കേരളത്തിന്‍റെ സംസ്കാരവും പൈതൃകവും സമന്വയിക്കുന്ന "കേരളോത്സവം" ഡിസംബർ 2,3 തിയതികളില്‍ ദുബായ് അൽ ഖിസൈസ് ക്രെസെന്‍റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായുളള ആഘോഷപരിപാടികളും കേരളോത്സവത്തിലുണ്ടാകും. വൈകീട്ട് നാല് മണിമുതലാണ് പരിപാടികള്‍ ആരംഭിക്കുക. 3 ആം തീയ്യതി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സ്പീക്കർ എ എന്‍ ഷംസീർ പങ്കെടുക്കും. സിനിമ താരം റിമ കല്ലിങ്കലും അതിഥിയായെത്തും.
കേരളോത്സവത്തിന്‍റെ ഭാഗമായി പതി ഫോക്ക് ബാൻഡിനൊപ്പം പ്രശസ്ത ഗായിക പ്രസീത ചാലക്കുടി ആദ്യദിനവും യുവ ഗായകർ ആര്യ ദയാൽ, സച്ചിൻ വാര്യർ, അനന്തു ഗോപി തുടങ്ങിയവർ രണ്ടാം ദിനവും സംഗീത നിശയൊരുക്കും. 70ൽ പരം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ശിങ്കാരി പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ ആന, തെയ്യം, കരകാട്ടം, കാവടിയാട്ടം തുടങ്ങിയവയുണ്ടാകും.തെരുവ് നാടകങ്ങൾ, കളരിപ്പയറ്റ്, തിരുവാതിര, ഒപ്പന, മാർഗ്ഗം കളി തുടങ്ങിയ നൃത്ത- കലാരൂപങ്ങൾ, സംഗീത ശിൽപ്പം തുടങ്ങിയവയും, കേരളത്തിന്‍റെ തനത് നാടൻ രുചിവൈഭവങ്ങളുമായി വിവിധ ഭക്ഷണ ശാലകൾ, തട്ടുകടകൾ തുടങ്ങിയവയും ഉണ്ടാകും.
ഉത്സവ നഗരിയിലെ സാഹിത്യ സദസ്സിനോടനുബന്ധിച്ചു എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, പുസ്തകശാല, കവിയരങ്ങ്, പ്രശ്നോത്തരികൾ, യു എ ഇ യിലെ പ്രശസ്ത ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന, കേരളത്തിന്‍റെ ചരിത്രവും, പോരാട്ടത്തിന്‍റെ നാൾവഴികളും ഉൾകൊള്ളുന്ന ചരിത്ര - പുരാവസ്തു പ്രദർശനം, എന്നിവ സദസ്യർക്കും പുതുതലമുറക്കും പുത്തൻ അനുഭവങ്ങൾ പകർന്നു നൽകുമെന്നും സംഘാടകർ അറിയിച്ചു. മലയാളം മിഷനിലൂടെ മലയാളം പഠിക്കുന്ന കുട്ടികൾക്ക് അവരുടെ സർഗവാസനകൾ പ്രദർശിപ്പിക്കാനുള്ള അവസരവും പുതുതായി മലയാളം മിഷനിൽ ചേരാനാഗ്രഹിക്കുന്ന കുട്ടികൾക്കുള്ള രജിസ്ട്രേഷൻ സൗകര്യവും, പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകുവാനുമായി നോർക്ക, പ്രവാസി ക്ഷേമനിധി, കെ എസ് എഫ് ഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഉത്സവപ്പറമ്പിൽ ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.പ്രവേശനം സൗജന്യമാണ്. സംഘാടക സമിതി ഭാരവാഹികളായ എൻ.കെ. കുഞ്ഞഹമ്മദ്, സജീവൻ കെ. വി, പ്രദീപ് തോപ്പിൽ, ഷിജു ബഷീർ, എന്നിവരും, ഫ്രാഗ്രൻസ് വേൾഡ് പെർഫ്യൂംസ് ,എക്സ്പ്രസ് ഗ്രൂപ്പ് പ്രതിനിധികളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.