ഡിവൈഎഫ്‌ഐ പെരിങ്ങത്തൂര്‍ മേഖലാ കമ്മിറ്റി ലോക്ക് ഡൗണ്‍ കാലത്ത് അച്ഛനോടൊപ്പം ഫോട്ടോ എന്ന പേരില്‍ ഫേസ്ബുക്ക് പേജില്‍ മത്സരം സംഘടിപ്പിച്ചു. ലോക്ക് ഡൗണ്‍ വിരസത നീക്കാനെന്ന പേരിലാണ് മത്സരം. രണ്ടാമത്തെ എന്‍ട്രിയായി പേജില്‍ പോസ്റ്റ് ചെയ്തത് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി അച്ഛനൊപ്പം നില്‍ക്കുന്ന ചിത്രം. ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി ഫോട്ടോയെ ചൊല്ലി ചര്‍ച്ചയും വിമര്‍ശനവും ഉയര്‍ന്നതോടെ ഫേസ്ബുക്ക് പേജില്‍ നിന്ന് ഡിവൈഎഫ്‌ഐ പെരിങ്ങത്തൂര്‍ മേഖലാ കമ്മിറ്റി ഫോട്ടോ നീക്കം ചെയ്തു. ടി.പി ചന്ദ്രശേഖരന്റെയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരന്റെയും ഫോട്ടോ എന്‍ട്രിയായി ഉള്‍പ്പെടുത്തണമെന്ന രീതിയില്‍ രൂക്ഷമായ വിമര്‍ശനവും ഡിവൈഎഫ്‌ഐ പെരിങ്ങത്തൂര്‍ മേഖലയുടെ മത്സരത്തിനെതിരെ ഉയര്‍ന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ വിമര്‍ശനവുമായി എത്തി. അച്ഛനൊപ്പം ഇതുപോലെ ഒരു ഫോട്ടോ എടുക്കാനുള്ള മകന്റെ ആഗ്രഹം കൂടിയാണ് ഷാഫി ഇല്ലാതാക്കിയെന്ന രീതിയില്‍ കമന്റുകളും വന്നു. ഈ ഫോട്ടോയ്ക്ക് കമന്റായി നിരവധി പേര്‍ ടിപിയും മകനും നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.
150ലേറെ പേരുടെ അച്ഛനൊപ്പമുള്ള ഫോട്ടോ പേജില്‍ ഷെയര്‍ ചെയ്തപ്പോള്‍ കൂടുതല്‍ പേര്‍ക്കും നൂറില്‍ താഴെ ലൈക്കുകളാണ് ലഭിച്ചത്. ചുരുക്കം ചിലര്‍ക്ക് അഞ്ഞൂറിന് മുകളില്‍ ലൈക്ക്. 1000ത്തില്‍ താഴെ പേജ് ലൈക്ക് മാത്രമുള്ള ഡിവൈഎഫ്‌ഐ പെരിങ്ങത്തൂര്‍ മേഖലാ കമ്മിറ്റിയുടെ പേജില്‍ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്കും അച്ഛനും ലഭിച്ചത് രണ്ടായിരത്തിന് മുകളില്‍ ലൈക്ക്. പേജില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ചതും ഷാഫിക്ക് തന്നെ.
മേയ് ഒന്നിനാണ് ഡിവൈഎഫ്‌ഐ പ്രാദേശിക ഘടകം മത്സരവുമായി രംഗത്ത് വന്നത്. സഖാക്കളെ, ലോക്ക് ഡൗണിന്റെ വിരസത മാറ്റാന്‍ DYFI പെരിങ്ങത്തൂര്‍ മേഖല കമ്മിറ്റി അച്ഛനോടൊപ്പം എന്ന ക്യാപ്ഷനില്‍ photo contest നടത്താന്‍ തീരുമാനിച്ചിരിക്കുന്നു..പുതിയ പേജാണ് like ചെയ്യാന്‍ മറക്കല്ലേ https://www.facebook.com/DYFI-പെരിങ്ങത്തൂര്‍-മേഖലകമ്മിറ്റി-100102365019332/
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ ചേര്‍ത്ത വാട്‌സപ്പ് നമ്പറില്‍ അച്ഛനോടൊപ്പമുള്ള ഫോട്ടോ സെന്റ് ചെയ്യുക ഫോട്ടോ അയക്കേണ്ട അവസാന തീയ്യതി : 15 മെയ് 2020 വിജയിയെ പ്രഖ്യാപിക്കുന്നത് 16 മെയ് 2020 രാത്രി 10 മണി ഇതായിരുന്നു ആദ്യത്തെ പോസ്റ്റ്.