അലൈന്‍ ഉള്‍പ്പടെ യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ മഴ പെയ്തു. അസ്ഥിര കാലാവസ്ഥ തുടരുമെന്നും ആലിപ്പഴവർഷമുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ കനത്ത കാറ്റും മഴയും അനുഭവപ്പെട്ടു. അലൈനിലെ മരുഭൂമിയില്‍ ഉള്‍പ്പടെ മഴ പെയ്യുന്ന ദൃശ്യങ്ങള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അല്‍ ഹിലി, അല്‍ ഷിക്ല, മസാകിന്‍ മേഖലകളിലും കനത്ത മഴയാണ് ലഭിച്ചത്. ജൂലൈ 8 വരെ രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്
യുഎഇയിലെങ്ങും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിനിടെ ആശ്വാസമായാണ് പലയിടങ്ങളിലും മഴ പെയ്തത്. ക്ലൗഡ് സീഡിംഗ് ഫലമായാണ് മഴ ലഭിക്കുന്നത്. മഴയുടെ തോത് വർദ്ധിപ്പിക്കാനായാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നത്.
അബുദബിയില്‍ വിവിധ ഇടങ്ങളില്‍ മഴ പെയ്യുമെന്നുളള അറിയിപ്പുളളതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു. ഇലക്ട്രോണിക് വിവര ബോർഡുകളും വേഗനിയന്ത്രണവും ശ്രദ്ധിക്കണം. കാറ്റത്ത് റോഡില്‍ മരങ്ങളുടേയും മറ്റും ഭാഗങ്ങള്‍ വന്ന് കിടക്കാനുളള സാധ്യതയുളളതിനാല്‍ അത്തരം കാര്യങ്ങളിലും ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്.