ദുബായില്‍ മെട്രോ ഉള്‍പ്പടെയുളള പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ്. കഴിഞ്ഞവർഷം 70.2 കോടിപേരാണ് പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത്. യാത്രാക്കാരുടെ എണ്ണത്തില്‍ മുന്‍വർഷത്തേക്കാള്‍ 13 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളത്. ദിവസേന 19.2 ലക്ഷം പേരാണ് പൊതുഗതാഗതം ഉപയോഗിക്കുന്നത്. ദുബായ് മെട്രോ, ട്രാം, പൊതുബസുകള്‍,മറൈന്‍ ട്രാന്‍സ്പോർട്ടുകള്‍,ഷെയർ മൊബിലിറ്റി എന്നിവയില്‍ ഉള്‍പ്പടെയുളള കണക്കാണിത്.
മെട്രോ ബ്ലൂലൈന്‍ നിർമ്മാണം ഈ വർഷം ആരംഭിക്കും
ദുബായ് മെട്രോയുടെ വിപുലീകരണമായ മെട്രോ ബ്ലൂ ലൈന്‍ പദ്ധതിയുടെ നിർമ്മാണം ഈ വർഷം ആരംഭിക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മാത്തർ അല്‍ തായർ പറഞ്ഞു. 15.5 കിലോമീറ്റർ ഭൂഗർഭപാതയും 14.5 കിലോമീറ്റർ ഉപരിതല പാതയുമായി മൊത്തം 30 കിലോമീറ്റർ ദൈർഘ്യത്തിലാണ് ബ്ലൂ ലൈന്‍ നിർമ്മിക്കുന്നത്. സിലിക്കണ്‍ ഓയാസീസ്, ഗ്ലോബല്‍ വില്ലേജ് ഉള്‍പ്പടെ ദുബായിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 3 ഇന്‍റർ ചേഞ്ച് സ്റ്റേഷനുകള്‍ ഉള്‍പ്പടെ 14 സ്റ്റേഷനുകളാണ് ബ്ലൂലൈനിലുണ്ടാവുക.
ഏറ്റവും തിരക്ക് അനുഭവപ്പെട്ടത് ഡിസംബറില്‍
കോപ് 28 കാലാവസ്ഥ ഉച്ചകോടി നടന്ന ഡിസംബറിലാണ് പൊതുഗതാഗത സംവിധാനം കൂടുതല്‍ പേർ ഉപയോഗപ്പെടുത്തിയത്. 6 കോടി 49 ലക്ഷം പേരാണ് ഡിസംബറില്‍ പൊതുഗതാഗതം ഉപയോഗിച്ചത്. ഒക്ടോബറിലും നവംബറിലും ഇത് യഥാക്രമം 6.42 കോടിയും 6.4 കോടിയുമാണ്.
മുമ്പന്‍ മെട്രോ
പൊതുഗതാഗത സംവിധാനങ്ങളില്‍ ഏറ്റവും കൂടുതല്‍ യാത്രാക്കാർ ഉപയോഗപ്പെടുത്തിയത് ദുബായ് മെട്രോ. ആകെ യാത്ര ചെയ്തവരില്‍ 37 ശതമാനവും മെട്രോ യാത്രികരാണ്. മുന്‍വർഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് വർദ്ധനവ്. പതിവുപോലെ യൂണിയന്‍ മെട്രോ സ്റ്റേഷനും ബുർജ്മാന്‍ മെട്രോ സ്റ്റേഷനുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നുപോയ സ്റ്റേഷനുകള്‍.ടാക്സികളിൽ 28 ശതമാനം പേരും ബസ് ഉപയോഗിച്ചത് 25 ശതമാനവുമാണ്.. ഷെയർ ടാക്സികൾ ഉപയോഗിച്ചത് 6 ശതമാനം പേരാണ്. ജല ഗതാഗതം ഉപയോഗിച്ചത് 3 ശതമാനവും ട്രാം ഉപയോഗിച്ചത് ഒരു ശതമാനവുമാണ്.