തന്‍റെ എഴുത്തിന്‍റെ പ്രധാന ഘടകങ്ങളിലൊന്ന് ദിവാസ്വപ്നമാണെന്ന് പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി ക്ലെയർ ലെഗ്രാൻഡ്. എക്സ്പോ സെന്‍ററില്‍ നടക്കുന്ന ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലില്‍ കുട്ടികളോട് സംവദിക്കുകയായിരുന്ന അവർ.
വളർന്നു വരുന്ന എഴുത്തുകാർക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന എഴുത്തിന്‍റെ വിവിധ വശങ്ങളെ കുറിച്ചും വിദ്യാർത്ഥികളോട് അവർ സംസാരിച്ചു. തങ്ങളുടെ ശബ്ദത്തിന് മൂല്യമുണ്ടെന്ന് തിരിച്ചറിയണം. ദിവാസ്വപ്നമെന്നുളളത് പ്രധാനമാണ്. നിങ്ങളുടെ ഇഷ്ടങ്ങളെ ഉപേക്ഷിക്കരുതെന്നും അവർ കുട്ടികളോട് പറഞ്ഞു.
പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമ്പോഴാണ് നമ്മള്‍ സജീവമാകുന്നത്. തന്‍റെ ശബ്ദത്തിന്‍റെ മൂല്യത്തിലും ദിവാസ്വപ്നങ്ങളുടെയും ഭാവനയുടെയും സർഗ്ഗാത്മകതയുടെയും ശക്തിയിലും ഞാന്‍ വിശ്വസിച്ചില്ലായിരുന്നുവെങ്കില്‍ എന്‍റെ കഥാപാത്രങ്ങളുണ്ടാവുകയില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
16 വർഷത്തെ പരിശ്രമത്തിനും പരാജയത്തിനും ശേഷം 2018 ലാണ് തന്‍റെ ആദ്യ കൃതിയായ ഫ്യൂറി ബോണ്‍ ക്ലെയർ ലെഗ്രാൻഡ് പ്രസിദ്ധീകരിച്ചത്. ന്യൂയോർക്ക് ടൈംസിന്‍റെ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരിയായ ക്ലെയർ ലെഗ്രാൻഡ് 11 നോവലുകളുടെ രചയിതാവാണ്.