ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 29 മത് പതിപ്പിന് വെളളിയാഴ്ച തുടക്കമാകും. ജനുവരി 14 വരെ നീണ്ടുനില്‍ക്കുന്ന ഡിഎസ്എഫില്‍ എല്ലാത്തവണത്തേയും പോലെ ഇത്തവണയും നിരവധി ആഘോഷ-സമ്മാനപരിപാടികളാണ് ഒരുക്കിയിട്ടുളളത്. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ ഷോപ്പിംഗ് ഫെസ്റ്റിവലാണിത്.
യുഎഇയിലുളളവർക്കും സന്ദർശകർക്കും ശൈത്യകാലത്ത് മികച്ച വിനോദ അനുഭവം നല്‍കുകയാണ് ഡിഎസ്എഫെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് സിഇഒ അഹമ്മദ് അൽ ഖാജ പറഞ്ഞു. ജീവിക്കാനും ജോലി ചെയ്യാനും ലോകത്തെ ഏറ്റവും മികച്ച നഗരമായി ദുബായിലെ മാറ്റാനുളള പ്രതിബദ്ധതയുടെ ഭാഗമാണ് ഓരോ തവണയും ഡിഎസ്എഫിലെ മികച്ച സംഘാടനമെന്നും അദ്ദേഹം പറഞ്ഞു.29 വർഷമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലുമായുളള പങ്കാളിത്തം ദുബായുടെ ആഗോള പ്രാധാന്യത്തെ പിന്തുണയ്ക്കുന്നതിനായി ഡിജിറ്റല്‍ പുരോഗതിയും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുന്നതിനുളള പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്ന് ഇ & ദുബായ് റീജിയൻ ജനറൽ മാനേജർ അബ്ദുല്ല സലേം അൽ മന പറഞ്ഞു.
ഡിഎസ് എഫുമായി ആളുകള്‍ ഇടപഴകുന്നതും ജീവിതശൈലിയായി മാറുന്നതും വ്യവസായത്തിന് പുതിയ മാനദണ്ഡങ്ങള്‍ സജ്ജമാക്കാന്‍ സഹായിക്കുന്നതില്‍ നിർണായകമാണെന്ന് ദുബായ് ഹോൾഡിംഗ് അസറ്റ് മാനേജ്‌മെന്‍റ് - റീട്ടെയിൽ ഡെസ്റ്റിനേഷനുകളുടെ മാനേജിംഗ് ഡയറക്ടർ ഫരീദ് അബ്ദുൽറഹ്മാൻ പറഞ്ഞു. പുതിയ സീസണായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മെർക്കാറ്റോ ആൻഡ് ടൗൺ സെന്റർ ജുമൈറയിലെ പിആർ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മാനേജരായ നിസ്രീൻ ബൂസ്താനിയും പ്രതികരിച്ചു. വിവിധ ഔട്ട്ലെറ്റുകളില്‍ വിലക്കിഴിവും, റാഫിളുകളും പ്രമോഷനുകളും ഇത്തവണയുമുണ്ടാകും. സ്‌പോർട്‌സ് കാറും ഒരു മില്യൺ ദിർഹവും ഉള്‍പ്പടെ നിരവധി സമ്മാനങ്ങളാണ് ഡിഎസ്എഫ് ഒരുക്കിയിട്ടുളളത്.
ഡ്രോണ്‍ ഷോ
എമറാത്ത് പെട്രോളിയമൊരുക്കുന്ന ദുബായ് ലൈറ്റ്സ് ഡിഎസ്എഫ് ഡ്രോണ്‍ ഷോയിലേക്കുളള പ്രവേശനം സൗജന്യമാണ്. ഡിസംബർ 8 മുതൽ ജനുവരി 14 വരെ, രാത്രി 8 മണിക്കും 10 മണിക്കും ബീച്ച്, ജെബിആർ, ബ്ലൂവാട്ടേഴ്‌സ് എന്നിവിടങ്ങളിൽ ഡ്രോണ്‍ ഷോയുണ്ടാകും. 800 ഡ്രോണുകളാണ് പ്രദർശനത്തില്‍ ഭാഗമാകുക. എമിറാത്തി സംസ്കാരം സന്ദർശകർക്കുമുന്നില്‍ വെളിച്ചംകൊണ്ട് വരച്ചിടുന്ന ഡ്രോണ്‍ ഷോ പ്രശസ്ത ആനിമേറ്റർ മുഹമ്മദ് സയീദ് ഹരീബാണ് ഒരുക്കിയിട്ടുളളത്. ആഗോള വിനോദസഞ്ചാരകേന്ദ്രമായി ദുബായ് മാറിയ കാലങ്ങളും ഡ്രോണുകളാല്‍ ആകാശത്തൊരുങ്ങും. ദുബായ് നഗരത്തിലുടനീളം ലൈറ്റ് ഷോകളും ഒരുക്കിയിട്ടുണ്ട്. ഹത്തയും എത്തിസലാത്ത് മോത്ബ്,ഡി3, അല്‍ സീഫ് ഡുഒ ദഅനൂകിയാണ് ലൈറ്റ് ഷോ സജ്ജമാക്കിയിരിക്കുന്നത്. മിർദിഫ് സിറ്റി സെന്‍ററില്‍ മോദേഷും ഡാനയുമുണ്ട്. ആമസോണ്‍ കാടുകളുടെ പ്രകൃതി സൗന്ദര്യമാസ്വദിക്കുന്നതിന് വെസ്റ്റ് ബീച്ചിലേക്ക് പോകാം.