ഈദ് അവധി ദിനങ്ങളില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയുള്‍പ്പടെയുളള സ്ഥലങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ വർദ്ധന. 40 മുതല്‍ 60 ശതമാനം വരെയാണ് വർദ്ധനവുണ്ടായിരിക്കുന്നത്. മെയ് ആദ്യവാരമാണ് ഈദുല്‍ ഫിത്തർ പ്രതീക്ഷിക്കുന്നത്. ഒന്നു മുതല്‍ അഞ്ച് വരെയുളള അവധി മുന്നില്‍ കണ്ടുകൊണ്ട് നിരവധി പേരാണ് കുടുംബവുമൊത്തുളള ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. കോവിഡ് സാഹചര്യമൊക്കെ മാറിയതും യാത്രകള്‍ വർദ്ധിക്കാന്‍ ഇടയാക്കി.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് 1200 നും 2052 ദിർഹത്തിനുമിടയിലാണ് ടിക്കറ്റ് നിരക്ക്. അതേസമയം യുഎഇയില്‍ നിന്ന് ഒമാനിലേക്കും സൗദി അറേബ്യയിലേക്കും ടിക്കറ്റ് നിരക്കിലും വർദ്ധനവുണ്ട്. യാത്രാ പ്രേമികളുടെ ഇഷ്ട ഇടങ്ങളായ യുകെ ജോർജ്ജിയ എന്നിവിടങ്ങളിലേക്കുമുളള ടിക്കറ്റ് നിരക്കും ഉയർന്ന് തന്നെയാണ്.
ദുബായില്‍ നിന്ന് മുംബൈയിലേക്ക് 1365 ആണ് ടിക്കറ്റ് നിരക്ക്. ഷാർജയില്‍ നിന്നാണെങ്കില്‍ 1353 ആണ് നിരക്ക്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 2001 ദിർഹം ആണ് നിലവിലെ ടിക്കറ്റ് നിരക്ക്. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കും ശരാശരി ടിക്കറ്റ് നിരക്ക് 2000 ദിർഹമാണ്.
ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ യാത്രയ്ക്ക് മുന്‍പുളള കോവിഡ് പരിശോധന നിർബന്ധമല്ല. എന്നാല്‍ എയർ സുവിധയില്‍ രജിസ്ട്രർ ചെയ്തിരിക്കണം.