ടും.
നമ്പർ പ്ലേറ്റില്ലാതെ, ഒരു നമ്പർ പ്ലേറ്റുമായി വാഹനമോടിച്ചാലും 14 ദിവസം വരെ വാഹനം കണ്ടുകെട്ടും.
ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിച്ചാല്‍ 14 ദിവസം വരെ വാഹനം കണ്ടുകെട്ടും.
അനുമതിയില്ലാതെ വാഹനം നിറം മാറ്റുന്നത് ഉള്‍പ്പെടെയുളള മോടിപിടിപ്പിക്കല്‍ നടത്തിയാലും 14 ദിവസം വരെ വാഹനം കണ്ടുകെട്ടും
അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നതിന് വന്‍ തുക പിഴയുള്‍പ്പടെയുളള നടപടികള്‍ നേരത്തെയും ദുബായ് എടുത്തിരുന്നു. ചുവപ്പ് സിഗ്നല്‍ മറികടക്കുന്നത് ഉള്‍പ്പടെയുളള ഗൗരവതരമായ ഗതാഗത നിയമലംഘനങ്ങളില്‍ കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരിച്ചുകിട്ടുന്നതിനുളള പിഴ കഴിഞ്ഞ വർഷം 50,000 ദിർഹം മുതല്‍ 1,00,000 ദിർഹം വരെയായി ഉയർത്തിയിരുന്നു. അപകടത്തിന്‍റെ ഗൗരവമനുസരിച്ചാണ് പിഴയും.
2024 ന്‍റെ ആദ്യ പകുതിയില്‍ അശ്രദ്ധമായ ഡ്രൈവിങില്‍ 94 അപകടങ്ങളാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയവരില്‍ മൂന്നില്‍ ഒരാള്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ഈ വർഷം നടത്തിയ സർവ്വെ റിപ്പോർട്ടില്‍ പറയുന്നത്. 2023 ല്‍ യുഎഇയിലെ റോഡ് അപകടങ്ങളില്‍ 2022 നെ അപേക്ഷിച്ച് 11 ശതമാനമാണ് വർദ്ധനവ്.