സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തി ഇന്ത്യ. ഈ വർഷം ഡിസംബർ 31 വരെ അധിക ഡ്യൂട്ടി പ്രാബല്യത്തിലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.ഇതോടെ കയറ്റുമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുഎഇ അടക്കമുളള രാജ്യങ്ങളില്‍ വില ഉയർന്നേക്കും. ബംഗ്ലാദേശ്, നേപ്പാൾ, മലേഷ്യ, ശ്രീലങ്ക എന്നിവയ്‌ക്കൊപ്പം ഇന്ത്യൻ സവാളയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യുഎഇ.
സവാള ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തവണ മഴയുടെ തോത് കുറവായിരുന്നു. ഇതോടെ ഉല്‍പാദനവും കുറഞ്ഞു. ഉല്‍പാദനക്കുറവ് കയറ്റുമതിയിലും പ്രതിഫലിച്ചതോടെയാണ് കയറ്റുമതി തീരുവ ഏർപ്പെടുത്താന്‍ തീരുമാനമായത്. സവാളയുടെ വിളവെടുപ്പ് സീസണാണ് ഓഗസ്റ്റ്. പാകിസ്ഥാന്‍, ചൈന, ഈജിപ്ത് എന്നിവയാണ് സവാള കയറ്റുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങള്‍.
ഭക്ഷ്യമന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം ജനുവരിയെ അപേക്ഷിച്ച് സവാളയുടെ വില 17 ശതമാനം വർദ്ധിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് സവാള വില കിലോയ്ക്ക് 35 രൂപയായി. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ ഇന്ത്യ നേരത്തെ ബസുമതി ഇതര വെളള അരിയുടെ കയറ്റുമതിയ്ക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. ലോകത്തെ കയറ്റുമതി ചെയ്യുന്ന അരിയുടെ 40 ശതമാനവും ഇന്ത്യയിലാണ്.സവാളയ്ക്കായി ബംഗ്ലാദേശ്, നേപ്പാൾ, മലേഷ്യ, യുഎഇ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്.