അബുദബിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടെത്തി സ്വീകരിച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഖസർ അല്‍ വതന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ഔപചാരിക സ്വീകരണവും നല്‍കി. തുടർന്ന് ഇരു ഭരണാധികാരികളും ഉഭയകക്ഷി ചർച്ച നടത്തി.
നിർണായകമായി ജയ്വാന്‍
യുപിഐ ( യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്)ല്‍ തയ്യാറാക്കിയ ഡിജിറ്റല്‍ കാർഡ് പേയ്മന്‍റ് സംവിധാനം ജെയ്വാന്‍ നിലവില്‍ വന്നു. ഇന്ത്യയുടെ റുപേ കാർഡാണ് ജയ്വാന്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ജയ്വാന്‍ കാർഡ് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. തുടർന്ന് ജയ്വാന്‍ കാർഡ് ഉപയോഗിച്ച് യുഎഇ പ്രസിഡന്‍റ് ഡിജിറ്റല്‍ ഇടപാടും നടത്തി. ജയ്വാന്‍ കാർഡ് ഉപയോഗിച്ച് ഇന്ത്യയിലും റുപേ കാർഡ് ഉപയോഗിച്ച് യുഎഇയിലും പണമിടപാടുകള്‍ നടത്താനാകും.
അഹ്ലാന്‍ മോദി
യുഎഇയിലെത്തിയ പ്രധാനമന്ത്രി അബുദബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലൊരുക്കിയ അഹ്ലാന്‍ മോദി പരിപാടിയില്‍ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്തു.മലയാളത്തിലും തമിഴിലും ഉള്‍പ്പടെ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സംസാരിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും ഇന്ത്യ-യുഎഇ സൗഹൃദം എക്കാലവുമുണ്ടാവട്ടെയെന്നും നരേന്ദ്രമോദി പറഞ്ഞു. അബുദാബിയിൽ ബാപ്സ് മന്ദി വിശ്വാസികൾക്ക് സമർപ്പിക്കാനുള്ള സമയമാണിത്. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ദൃഢമാണ്. ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആണ് യുഎഇ. 2047ഓടെ വികസിത ഭാരതം യഥാര്‍ത്ഥ്യമാക്കും.ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും പ്രസംഗത്തില്‍ മോദി പറഞ്ഞു. യുഎഇ പ്രസിഡന്‍റിനെ സഹോദരന്‍ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
യുഎഇ സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്‍ സ്റ്റേഡിയത്തിലേക്ക് പ്രധാനമന്ത്രിയെ അനുഗമിച്ചു. യു കെ എംപി പ്രീതി പട്ടേൽ അഹ്‌ലൻ മോദി പരിപാടിയില്‍ പങ്കെടുത്തു. ഫെബ്രുവരി 14 ന് നടക്കുന്ന ബാപ്സ് ഹിന്ദു മന്ദിറിന്‍റെ ഉദ്ഘാടചടങ്ങിലും ദുബായിലെ ലോക സർക്കാർ ഉച്ചകോടിയിലും മോദി പങ്കെടുക്കും.