ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗപ്പെടുത്തി സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഒരുങ്ങി ഇന്‍ഷുറന്‍സ് മേഖല. 2025 ജനുവരിയിൽ രാജ്യവ്യാപകമായി നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ യുഎഇ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് നീക്കം. മേഖലയിലെ വിവിധ സാധ്യതകള്‍ ചർച്ച ചെയ്ത് ഇന്‍ഷുറന്‍സ് മീറ്റ് ദുബായില്‍ നടന്നു. ആരോഗ്യവകുപ്പ് മുന്‍ മന്ത്രി ഹുമൈദ് മുഹമ്മദ് ഉബൈദ് അൽ ഖുതാമി മുഖ്യാതിഥിയായി. ദുബായ് ഹെൽത്ത്‌കെയർ അതോറിറ്റിയുടെ സർക്കാർ റെഗുലേറ്റർമാർക്കൊപ്പം അന്തർദ്ദേശീയ, പ്രാദേശിക ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള പ്രതിനിധികളും തുംബെ ഹെൽത്ത്‌കെയർ സംഘടിപ്പിച്ച മീറ്റില്‍ പങ്കെടുത്തു.
എ ഐ ഉപയോഗപ്പെടുത്തി ഇൻഷുറൻസ് മേഖലയുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്‌തു. അഡ്വാൻസ്ഡ് അനലിറ്റിക്‌സ് ഇൻഷുറൻസ് മേഖലയിൽ സത്യസന്ധരായ ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും, ഇൻഷുറർമാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപകരിയ്ക്കുമെന്നാണ് വിലയിരുത്തല്‍. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാദ്ധ്യതകൾ ഇൻഷുറൻസ് വ്യവസായത്തെ പരിഷ്കരിക്കുമെന്നും, വ്യക്തികൾക്ക് സുസ്ഥിരവും തുല്യവുമായ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന് പ്രയോജനപ്പെടുമെന്നും തുംബെ ഹെൽത്ത്‌കെയർ വൈസ് പ്രസിഡന്‍റ് അക്ബർ മൊയ്തീൻ തുംബെ പറഞ്ഞു.
പ്രതിരോധ സ്ക്രീനിംഗുകൾക്കും സങ്കീർണ്ണമായ നടപടിക്രമങ്ങൾക്കുമായി സമഗ്രമായ കവറേജിലൂടെ സ്ത്രീകളുടെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുക, രോഗികളുടെ സംതൃപ്തി വർധിപ്പിക്കുക, നവജാത ശിശുക്കൾക്ക് വൈദ്യസഹായം ലഭിക്കുന്ന ഇൻഷുറൻസ് സ്‌കീമുകൾ തുടങ്ങിയ വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്‌തു.സ്വകാര്യമേഖലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ജീവനക്കാർക്കും, നിലവിൽ കവറേജില്ലാത്ത വീട്ടുജോലിക്കാർക്കും അവശ്യ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതാണ് യുഎഇ- ൽ നടപ്പാക്കുന്ന പുതിയ നിർബന്ധിത ഇൻഷുറൻസ് പദ്ധതി. 2025 ജനുവരി മുതൽ, വിസ നൽകുമ്പോഴും പുതുക്കുമ്പോഴും തൊഴിലുടമകൾ ആരോഗ്യ ഇൻഷുറൻസ് നൽകണമെന്നതാണ് നിർദ്ദേശം.