മാധ്യമങ്ങള്‍ ഉയർത്തിപ്പിടിക്കേണ്ടത് മാനവികതയുടെ രാഷ്ട്രീയെന്ന് ഓർമ്മിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് . ഓർമ ദുബായ് മൂന്നാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ദുബായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മനുഷ്യപക്ഷ നിലപാടുകള്‍ മാധ്യമങ്ങള്‍ സ്വീകരിക്കണം. നാടിന്‍റെയും, ജനങ്ങളുടെയും താല്‍പര്യങ്ങളോടൊപ്പം മാധ്യമങ്ങള്‍ നില്‍ക്കണം. സൃഷ്ടിപരമായ വിമർശനങ്ങള്‍ സമൂഹത്തെ മുന്നോട്ട് നയിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രത്തിന്‍റെ ഏതെങ്കിലുമൊരുതെരുവില്‍ ഒരു പട്ടികജാതിക്കാരന്‍ ഹീനമായ അനീതിക്ക് വിധേയനാകുമ്പോള്‍ മനുഷ്യാവകാശങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ലോകത്തെ ഏതെങ്കിലുമൊരുകോണില്‍ നിന്ന് ഒരു സഹോദരന്‍റെ നിലവിളി ഉയരുമ്പോള്‍ അത് സ്വന്തം വീടിന്‍റെ അകത്തുനിന്നാണെന്നുളള തോന്നലാണ് മാനവികത. മധ്യപ്രദേശിലെ ഏതോ ഒരു ഗ്രാമത്തില്‍ ജീവിതത്തില്‍ ഇന്നോളം നമ്മള്‍ കണ്ടിട്ടില്ലാത്ത ഒരു ആദിവാസി യുവാവിന്‍റെ മുഖത്ത് ഒരു സംഘ് പരിവാർ ക്രിമിനല്‍ മൂത്രമൊഴിച്ചുവെന്ന വാർത്ത കേള്‍ക്കുമ്പോള്‍ തന്‍റെ സഹോദരന്‍ അനീതിക്ക് ഇരയായെന്ന തോന്നല്‍ മനസില്‍ ഉയർന്നുവരുന്നുണ്ടെങ്കില്‍ നാം മാനവികതയുടെ പതാകാ വാഹകരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയമുണ്ടായപ്പോള്‍ കേരളത്തിലേക്ക് പണം സമാഹരിച്ച് അയച്ചുകൊടുത്തുപ്രവാസികള്‍. തങ്ങളുടെ സഹോദരങ്ങള്‍ അവിടെ ബുദ്ധിമുട്ടുന്നുവെന്ന ബോധ്യത്തില്‍ നിന്ന് , ആ വേദന സ്വന്തം വേദനയാണെന്ന തിരിച്ചറിവില്‍ നിന്നാണ് ആ സഹായമുണ്ടായത്. കോവിഡ് കാലത്തും പ്രവാസികള്‍ സഹായ ഹസ്തമേകി. ഇതെല്ലാം മാനവികതയുടെ രാഷ്ട്രീയമാണ്. ഏറ്റവും അർത്ഥപൂർണമായ രാഷ്ട്രീയമാണ് മാനവികതയുടെ രാഷ്ട്രീയം. ആ രാഷ്ട്രീയമുയർത്തിപ്പിടിക്കുന്നതുകൊണ്ടാണ് നവകേരളമെന്ന കാഴ്ചപ്പാട് കേരളത്തിലെ സർക്കാർ കൊണ്ടുവന്നത്. പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യയില്‍ ആദ്യമായി നിലപാട് സ്വീകരിച്ചത് എല്‍ ഡി എഫ് സർക്കാരാണെന്നും സ്വരാജ് പറഞ്ഞു.
കെ ഫോണ്‍ പദ്ധതിയുടെയും ഗെയില്‍ പദ്ധതിയുടെയും നേട്ടങ്ങള്‍ പരാമർശിച്ച സ്വരാജ് വിവാദങ്ങള്‍ക്ക് പുറകെ സഞ്ചരിക്കുന്ന കേരളത്തിലെ മാധ്യമങ്ങളുടെ കഴുകന്‍റെ മനസ് നേട്ടത്തിനും നന്മയ്ക്കും മുന്നില്‍ മുഖം തിരിച്ചുനില്‍ക്കുന്നുവെന്നും കുറ്റപ്പെടുത്തി. ബ്രിട്ടനിലെ ദ ഗാർഡിയന്‍ പത്രം വളരെ പ്രാധാന്യത്തോടെ കെ ഫോണ്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കി. ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളം ഇന്‍റർനെറ്റ് മേഖലയില്‍ ഒരു മഹാവിപ്ലവം നടത്തിയിരിക്കുന്നു.എന്തുകൊണ്ട് ഇതായിക്കൂടായെന്ന് ദ ഗാർഡിയന്‍ പത്രം ബ്രിട്ടീഷ് സർക്കാരിനോട് ചോദിക്കുന്നു. ലോകത്തിന്‍റെ കണ്ണുകള്‍ കേരളത്തിലേക്ക് വരുന്നു. കേരളം ലോകത്തിന്‍റെ പ്രകാശഗോപുരമെന്നാണ് വേള്‍ഡ് ബാങ്ക് വിശേഷിപ്പിച്ചത്. നമ്മുടെ മാധ്യമങ്ങള്‍ ഇത് പറയാന്‍ അശക്തരാണെന്നുളളതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം നാം അറിയാതെ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആനുകാല വര്‍ത്തമാന കാലഘട്ടം ആവശ്യപ്പെടുന്ന പുരോഗമന, കലാ സാംസ്‌ക്കാരിക -സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടർന്നും ഏറ്റെടുക്കാന്‍ ഓർമ നേതൃത്വത്തിനു കഴിയണമെന്നു ഉദ്ഘാടന പ്രസംഗത്തിൽ എം. സ്വരാജ് പറഞ്ഞു. നോർക്ക ഡയറക്ടർ ഒ വി മുസ്തഫ, ഓർമ രക്ഷാധികാരിയും പ്രവാസി ക്ഷേമബോർഡ് ഡയറക്ടറുമായ എന്‍ കെ കുഞ്ഞഹമ്മദ്, മാസ് -ഷാർജ പ്രതിനിധി ഹമീദ്, കൃഷ്ണകുമാർ (ശക്തി - അബുദാബി), സജിത്ത് (ചേതന - റാസ് അൽ ഖൈമ) തുടങ്ങിയവർ സംബന്ധിച്ചു. ഓർമ സെക്രട്ടറി അനീഷ് മണ്ണാർക്കാട് സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് റിയാസ് കൂത്തുപറമ്പ് അധ്യക്ഷനായി. ഓർമയുടെ അഞ്ചു വിവിധ മേഖലകളിൽ നിന്നായി 642 പ്രതിനിധികൾ പങ്കെടുത്തു.
പ്രവാസികളുടെ വിമാനയാത്രാ പ്രശ്നങ്ങൾ, തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രയാസങ്ങൾ, ബന്ധപ്പെട്ട വകുപ്പു മേധാവികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഇരുപതോളം പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.സമ്മേളനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് എം. സ്വരാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓർമ കലാകാരന്മാരുടെ സ്വാഗത ഗാനത്തോടെ രാവിലെ 9: 30 നു തുടങ്ങിയ സമ്മേളനം വൈകിട്ട് 8 മണിക്ക് അവസാനിച്ചു. സമ്മേളനത്തിന് ശേഷം ഓർമ കലാകാരൻമാർ അവതരിപ്പിച്ച ശിങ്കാരി മേളവും നടന്നു.