ഇന്ത്യയും യുഎഇയും തമ്മിലുളള വ്യാപാരം 100 ബില്ല്യണ്‍ ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യം ഉടന്‍ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. സാമ്പത്തിക വ്യാപാര ബന്ധങ്ങള്‍ ഏകീകരിക്കുന്നതില്‍ സെപ നിർണായകമായി. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ഒപ്പം സ്വകാര്യമേഖലയ്ക്കും സെപ ഗുണകരമായെന്നും മന്ത്രി പറഞ്ഞു. യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്‍റെയും അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെയും സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച 20 ലധികം ഇന്ത്യന്‍ സിഇഒ മാരുടെ പ്രതിനിധി സമ്മേളത്തിലാണ് മന്ത്രിയുടെ പ്രതികരണം.
യുഎഇയും ഇന്ത്യയും തമ്മിലുള്ള വളർന്നുവരുന്ന ബന്ധത്തെ യുഎഇയുടെ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി അഭിനന്ദിച്ചു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സമ്പദ്‌വ്യവസ്ഥകളെ കൂടുതൽ അടുപ്പിക്കുകയും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുകയും സഹകരണത്തിനുള്ള ശക്തമായ വേദി സൃഷ്ടിക്കുകയും ചെയ്തുവെന്നും അദ്ദേഹം വിലയിരുത്തി.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പാക്കിയതിലൂടെ വിവിധ സാമ്പത്തിക മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തമായതായി അബുദാബി ചേംബർ ചെയർമാൻ അബ്ദുല്ല മുഹമ്മദ് അൽ മസ്‌റൂയി വിലയിരുത്തി. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരബന്ധം കൂടുതല്‍ ദൃഢമായെന്ന് അബുദബി ചേംബർ സെക്കൻഡ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി പറഞ്ഞു. സാമ്പത്തിക, നിക്ഷേപ, വ്യാപാര മേഖലകളുടെ അഭിവൃദ്ധി വർദ്ധിപ്പിക്കുന്നതിന് എല്ലാ പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായും സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള അബുദാബി ചേംബറിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായുള്ള കൂടിക്കാഴ്ച അബുദാബി ചേംബർ സിഇഒ അഹമ്മദ് ഖലീഫ അൽ ഖുബൈസി പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് പ്രസിഡന്‍റ് ആർ.ദിനേശ്, യുഎഇ സർക്കാർ സ്വകാര്യമേഖല പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു.