Gulf

ലുലു റീട്ടെയ്ലിന്‍റെ പ്രാഥമിക ഓഹരി വിൽപന നടപടികൾക്ക് തുടക്കമായി,10 ശതമാനം ഓഹരി പൊതുജനങ്ങൾക്ക്,ഒരു ശതമാനം ജീവനക്കാർക്ക്

ലുലു റീടെയ്ല്‍ ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്. അബുദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ ഓഹരി ലിസ്റ്റ് ചെയ്യുമെന്ന് ചെയർമാന്‍ എം എ യൂസഫലി പ്രഖ്യാപിച്ചു. ലുലു റീട്ടെയ്ലിന്‍റെ 2.58 ബില്യൺ ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്. റീട്ടെയ്ൽ രംഗത്തെ ഇക്കാലയളവിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയാണിത്.ജിസിസിയിലെ ആറ് രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്.

ഓഹരിവില ഐപിഒ ആരംഭിക്കുന്ന ഒക്ടോബർ 28ന് പ്രഖ്യാപിക്കും. റീട്ടെയ്ൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും നവംബർ 5 വരെ ഐപിഒയിൽ ഓഹരിക്കായി അപേക്ഷിക്കാം. നവംബർ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീറ്റെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്‍റ് സംബന്ധിച്ച വിവരം ലഭിക്കും. നവംബർ 14ഓടെയാണ് ലിസ്റ്റിങ്ങ്. റീട്ടെയ്ൽ നിക്ഷേപകർക്കായാണ് 10 ശതമാനം ഓഹരികള്‍ നീക്കിവച്ചിരിക്കുന്നത്. 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐപി) ഒരു ശതമാനം ജീവനക്കാർക്കുമായി നിശ്ചയിച്ചിട്ടുണ്ട്.

ലുലു ഗ്രൂപ്പിന്‍റെ നി‍ർണായക വഴിത്തിരിവാണിതെന്ന് എം എ യൂസഫലി പറഞ്ഞു. ഒരു ഘട്ടത്തിലെത്തുമ്പോള്‍ പൊതുതാല്‍പര്യം കൂടി പരിഗണിക്കണം. ജിസിസിയിലെ ഏറ്റവും വലിയ റീടെയ്ലേഴ്സ് എന്ന നിലയില്‍ അതത് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ കാര്യങ്ങള്‍ മാറണം,ഓഹരി വിപണിയിലേക്കുളള ലുലുവിന്‍റെ ചുവടുവയ്പ് ഇതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക്, ഇഎഫ്ജി ഹേർമസ് യുഎഇ, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മാഷ്റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങൾ നിർവ്വഹിക്കുന്നത്.ഐപിഒയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ താല്പര്യം ക്ഷണിച്ചുള്ള നിക്ഷേപസംഗമത്തിനും തുടക്കമായി. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഐപിഒ ആണ് ലുലുവിന്‍റേത്.

അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു (ADQ) 2020ൽ നൂറ് കോടി ഡോളറിന്‍റെ നിക്ഷേപം ലുലു ഗ്രൂപ്പിൽ നടത്തി ഇരുപത് ശതമാനം ഓഹരികൾ നേടിയിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ പൊതുനിക്ഷേപകർക്കായി ലുലു അവസരം തുറന്നിരിക്കുന്നത്. മോലീസ ആൻഡ് കോയാണ് 2022 മുതൽ ലുലു റീട്ടെയ്ൽ ഐപിഒയുടെ ധനകാര്യ ഉപദേശകർ. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിലാണ് പൊതുനിക്ഷേപകർക്കായി ലുലു വാതിൽ തുറക്കുന്നത്. ചിട്ടയായ റീട്ടെയ്ൽ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1974ൽ യുഎഇയുടെ തലസ്ഥാനത്ത് ലുലു തുറന്നത്. ജിസിസിയിലെ ഏറ്റവും മികച്ചതും സൗദി അറേബ്യയിൽ അതിവേഗം വളരുന്നതുമായ റീട്ടെയ്ൽ ശ്രംഖലയാണ് ഇന്ന് ലുലു.2023ലെ കണക്കുപ്രകാരം 7.3 ബില്യൺ യുഎസ് ഡോളറിന്‍റെ വിറ്റുവരവാണ് ലുലുവിനുള്ളത്. ജിസിസിയിൽ മാത്രം 240 ലധികം സ്റ്റോറുകൾ. 50,000 ത്തിലധികം ജീവനക്കാരും ജിസിസിയിൽ ലുലുവിന്‍റെ ഭാഗമാണ്.

കേന്ദ്രം എന്നും പൂരം വെടിക്കെട്ടിന് എതിര്, പെസോ നിയന്ത്രണങ്ങള്‍ പുതുക്കിയത് സുരേഷ് ഗോപിയുടെ അറിവോടെ; അഡ്വ. വി.എസ്.സുനില്‍കുമാര്‍

'റീമേക്ക് ചിത്രങ്ങളിൽ അഭിനയിക്കില്ല, പണത്തിന് വേണ്ടി ഒരിക്കലും സിനിമ ചെയ്യില്ല'; ദുൽഖർ സൽമാൻ

'ഉള്ളറയിൽ ധിനി പോലെ ഞാൻ കാത്തുവച്ചേനെ നിന്നെ..'; ‘ഓശാന’യിലെ ആദ്യ ​ഗാനം 'നിൻ മിഴിയിൽ' പുറത്ത്

'ആദ്യ ചിത്രത്തിന് ശേഷം എന്റെ പേര് 'ടൈഗർ ദീദി' എന്നായി, സ്വന്തം പേരിൽ അറിയപ്പെടാൻ ഇരട്ടിയായി പ്രയത്നിക്കേണ്ടി വന്നു'; കൃതി സനോൻ

കിഷോർ കുമാറായി ആമിർ ഖാൻ? അനുരാ​ഗ് ബസു സംവിധാനം ചെയ്യുന്ന ബയോപികിൽ ആമിർ ഖാൻ നായകനെന്ന് റിപ്പോർട്ട്

SCROLL FOR NEXT