യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 29 ന് തുറക്കും. ഏപ്രിലില്‍ തുടങ്ങിയ അധ്യയനവർഷത്തിന്‍റെ തുടർ പഠനമാണ് ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ മധ്യവേനലവധി കഴിഞ്ഞ് നടക്കുക. അതേസമയം മറ്റ് സ്കൂളുകളില്‍ പുതിയ അധ്യയന വർഷമാണ് ആരംഭിക്കുന്നത്. കുട്ടികള്‍ എത്തിച്ചേരുന്നതിന് മുന്‍പുളള ഒരുക്കങ്ങള്‍ക്കായി അധ്യാപകരും അനധ്യാപകരും സ്കൂളുകളില്‍ എത്തിക്കഴിഞ്ഞു.
അബുദബിയില്‍ അധികൃതർ നിർദ്ദേശിച്ചിട്ടുളള മാർഗനിർദ്ദേങ്ങള്‍ അനുസരിച്ചാകും സ്കൂളുകള്‍ പ്രവർത്തിക്കുക. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ സ്കൂളുകള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അബുദബി ഡിപാർമെന്‍റ് ഓഫ് എഡ്യുക്കേഷന്‍ ആന്‍റ് നോളജ് അറിയിച്ചു.
സ്കൂള്‍ തുറക്കുമ്പോള്‍, മാർഗ്ഗ നിർദ്ദേശങ്ങളിങ്ങനെ
1. സ്കൂള്‍ തുറക്കുന്ന ദിവസത്തിന്‍റെ 96 മണിക്കൂറിനുളളിലുളള കോവിഡ് പിസിആർ പരിശോധനാഫലം ആവശ്യമാണ്. കുട്ടികള്‍ക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും കോവിഡ് നെഗറ്റീവ് പരിശോധനാഫലം അനിവാര്യം.
2. വാക്സിനെടുക്കാത്ത 16 വയസിന് മുകളില്‍ പ്രായമുളള കുട്ടികളാണെങ്കില്‍ ഓരോ ഏഴ് ദിവസത്തിലും കോവിഡ് പിസിആർ പരിശോധന നടത്തി നെഗറ്റീവെന്ന് ഉറപ്പിക്കണം.
3. വാക്സിനെടുത്തവരാണെങ്കില്‍ 16 വയസിന് മുകളില്‍ പ്രായമുളള കുട്ടികള്‍ക്ക് 14 ദിവസം കൂടുമ്പോള്‍ പിസിആർ പരിശോധന നടത്തണം. അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസും വേണം.
4. 16 വയസിന് താഴെയുളളവരാണെങ്കില്‍ 30 ദിവസത്തിലൊരിക്കലാണ് പിസിആർ പരിശോധന നടത്തേണ്ടത്.
5. രണ്ടാം ക്ലാസിന് മുകളിലുളള കുട്ടികള്‍ക്ക് ക്ലാസ് മുറികളില്‍ മാസ്ക് നിർബന്ധമാണ്. എന്നാല്‍ ക്ലാസ് റൂമിന് പുറത്ത് മാസ്ക് ധരിക്കുന്നത് ഉചിതം, പക്ഷെ നിർബന്ധമല്ല.
6. ക്ലാസ് മുറികളില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉചിതം.
7. പഠനയാത്രകള്‍ അനുവദിച്ചിട്ടുണ്ട്.
8.കായിക-കലാ പ്രവർത്തനങ്ങളും മുന്‍കരുതല്‍ സ്വീകരിച്ചുകൊണ്ട് നടത്താം.
9.ഉള്‍ക്കൊളളാവുന്നതിന്‍റെ 90 ശതമാനം എന്ന രീതിയിലായിരിക്കും സ്കൂളുകളിലെ കലാപരിപാടികള്‍ സംഘടിപ്പിക്കേണ്ടത്
10. സ്കൂള്‍ ബസുകള്‍ പൂർണ തോതില്‍ പ്രവർത്തിക്കാം.
11. സ്കൂളില്‍ സന്ദർശനത്തിന് എത്തുന്നവർക്ക് ഗ്രീന്‍ പാസ് നിർബന്ധം. വാക്സിനെടുക്കാത്തവരാണെങ്കില്‍ 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധനാഫലവും നിർബന്ധം.
കോവിഡ് രോഗിയുമായി അടുത്ത ബന്ധം പുലർത്തിയവർ
1. 18 വയസിനു താഴെയുളളവരാണെങ്കില്‍ ക്വാറന്‍റീനില്ല. ഒന്നാം ദിവസവും നാലാം ദിവസവും പരിശോധന നടത്തണം
2. കോവിഡ് രോഗിയുമായി അടുത്ത ബന്ധം പുലർത്തിയവർ 18 വയസിന് മുകളിലുളളവരാണെങ്കില്‍ ക്വാറന്‍റീനില്ല,ആദ്യത്തെ അഞ്ച് ദിവസം പരിശോധന നടത്തണം.