ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28 മത് സീസണ് ഡിസംബർ 15 ന് തുടക്കമാകും. 2023 ജനുവരി 29 വരെ 46 ദിവസമാണ് ഇത്തവണ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുക. പത്ത് ലക്ഷം ദിർഹം,1 കിലോ സ്വർണം, ഡൗണ്‍ടൗണ്‍ ദുബായില്‍ ഒരു അപാർട്മന്‍റ് ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ടെന്ന് ദുബായ് ഫെസ്റ്റിവല്‍ ആന്‍റ് റീടയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റ് അധികൃതർ ദുബായ് മീഡിയാ ഓഫീസില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ അറിയിച്ചു.
ഫിഫ വേള്‍ഡ് കപ്പും ആഘോഷമാക്കാം
ഫെസ്റ്റിവലിന്‍റെ ഭാഗമായി ഫിഫ വേള്‍ഡ് കപ്പ് ഫൈനലിനോട് അനുബന്ധിച്ച് രാജ്യത്തുടനീളം കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ ഷോകളും വിനോദ പരിപാടികളും ഒരുക്കുന്നുണ്ട്. ഖത്തർ ലോകകപ്പിനായി ഫാന്‍ സോണ്‍ ഫിഫ അനുവദിച്ച ലോകത്തെ തന്നെ ആറ് രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. അതുകൊണ്ടുതന്നെ ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാനുളള ഒരുക്കങ്ങള്‍ ഡിഎസ്എഫിനോട് അനുബന്ധിച്ചും നടക്കും.ദുബായ് ഹാർബറില്‍ ഡിസംബർ 15 മുതല്‍ 18 വരെയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
"ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28 മത്തെ പതിപ്പാണ് ഇത്തവണ, കഴിഞ്ഞ 28 വർഷത്തിനിടെ ദുബായ് ഏറെ മാറി,ഓരോ വർഷവും ഡിഎസ്എഫും പുതുമകളോടെയാണ് എത്തുന്നത്" ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റ് സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു. ദുബായിലിരിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു.ഓരോ തവണയും അവർക്ക് പുതുമനല്‍കുന്നതാണ് സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
സമ്മാനങ്ങളുടെ റാഫിള്‍ നറുക്കെടുപ്പുകള്‍
നിസ്സാന്‍ പട്രോള്‍ ഉള്‍പ്പടെ 40 ദശലക്ഷത്തിലധികം ദിർഹത്തിന്‍റെ സമ്മാനങ്ങളാണ് ഇത്തവണയും ഡിഎസ്എഫ് ദിവസങ്ങളില്‍ ഭാഗ്യശാലികള്‍ക്കായി നല്‍കുക.ദുബായ് മെഗാ റാഫിള്‍, ഇനോക് ഗ്രാന്‍ഡ് റാഫിള്‍, ദുബായ് ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പ് റാഫിള്‍, ദുബായ് ഷോപ്പിംഗ് മാള്‍സ് ഗ്രൂപ്പ് ഉള്‍പ്പടെയുളള നറുക്കെടുപ്പുകള്‍ ഇതോടനുബന്ധിച്ച് നടക്കും. നിസാന്‍ പട്രോള്‍ മോഡെല്‍ വാഹനം, 1,00,000 ദിർഹം സമ്മാനവും എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് സ്വന്തമാക്കാം. ഇനോക്ക് എപ്കോ പമ്പുകളില്‍ നിന്ന് 200 ദിർഹത്തിന് നറുക്കെടുപ്പ് കൂപ്പണുകള്‍ വാങ്ങാം. ഐഡിയലന്‍സ് വെബ് സൈറ്റിലൂടെയും ആപ്പിലൂടെയും നറുക്കെടുപ്പിന്‍റെ ഭാഗമാകാം. 25 ദിർഹത്തിന് സൂമിലൂടെയോ 50 ദിർഹം ചെലവഴിക്കുമ്പോള്‍ തസ്ജീലില്‍ നിന്നും ലഭിക്കുന്ന കൂപ്പണില്‍ നിന്നോ തെരഞ്ഞെടുക്കപ്പെടുന്ന 50 ഭാഗ്യശാലികള്‍ക്ക് ഇത്തവണ 10,000 ദിർഹം സമ്മാനത്തുകയാണ് ലഭിക്കുക. ആഴ്ചയിലൊരിക്കല്‍ നടക്കുന്ന നറുക്കെടുപ്പിലൂടെ 1,00,000 ദിർഹം സ്വന്തമാക്കാനുളള അവസരവുമുണ്ട്. വീല്‍ റാഫിളും ഇത്തവണയുണ്ട്. ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമാകുന്ന മാളുകളില്‍ നിന്ന് 200 ദിർഹത്തിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ നിന്ന് നറുക്കെടുപ്പിലൂടെ 1ദശലക്ഷം ദിർഹം സമ്മാനം ലഭിക്കാനുളള അവസരവുമുണ്ട്. 500 ദിർഹത്തിന് ജ്വല്ലറികളില്‍ നിന്ന് സ്വർണം വാങ്ങുമ്പോള്‍ 25 കിലോ സ്വർണം നേടാനുളള സാധ്യതയും ഷോപ്പിംഗ് ഫെസ്റ്റിവല്‍ മുന്നോട്ടുവയ്ക്കുന്നു.
വെടിക്കെട്ട്, ഫെസ്റ്റീവ് മാർക്കെറ്റ്സ്,എത്തിസലാത്ത് മോബ്
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിക്കുന്ന ആഴ്ചയിലെ വാരന്ത്യത്തില്‍ എമിറേറ്റിലെ വിവിധ ഇടങ്ങളില്‍ സംഗീത പരിപാടികളും ലേസർ ലൈറ്റ് ഷോകളും കരിമരുന്ന് പ്രയോഗവും നടക്കും. ഡിസംബർ 16ന് ആരംഭിക്കുന്ന ആഴ്ചയിൽ അറബിക് താരങ്ങളായ മുഹമ്മദ് ഹമാക്കിയും അഹമ്മദ് സാദും കൊക്കകോള അരീനയിൽ വേദിയിൽ പരിപാടി അവതരിപ്പിക്കും. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്ന ദിവസങ്ങളിലെല്ലാം കൊക്കോകോള അരീന ഉള്‍പ്പടെ 12 സ്ഥലങ്ങളില്‍ സംഗീത വിനോദപരിപാടികള്‍ നടക്കും.പാം ജുമൈറയില്‍ ലൈറ്റിംഗ് ഡിസ്ട്രിക്റ്റ് , ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ, 'സ്കൈ കാസിൽ' എന്ന പേരിൽ വലിയ ആർട്ട് ഇൻസ്റ്റാളേഷനും സജ്ജമാക്കിയിട്ടുണ്ട്.
ഫെസ്റ്റീവ് മാർക്കെറ്റ്സ് ഇത്തവണ സജീവമാകും. അല്‍ ഖവനീജ്, അല്‍ റിഗ്ഗ,അല്‍സീഫ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളിലാണ് ഫെസ്റ്റീവ് മാർക്കെറ്റ്സ് ഒരുക്കുന്നത്. എത്തിസലാത്ത് മോബ് ഇത്തവണ ദുബായ് ഡിസൈന്‍ ഡിസ്ടിക്ടിലാണ് നടക്കുക. വിവിധ മാളുകളില്‍ ദിവസേന വിനോദ പരിപാടികളും നടക്കും. എമിറേറ്റിലെ 40 ലധികം മാളുകളില്‍ ഉള്‍പ്പടെയാണ് സ്റ്റേജ് ഷോകള്‍, സംഗീത വാട്ടർ ഫൗണ്ടെയ്ന്‍ ഷോ,കുടുംബമായി ആസ്വദിക്കാന്‍ കഴിയുന്ന പരിപാടികള്‍, മോദേഷും ഡാനയെയും കാണാനുളള അവസരം തുടങ്ങിയ ഒരുക്കുക.ബ്ലൂവാട്ടേഴ്സ് ഐലൻഡിലും ജെബിആറിലുംഡിസംബർ 15 മുതൽ ജനുവരി 29 വരെ ദിവസവും രാത്രി 8 മണിക്കും 10 മണിക്കുമാണ് ഡ്രോണ്‍ പ്രദർശനങ്ങൾ നടക്കുന്നത്.
ഡിഎസ്എഫിന്‍റെ പ്രധാന ആകർഷണമായ കരിമരുന്ന് പ്രയോഗവും പുതുവത്സരമുള്‍പ്പടെയുളള വിവിധ വിശേഷാവസരങ്ങളില്‍ നടക്കും. ഡൗണ്‍ടൗണ്‍, അല്‍ സീഫ്, ബ്ലൂവാട്ടേഴ്സ്,ഫെസ്റ്റിവല്‍ സിറ്റിമാള്‍,ദ പോയിന്‍റെ എന്നിവിടങ്ങളിലാണ് കരിമരുന്ന്, ഡ്രോണ്‍ ഷോകള്‍ നടക്കുക. ദുബായ് മീഡിയാ ഓഫീസില്‍ നടന്ന വാർത്താസമ്മേളനത്തില്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റ് സിഇഒ അഹമ്മദ് അല്‍ ഖാജയെ കൂടാതെ റീടെയ്ലല്‍ രജിസ്ട്രേഷന്‍ ഡയറക്ടർ മുഹമ്മദ് ഫാരെസ് അരയ്ഖത്, ഇവന്‍സ് ആന്‍റ് പ്ലാനിംഗ് ടീം ഖല്‍ത്തം അല്‍ ഷംസി, റാഫില്‍സ് ഡയറക്ടർ അബ്ദുളള അല്‍ അമീരി തുടങ്ങിയവരും സംബന്ധിച്ചു.