Gulf

സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രം ദുബായില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലെ ആദ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയില്‍ ഉദ്ഘാടനം ചെയ്യും. ദുബായിലെ താജില്‍ വൈകീട്ട് നാലുമണിക്കാണ് ഉദ്ഘാടന ചടങ്ങ്. വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാന ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍, യുഎഇയിലെ ഇന്ത്യന്‍ അമ്പാസിഡര്‍ സുഞ്ജോയ് സുധീര്‍, കെഎസ് യു എം സിഇഒ അനൂപ് അംബിക, ദുബായ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ. അമന്‍ പുരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി, ആസ്റ്റര്‍ ഡിഎം എംഡി ആസാദ് മൂപ്പന്‍, ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ്, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.

യുഎഇ അടക്കമുളള വിദേശ രാജ്യങ്ങളില്‍ ഏകദേശം 32 ദശലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളുണ്ടെന്നാണ് കണക്ക്. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയിലേക്ക് പ്രതിവര്‍ഷം 78 ബില്യണ്‍ ഡോളറാണ് പ്രവാസി സമൂഹം നല്‍കുന്നത്. കേരളത്തില്‍ ബിസിനസ് ആരംഭിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനും പ്രവാസി സമൂഹത്തിന്‍റെ വിപുലമായ സംഭാവനകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി പദ്ധതി ആരംഭിക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ആഗോള ഡെസ്കായി പ്രവര്‍ത്തിക്കും, പ്രവാസി സമൂഹത്തിന് അവര്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തോ ഇന്ത്യയിലോ വിപണി വിപുലീകരിക്കാനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്‍ഫിനിറ്റി കേന്ദ്രങ്ങളില്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ യുഎസ്എ, യുഎഇ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുറക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുടര്‍ സാധ്യതകള്‍ മനസ്സിലാക്കി കൂടുതല്‍ രാജ്യങ്ങളിലേക്ക് വിപുലീകരിക്കും. അതേസമയം വിദേശ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ത്യന്‍ വിപണിയെ അപഗ്രഥിക്കുന്നതിന്‍റെ കേന്ദ്രമായും ഇന്‍ഫിനിറ്റി ലോഞ്ച് പാഡ് പ്രവര്‍ത്തിക്കും. കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളുമായും സ്റ്റാര്‍ട്ടപ്പ് മിഷനുമായും സഹകരിച്ച് സംരംഭക മേഖയിലേക്ക് കടന്നുവരാന്‍ പ്രവാസി സമൂഹത്തിന് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ അവസരമൊരുക്കും.

വിദേശ രാജ്യത്ത് നിന്ന് തന്നെ കേരളത്തില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള എല്ലാ സഹായവും ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലൂടെ ലഭിക്കും. വിദേശത്തെ കേന്ദ്രങ്ങളില്‍ പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് സ്വന്തം ഓഫീസില്ലാതെ ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ വഴി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഉത്പന്ന രൂപീകരണം, വികസനം എന്നീ മേഖലകളില്‍ ഇന്‍കുബേഷന്‍ സഹായവും ലഭ്യമാക്കും. പ്രവാസി സമൂഹത്തിന് കെഎസ് യു എമ്മിന്‍റെ വിവിധ പദ്ധതികളില്‍ നിക്ഷേപകന്‍, സംരംഭകന്‍, സ്ഥാപകന്‍, വിദഗ്ധോപദേഷ്ടാവ് എന്നീ നിലകളില്‍ പങ്കെടുക്കാനും അവസരമൊരുക്കും. പ്രവാസികള്‍ക്ക് കേരളത്തിലെ എയ്ഞ്ചല്‍ നിക്ഷേപക ശൃംഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോടൊപ്പം കെഎസ് യുഎമ്മിന്‍റെ ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയില്‍ പങ്കാളികളാകാനും സാധിക്കും.

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

SCROLL FOR NEXT