Blogs

ഉന്നാവോ: നാടുവാഴി രാഷ്ട്രീയത്തിന്റെ യുപി മോഡല്‍ 

വി എസ് സനോജ്

ഉന്നാവ് ബലാത്സംഗക്കേസ് വീണ്ടും ശ്രദ്ധാകേന്ദ്രമായപ്പോൾ യു.പി. ബ്യൂറോയിൽ വെച്ച് എഴുതിയ വാർത്ത മെയിലിൽ തെരഞ്ഞു. 12 ലധികം. ഫോളോഅപ് ആയും, മെയ് മാസത്തിൽ എഡിറ്റോറിയൽ പേജ് ലേഖനത്തിലും എഴുതി. (കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന്, ഡൽഹി, മുംബൈ, ചെന്നൈ ഒഴികെയുള്ള വാർത്തകൾക്ക് ലഭിക്കുന്ന സ്പേസ് പത്രങ്ങളിൽ പരിമിതമാണ്. യു.പി. രാഷ്ട്രീയ പ്രസക്തിയും ലോ ആന്റ് ഓർഡർ ഇഷ്യൂസ്, വർഗീയ പ്രശ്നങ്ങളാലും ശ്രദ്ധിക്കപ്പെടുന്ന ഇടം നേടാറുണ്ട്. ഉന്നാവ് കേസുണ്ടായ സമയത്ത് കേരളത്തിന് പുറത്തുള്ള എഡിഷനിൽ സമാന്യം ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് എം.എൽ.എ. പ്രതിയായ കേസിന്റെ വാർത്ത ഞാൻ ജോലി ചെയ്ത പത്രത്തിൽ വന്നത്) അതെല്ലാം ഒന്നെടുത്തുനോക്കി.

എന്താണ് കേസ്- ഉന്നാവിൽ ഒരു യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. പ്രതികൾ ബംഗർമാവ് എംഎൽഎ, സഹോദരൻ, അംഗരക്ഷകൻ. പിന്നീട് എന്തുണ്ടായി-ഇരയ്ക്കെതിരെ വധശ്രമം, ഭീഷണി. ഇരയുടെ ഒപ്പം പിതാവും പിതൃസഹോദരനും പോരാട്ടത്തിനിറങ്ങി. അവർ പലവട്ടം പോലീസിന് പരാതി നൽകി. ഒരുപാട് തവണ അലഞ്ഞു. കരഞ്ഞു, കാലുപിടിച്ചു, പരാതി പോലീസും സർക്കാരും അവഗണിച്ചു. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തില്ല. പക്ഷേ പകരം മറ്റൊരു കാര്യം ചെയ്തു, ആദ്യ ടിസ്റ്റ്- ഇരയുടെ പിതാവിനെതിരെ വ്യാജക്കേസ്-എന്നിട്ടോ- ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു. ആന്തരികക്ഷതവും രക്തസ്രാവവും-അണുബാധയെ തുടർന്ന് മരണം. പനിയും അണുബാധയും മാത്രം സർക്കാർ രേഖകളിൽ മിടിച്ചുനിന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലോ-പരിക്ക്-14 ഇടത്ത് കടുത്ത മർദ്ദനമേറ്റ മുറിവ്-അടിവയറിൽ ഉൾപ്പെടെ കനത്ത ക്ഷതം എന്നും. എന്താണ് പിതാവിനെതിരായ കേസ്- ആയുധം കൈവശം വെച്ചുപോലും. അതിന് ലോക്കപ്പിലിടിച്ച് മർദ്ദിച്ച് മരണാസന്നനാക്കണോ-അതുപിന്നെ (പാവപ്പെട്ടവന്റെ കാര്യത്തിൽ) കഥയിൽ ചോദ്യമില്ല.

പിന്നീട് എന്തുണ്ടായി- ഇരയായ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. പലർക്കും പരാതി അയച്ചു. എന്നിട്ടോ- ഒന്നും സംഭവിച്ചില്ല. എങ്ങനെ കേസ് ശ്രദ്ധിക്കപ്പെട്ടു-യുവതി ഗതികെട്ട് മുഖ്യമന്ത്രിയുടെ വസതിയുടെ മുന്നിൽ ആത്മാഹൂതിക്ക് ശ്രമിച്ചു, അങ്ങനെ മാധ്യമവാർത്തകളായി. മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു, അലഹബാദ് ഹൈക്കോടതിയും. അതായത് ഉന്നാവ് കേസ് വിവാദമാകുന്നത് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സമയത്തല്ല. റേപ്പ്, ആൾക്കൂട്ട കൊല, ദളിത് പീഡനം.. യു.പിയിൽ പുതുമയില്ലാത്ത കേസാണ്. മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധമാണ് സമൂഹം ഇരയെ ശ്രദ്ധിക്കാൻ കാരണം. ഹൈക്കോടതി ചോദിച്ചു- 17 വയസ്സുള്ളപ്പോൾ നടന്ന കേസിൽ പോക്സോ ചുമത്താൻ വകുപ്പുള്ളപ്പോൾ എന്തുകൊണ്ട് അറസ്റ്റുണ്ടായില്ല എന്ന്. ഡി.ജി.പി. ഭവ്യതയോടെ അന്ന് വൈകീട്ട് മാധ്യമങ്ങളോട് പറഞ്ഞു-കോടതി കുറ്റവാളിയെന്ന് കണ്ടെത്തുംവരെ എം.എൽ.എ. പദവിയോട് തങ്ങൾക്ക് വലിയ ബഹുമാനം ആണെന്ന്. എന്താലേ! (വാർത്താസമ്മേളനത്തിന് വരുമ്പോൾ ചില നാലാംതൂണുകാർ പോലും രാഷ്ട്രീയക്കാരുടെ കാലിൽ തൊട്ട് നമസ്കരിക്കുന്ന ദേശമാകുന്നു യു.പി.)

ഇനി മറ്റൊരു കാര്യം. യു.പി. കേരളമല്ല. (ആണെന്ന് കേരളാ സംഘികൾ പറഞ്ഞാലും) അധികാരമുള്ളവർ (മിക്കവരും) നാട്ടിലെ, നാടുവാഴിമാരോ അൽപ്പം ക്ലിഷേ ആയി പറഞ്ഞാൽ കിരീടം വെക്കാത്ത രാജാക്കൻമാരോ ആണ്. അമേഠി പോകുംവഴി ആണ് കുണ്ട. അവിടത്തെ എം.എൽ.എ. (ഇപ്പോൾ ഭരണകക്ഷിയുടെ ഒപ്പം) ആരാണ്-ഒരു ലോക്കൽ ഡോൺ. കിഴക്കൻ യുപിയിലെ മാവ് എം.എൽ.എയും അധോലോക രാജാവ് എന്നറിയപ്പെടുന്നു-ഇപ്പോ എവിടെ-ജയിലിൽ-അവിടെ ഇരുന്ന് പ്രജകളെ ഭരിക്കുന്നു. അങ്ങനെ പലരും. ഇനി ഉന്നാവ് കേസിലെ പ്രതി ആരാണ്- ബംഗർമാവിലെ വെറും നിയമസഭാംഗമല്ല. കാൻപുർ മേഖലയിലെ (അതൊരു വലിയ ലോകമാണ്) പ്രമുഖ നേതാവ്. പാർട്ടിയ്ക്ക് അവഗണിക്കാനാവാത്ത സാന്നിധ്യം. ഇനി മുഖ്യൻ എന്തുചെയ്തു- പരമാവധി പ്രതികരിക്കാതെ, അവഗണിക്കാൻ ആവുംവിധം ശ്രമിച്ചു. ഒടുവിൽ- യുവതി തീ കൊളുത്താൻ എത്തി. കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ, ഹൈക്കോടതിയുടെ കമന്റ് അതോടെ സർക്കാർ ഒന്നനങ്ങി. ഉന്നാവ്, സത്യത്തിൽ ഒര് കേസായത് അങ്ങനെ. പക്ഷേ സ്റ്റേഷനിൽ ചെന്ന് പുറത്തിറങ്ങി കുൽദീപ് സെംഗാർ ശുദ്ധനാടുവാഴിത്ത സ്വരത്തിൽ പറഞ്ഞു. സ്റ്റേഷനിലേക്ക് സ്വന്തം വാഹനത്തിൽ വന്നത് പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാനാണ് ആരും ചോദ്യം ചെയ്യാൻ വിളിച്ചതല്ല-നല്ല 916 പരിശുദ്ധി ആത്മവിശ്വാസത്തിൽ മറുപടി. കാൻപുരിലെ ഭരണകക്ഷി നേതാവിനെ പോലീസ് അത്ര പെട്ടെന്നൊന്നും നീരസപ്പെടുത്തില്ല, റൈറ്റ്. ഇവിടെ കാര്യങ്ങൾ വേറെ ലെവലാണ്.

ഇരയുടെ പിതാവിന്റെ കാര്യം. ആയുധം കൈവശം വെക്കുന്നതിന് തല്ലിക്കൊല്ലാമോ എന്ന് ചോദിച്ചാൽ ചിരിയ്ക്കണോ കരയണോ എന്നാകും യു.പി. ചിന്തിക്കുക. കോട്ടയത്ത് എത്ര മത്തായിമാർ ഉണ്ടെന്ന് ജോൺ എബ്രഹാം ചോദ്യം പോലെയാണ് കാര്യം. യു.പിയിൽ തോക്കില്ലാത്ത വീട് കാണില്ല. രാജ്യത്തെ (ലൈസൻസ് ഇല്ലാത്തതും ഉള്ളതുമായ) തോക്കിന്റെ സാമ്രാജ്യങ്ങളിലൊന്നാണ് ആ സംസ്ഥാനം. കാൻപുരിലെ തോക്ക് കടകൾ ആർക്കും പോയി കാണാം. പടിഞ്ഞാറൻ യു.പിയിലെ ഷാംലി അനധികൃത തോക്ക് കൈവശക്കാരുടെ മറ്റൊരു കമ്യൂൺ. അപ്പോൾ കൈവശം വെച്ചുവെന്ന് പറയുന്ന ആയുധം- മകളുടെ കേസും തമ്മിലെന്ത് ബന്ധമെന്ന് ചോദിച്ചാൽ-കടലും കടലാടിയും. മകളുടെ ബലാത്സംഗക്കേസിലെ പരാതിക്കാരനായ പിതാവിനെ തല്ലി മൃതപ്രായനാക്കി പോലീസ് മാതൃകയായി. പിതാവ് ആസ്പത്രിയിൽ ജീവൻ വെടിഞ്ഞു. ഇനി കേസിൽ യുവതിയ്ക്കൊപ്പം വേറെ ആരുണ്ട്, അമ്മാവൻ-അഭിഭാഷകൻ, ചില ബന്ധുക്കൾ. അവർക്കെന്ത് പറ്റി-ഒരു വാഹനാപകടം. എന്നിട്ടോ-രണ്ടുപേർ തീർന്നു-വക്കീൽ-ഗുരുതരാവസ്ഥയിൽ- അപ്പോൾ യുവതി-മരണാസന്നയാണ്. ശുഭം-ശുഭകരം. കാര്യങ്ങളെല്ലാം തികച്ചും യാദൃശ്ചികം. എന്നാൽ പോലീസ് ഭാഷയിൽ വാഹനാപകടം അത്ര അസ്വാഭാവികമല്ല-നോട്ട് ദ പോയിന്റ്.

ഇനി സെംഗാറിന് വേണ്ടി അന്ന് പരസ്യമായി വാദിച്ചവരിൽ ചില ഉദാഹരണങ്ങൾ- ഒരു കേന്ദ്രമന്ത്രി സത്യപാല്‍സിങ്, എം.എല്‍.എ. സുരേന്ദ്രസിങ്, ഉന്നാവ് എം.പി. സാക്ഷി മഹാരാജ്..- ഭരണകക്ഷി, ക്ഷാത്രവീര്യങ്ങൾ ഉറഞ്ഞു അന്ന്. (ആ ദിവസങ്ങളിലെ ദേശീയ മാധ്യമ വാർത്തകൾ തെളിവ്) മുത്തലാഖിൽ മുസ്ലീം യുവതികൾക്ക് വേണ്ടി ‘ചുടുകണ്ണീരൊഴുക്കുന്ന’ പാർട്ടി ഭരണത്തിൽ. പക്ഷേ ഉന്നാവിലെ ഇര കണ്ണിൽ പെടുന്നതേയില്ല. ഒരിക്കൽ ഡൽഹി-യുപി. ദേശീയപാതയിൽ രണ്ട് സ്ത്രീകൾ രാത്രി ബലാത്സംഗം ചെയ്യപ്പെട്ടു, (വാഹനം തടഞ്ഞ് കുടുംബത്തിലുള്ളവരെ കെട്ടിയിട്ട് ഒരു സംഘം ഇവരെ ബലാത്സംഗം ചെയ്തു) താമര പാർട്ടി അന്ന് വിറപ്പിച്ചു, ലഖ്നൗ. കാരണം ഭരണം അഖിലേഷ് യാദവായിരുന്നു-അദ്ദാണ് ഈ രാജ്യം-സോ സിമ്പിൾ. കാര്യങ്ങൾ ഭോജ്പുരി സിനിമ പോലെ മുന്നേറുന്നു.

മറ്റൊന്ന്-ഇത്രയൊക്കെ വാർത്താപ്രാധാന്യം ഉന്നാവ് കേസിലുണ്ടായിട്ടും ഒരു കാര്യം ശ്രദ്ധിച്ചോ-എംഎൽഎയെ പാർട്ടി പുറത്താക്കിയില്ല, പകരം-തൽക്കാലം പുറത്ത് നിർത്തി (സസ്പെൻഷൻ മാത്രം). മുദ്ര ശ്രദ്ധിക്കണം മുദ്ര. "ഷാനി, ഇത് ചെറിയ കളിയല്ല" എന്ന് ശോഭ പറയേണ്ടത് ഈ കേസിലാണ്!!! സെം
ഗാർ ചെറിയ മീനല്ല, യോഗികളായ 'സർവസംഗപരിത്യാഗികൾ, ധ്യാനനിരതരാണ്'.

ഉത്തര്‍പ്രദേശില്‍ മാതൃഭൂമി ദിനപത്രം ലേഖകനായിരുന്നു വി എസ് സനോജ്

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT