ഉണ്ണികൃഷ്ണന്‍ ആവള എഴുതി സംവിധാനം ചെയ്ത ഉടലാഴം എന്ന ചിത്രത്തെക്കുറിച്ച് കവി പി ശിവലിംഗന്‍ എഴുതുന്നു.(അട്ടപ്പാടി സ്വദേശിയായ ശിവലിംഗന്‍ ഇരുള-ഗോത്ര ഭാഷയിലും മലയാളത്തിലും കവിതകള്‍ എഴുതി വരുന്നു)
ആദിവാസി ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന രാജുവിന്റെ ദയനീയ അവസ്ഥകളും ആദിവാസി ജീവിതത്തിന്റെ സാമൂഹിക പ്രശ്‌നങ്ങളും അതില്‍ അടങ്ങിയ രാഷ്ട്രീയ മനോഭാവങ്ങളും കൃത്യമായി ചര്‍ച്ച ചെയ്ത് അടയാളപ്പെടുത്തുന്നതായിരുന്നു ഉണ്ണികൃഷ്ണന്‍ ആവളയുടെ വിപരീതം എന്ന പുസ്തകം. വായിച്ചിരിക്കേണ്ട പ്രധാന പുസ്തകങ്ങളില്‍ ഒന്നായ ഈ കൃതിയില്‍ നിന്നും ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായി അദ്ദേഹം തന്നെ സംവിധാനം നിര്‍വഹിച്ച ഉടലാഴം എന്ന ചിത്രത്തിലെ ഗുളികന്‍, ഒട്ടനവധി രാജുമാരുടെ പ്രതിനിധാനമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്കിനെക്കുറിച്ചും വ്യക്തികളെക്കുറിച്ചും നമ്മുടെ സമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല.ഈ സാഹചര്യത്തിലാണ് ട്രൈബല്‍ ട്രാന്‍സ്‌ജെന്‍ഡറിനെ കുറിച്ച് അദ്ദേഹം എഴുതിയത്. കേരളീയ സമൂഹത്തില്‍ ഒരു ട്രൈബല്‍ ട്രാന്‍സ്‌ജെന്‍ഡറിനെക്കുറിച്ച് ഇത്രമേല്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ച ആദ്യ വ്യക്തിയും ഒരു പക്ഷേ ഉണ്ണികൃഷ്ണന്‍ ആവളയായിരിക്കും.
ആദിവാസിയും അതിലുപരി സമൂഹം പലപ്പോഴും മനുഷ്യനായി അംഗീകരിക്കുക പോലും ചെയ്യാത്ത ട്രാന്‍സ്‌ജെന്‍ഡറുമായ വ്യക്തിയെ കുറിച്ചാണ് വിപരീതം എന്ന കൃതി ചര്‍ച്ച ചെയ്യുന്നത്. ആണായി പിറവിയെടുത്ത രാജുവിന് ഒരു പ്രത്യേക സമയത്ത് നാഭി കടച്ചില്‍ അനുഭവപ്പെടുകയും അത് സ്ത്രീത്വത്തെ പ്രതിനിധാനം ചെയ്യുന്നതാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നതാണ് പ്രതിപാദ്യം. വിപരീതത്തിലെ രാജുവില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഒട്ടനവധി രാജുമാരുടെ പ്രതിനിധിയാണ് ഉടലാഴത്തിലെ ഗുളികന്‍. ട്രൈബല്‍ സമൂഹത്തില്‍ നിലകൊള്ളുന്ന ഒട്ടനവധി മാതിമാരുടെ പ്രതിനിധാനമാണ് ഉടലാഴത്തിലെ മാതി. ഇവിടെ പ്രത്യക്ഷത്തില്‍ കാണുന്നത് രണ്ട് വിഷയങ്ങളാണ്. ഒന്ന്, ആദിവാസിയായി ജന്മം എടുത്തു എന്നത്. രണ്ടാമത്തേത് ട്രാന്‍സ്‌ജെ ന്‍ഡര്‍ എന്നുള്ളതും.
ആദിവാസി പുരുഷനായി ജനിക്കുകയും ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതം നയിക്കുകയും ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ച് അയാള്‍ നേരിടുന്ന പ്രശ്‌നം ഭയാനകമാണ്. പൊതു മണ്ഡലത്തില്‍ ഇന്നലെ വരെ മുകളില്‍ പ്രതിപാദിച്ച രണ്ട് വിഭാഗത്തെയും നമ്മോടൊപ്പം കൂട്ടാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അതിപ്രധാനമായ വസ്തുതകള്‍ ചര്‍ച്ച ചെയ്യുകയാണ് ഇവിടെ. ഉണ്ണികൃഷ്ണന്‍ ആവളയുടെ വിപരീതം, ഒരു വര്‍ഷത്തിന് ശേഷം വ്യക്തമായ പഠനങ്ങള്‍ക്ക് വിധേയമാക്കി ഉത്തമ ബോധ്യത്തോടെ തിയേറ്റുകളില്‍ എത്തുന്നത് ഉടലാഴം എന്ന ചിത്രമായാണ്. എന്നാല്‍ വിപരീതത്തില്‍ നിന്നും വിപരീതമായാണ്, ആഷിക് അബു അവതരിപ്പിച്ച് ഉണ്ണികൃഷ്ണന്‍ ആവള എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം സിനിമാ പ്രേമികളുടെ മുന്നിലെത്തിയിരിക്കുന്നത്.
കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ തനിമയുളളതാണ്. അഭിനേതാക്കളെ കഥാപാത്രമാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളൊന്നും ഉപയോഗിച്ച് അവയെ വഷളാക്കി മാറ്റുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഉദാഹരണത്തിന് കഥാപാത്രത്തിന്റെ നിറത്തിനൊത്ത് അഭിനേതാവിന് ചായം പൂശുന്ന അസംബന്ധങ്ങള്‍ ഉണ്ണികൃഷ്ണന്‍ ആവള സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ചായം പൂശി അവാര്‍ഡുകള്‍ വാങ്ങി കൂട്ടുന്ന അഭിനയ സമ്പ്രദായത്തിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് മാതിയും ഗുളികനും. ഒരു പക്ഷേ മുഖ്യധാരയിലുള്ള നടീ-നടന്‍മാര്‍ ആണ് ഗുളികന്‍-മാതി കഥാപാത്രങ്ങള്‍ ചെയ്തിരുന്നതെങ്കില്‍ അവാര്‍ഡുകള്‍ ഒഴുകിയെത്തിയേനെ. എന്തുകൊണ്ട് ഗുളികന്‍, മാതി പോലുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച വ്യക്തികളെ തേടി അവാര്‍ഡുകള്‍ എത്തുന്നില്ലെന്ന വലിയൊരു ചോദ്യവും നമുക്ക് മുന്നില്‍ ഉണ്ട്.
യഥാര്‍ത്ഥത്തില്‍ വിപരീതത്തിന്റെ സ്വതന്ത്രമായ ഫിക്ഷന്‍ ആണ് ഉടലാഴം. രാജുവില്‍ നിന്നും ഗുളികനില്‍ എത്തി നില്‍ക്കുന്ന, വിപരീതത്തിന്റെ വിപരീതമായ ഉടലാഴം നയിക്കുന്നത് വിവിധ ചിന്താമണ്ഡലങ്ങളിലേക്കാണ്. കാട്ടിലെ മര കഷണങ്ങള്‍ ആറ് തൂണുകള്‍ ആക്കി , കാറ്റിനെയും മഴയെയും വെയിലിനെയും തടഞ്ഞുനിര്‍ത്താന്‍ പുല്ലിനെ രക്ഷാകവചമാക്കി, ചെറുകൂരയില്‍ സ്വസ്ഥതയോടെ ജീവിക്കുകയും കാട്ടു കനികള്‍ മുതല്‍ മുളയരി വരെ ഭക്ഷണമായി ഉപയോഗിച്ച് ശരീരത്തിന്റെ ബലം കളയാതെ സ്വന്തമായ വ്യക്തിത്വം പുലര്‍ത്തി വന്ന സമൂഹത്തിന്റെ മേല്‍ കുടിയേറ്റം വന്നതു മൂലം ഉണ്ടായ പ്രശ്‌നങ്ങള്‍ ഉടലാഴം പ്രതിപാദിക്കുന്നു.
ട്രൈബല്‍ വിഭാഗത്തില്‍ (ചിലരുടേത്) അവരുടേതായ ആചാരപ്രകാരം ചെറുപ്രായത്തില്‍ തന്നെ ഈ കുട്ടി ഇന്ന ആളിന് ഉളളതാണ് എന്ന് പറഞ്ഞുവെയ്ക്കുകയും അതുപ്രകാരം നിര്‍ബന്ധപൂര്‍വ്വം പതിനാലാം വയസ്സില്‍ ആ ആണ്‍കുട്ടിക്ക് കല്യാണം കഴിച്ചു കൊടുക്കുകയും അതിലൂടെ ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്യുന്ന തരത്തിലാണ് സിനിമ ആരംഭിക്കുന്നത്. യാഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയില്‍(ആണ്‍/പെണ്‍) സവിശേഷതകള്‍ കൃത്യമായി പ്രതിഫലിപ്പിച്ച് തുടങ്ങുന്നത് പതിനാലാം വയസ്സിലൊക്കെയാണ് .ആ പ്രായത്തില്‍ ദാമ്പത്യജീവിതം ആരംഭിക്കുകയും ഗുളികന്‍ എന്ന വ്യക്തി തന്റെ ഭാര്യയെ ലൈംഗികമായി തൃപ്തിപെടുത്താന്‍ കഴിയാത്ത അവസ്ഥയില്‍ താന്‍ ആണോ പെണ്ണോ എന്ന സംശയത്തിലാവുകയും ചെയ്യുന്നുണ്ട്. ആണായി ജനിക്കുകയും പെണ്ണായി മാറാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഗുളികനിലൂടെ പ്രതിനിധാനം ചെയ്യുന്നത്.
കുടുംബം പുലര്‍ത്തുന്നതിന് വേണ്ടി എല്ലാ ട്രൈബല്‍സിനെയും പോലെ കാട്ടിലെ ഔഷധചെടികള്‍, അവയുടെ വേരുകള്‍, അട്ട എന്നിവ തുച്ഛമായ വിലയ്ക്ക് വില്‍ക്കുകയും അതിലുപരി വാങ്ങുന്ന ഏജന്റുകളില്‍ നിന്നും പറ്റിക്കപ്പെടുകയും ചെയ്യുന്നു.അട്ട എന്ന ഒരൊറ്റ പ്രതീകത്തില്‍ തന്നെ ഒട്ടനവധി രാഷ്ട്രീയമാനങ്ങള്‍ അടങ്ങിയിരിക്കുന്നു. കാട്ടിലെ പണികള്‍ ഇല്ലാതായി തുടങ്ങിയപ്പോള്‍ നാട്ടിലേക്ക് പണി അന്വേഷിച്ച് ഗുളികന്‍ എത്തുന്നു. നാട്ടില്‍ എത്തിയ ഗുളികന്‍ ഹോട്ടലിലും ഓട്ടു കമ്പനിയിലും ശവസംസ്‌കാര കേന്ദ്രത്തില്‍ സഹായിയായും പണിയെടുക്കുന്നു. ഇടയ്ക്കിടെ അയാള്‍ വീട്ടില്‍ എത്തി തിരിച്ചു നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. അതിനിടയില്‍ തന്റെ ഊരില്‍ സംഭവിച്ച ദുര്‍മരണം അവര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധി നിറഞ്ഞ അവസ്ഥയെ ചൂണ്ടിക്കാട്ടുന്നു.
താമസിക്കുന്ന ഇടത്തിനപ്പുറം തങ്ങളുടെ ശവശരീരം മറവ് ചെയ്യാന്‍ പോലും ആറടി മണ്ണിലാത്ത മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതത്തെ ചിത്രം അടിവരയിട്ട് അവതരിപ്പിക്കുന്നു. കാട്ടില്‍ ജീവിക്കുകയും കാട്ടിലെ പ്രകൃതത്തോട് ഇണങ്ങി ജീവിതം നയിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.കുടിയേറ്റത്തിന്റെ ചൂഷണത്തെ ചൂണ്ടിക്കാട്ടാന്‍ മീന്‍കാരന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രമം നടത്തുകയും ചെയ്യുന്നു. ആ ചൂഷണം എത്തി നില്‍ക്കുന്നത് ഗുളികന്റെ ഭാര്യയായ മാതിയിലാണ്(മാതി-മീന്‍കാരന്‍). ഭര്‍ത്താവില്‍ കിട്ടാത്തത് മറ്റൊരു വ്യക്തിയില്‍ നിന്നും കിട്ടുമ്പോള്‍ അവള്‍ അയാളെ വിശ്വസിക്കുന്നു. എന്നാലോ ജാതി-മത ബോധങ്ങള്‍ ,സദാചാര സാമൂഹിക വിരോധികളിലൂടെ മാതിയുടെയും ഗുളികന്റെയും വംശത്തിന്റെ ഇരിപ്പിടം തന്നെ ഇല്ലാതാകുന്ന തരത്തിലേക്ക് നീങ്ങുന്നു.
എന്നാല്‍ അത് പിന്നീട് പ്രേക്ഷകരെ നയിക്കുന്നത് സദാചാര പൊലീസുകാരുടെ ഗുണ്ടായിസത്തെ തുറന്നുകാട്ടുന്നതിലേക്കാണ്.കാടും വീടും നഷ്ടപ്പെട്ട മാതി-ഗുളികന്‍ വംശം ആ പ്രദേശത്ത് നിന്നും തുടച്ച് മാറ്റപ്പെടുന്നു എന്നു തന്നെ പറയാം. പിന്നീട് മാതിയെ തേടിയുള്ള അലച്ചിലുകളാണ്. അതിലുപരി എല്ലാം നഷ്ടപ്പെട്ട് അലയുന്ന മാതിയിലൂടെ വരച്ചിടുന്നത് അനേകം മാതിമാരെയാണെന്ന് വ്യക്തവുമാണ്.സാമൂഹ്യ മണ്ഡലത്തില്‍ ജാതി-മത-സദാചാര സാമൂഹിക വിരോധികള്‍ ഉണ്ടെങ്കില്‍ കൂടി ആ സമൂഹത്തില്‍ തന്നെ മനുഷ്യത്വമുള്ള ആളുകളും ഉണ്ടെന്ന് ഉണ്ണികൃഷ്ണന്‍ ആവള പറഞ്ഞുവെയ്ക്കുന്നു. ഡാന്‍സ് ടീച്ചറിലൂടെയും, ആക്രി കച്ചവടക്കാരിലൂടെയും ഓട്ടു കമ്പനി മുതലാളിയിലൂടെയും മരമില്ലിലെ തൊഴിലാളിയിലൂടെയും അക്കാര്യം വ്യക്തമാക്കുന്നു. ആണായി പിറക്കുകയും പെണ്ണിന്റെ മനസ്സോടെ ജീവിക്കുകയും ചെയ്യുമ്പോള്‍ സമൂഹം എങ്ങനെ കാണുന്നുവെന്നത് സിനിമ ചിത്രീകരിക്കുന്നു. അത്തരത്തില്‍ സമൂഹത്തെ ഭയന്നോടുകയാണ് ഗുളികന്‍.
‘ഉടല്‍ എന്നത് ചിലര്‍ക്ക് ശാപമാണ്. ചിലര്‍ക്ക് അത് മാംസവും'. എന്ന സംഭാഷണം എത്ര വ്യക്തതയോടെയാണ് അവതരിപ്പിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറിനെ പ്രതിപാദിക്കുമ്പോള്‍ തേര്‍ഡ് സെക്സിനെ(Third sex) പറയാതെ പോകുന്നത് ശരിയല്ലല്ലോ. ട്രാന്‍സ്‌ജെന്‍ഡറുകളും മനുഷ്യരാണ്. അവര്‍ക്കും മറ്റുളളവരെ പോലെ വികാര-വിചാരങ്ങള്‍ ഉണ്ടെന്നും അതില്‍ ഒന്നു മാത്രമാണ് ലൈംഗികത എന്നും മനസ്സിലാക്കിയാല്‍ മാത്രമേ അവരെയും മുഖ്യധാരയിലെത്തിക്കുക സാധ്യമാകുകയുളളൂ. ഉടലാഴം എന്ന സിനിമ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു എന്നതിനോടൊപ്പം ആദിവാസി ജീവിതത്തെയും പ്രതിനിധാനം ചെയ്യുന്നു എന്നതാണ്. അതിന് ഒരുപക്ഷേ ട്രൈബല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ രാജുവിനെ ബന്ധിപ്പിച്ചുളള വിപരീതം ഒരു കാരണവുമാണ്.
ഈ സിനിമ ഒരേ സമയം ആദിവാസി ജീവിതത്തെ തുറന്ന് കാണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതുമാണ്. ആദിവാസി ജീവിതം വ്യക്തമാക്കുന്നതിനായി അന്വേഷണം നടത്തുന്ന ഗവേഷകയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന കഥാപാത്രത്തെ മാറ്റി നിര്‍ത്തനിര്‍ത്തല്‍ സാധ്യമല്ല. 'കണ്ടറിയുന്നതിനേക്കാള്‍ കൊണ്ടറിയണം അതാണ് ഞങ്ങളുടെ ജീവിതം',എന്നതും,’കാട്ടില്‍ വളര്‍ന്ന് ഒരു തെറ്റും ചെയ്യാതെ കാട്ടില്‍ നിന്നും പുറത്തായി’ എന്നു പറയുന്നതും അവരുടെ നഷ്ടക്കണക്കുകളെയാണ് വിവരിക്കുന്നത്. നഷ്ടക്കണക്കുകളെ അടയാളപ്പെടുത്തുന്നതിനോടൊപ്പം അവരുടെ ഇടയില്‍ നിലനില്‍ക്കുന്ന ദുശ്ശീലങ്ങളായ ചാരായത്തിന്റെയും പുകയിലയുടെയും അമിതമായ ഉപയോഗവും(ആണുങ്ങളും പെണ്ണുങ്ങളും കുടിക്കുന്നത്)അടയാളപ്പെടുത്തുന്നതില്‍ സംവിധായകന്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് .
ഫോറസ്റ്റ് ഓഫീസര്‍ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കാന്‍ നോക്കുമ്പോള്‍ ചെകിട്ടത്തൊന്ന് കൊടുക്കുന്നതും,ഓഫീസര്‍ക്ക് കൂട്ടി കൊടുക്കാന്‍ ശ്രമിക്കുന്ന മീന്‍കാരന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുന്നതും അവരുടെ ധൈര്യത്തെ സൂചിപ്പിക്കുമ്പോള്‍,ഗുളികനിലൂടെ അവരുടെ ഭീരുത്വത്തിന്റെ അടയാളങ്ങള്‍ പകര്‍ത്തുന്ന സിനിമ കൂടിയാണ് ഉടലാഴം. എല്ലായിടത്തും ഓരോരോ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്ത് ‘എനിക്ക് പോണം’ എന്ന ഒളിച്ചോട്ടത്തിന്റെ പാതയാണ് ഗുളികന്‍ സ്വീകരിക്കുന്നത്. ആ സമയത്ത് രമേശന്‍ മുതലാളി പറയുന്ന ഒരു കാര്യം പ്രസക്തമാണ്.'നീ ഇങ്ങനെ ഓടിയാല്‍ ഓടിക്കൊണ്ടേയിരിക്കേണ്ടി വരും. നില്‍ക്കാന്‍ പഠിക്ക്'.അതു പോലെ ശവസംസ്‌കാര സഹായിയായി നില്‍ക്കുന്ന സമയത്ത് ഇന്ദ്രന്‍സിന്റെ കഥാപാത്രം കടല്‍ ചൂണ്ടി പറയുന്നതും ശ്രദ്ധേയമാണ്.'കാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തുകൊണ്ട് നാട്ടില്‍ വന്നു. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തതുകൊണ്ട് ഇവിടെ എത്തി.ഇനി ഇപ്പോ മുന്നില്‍ കടല്‍ മാത്രമേ ഉള്ളൂ’.ഇനിയെങ്കിലും നില്‍ക്കാന്‍ പഠിച്ചില്ലെങ്കില്‍......'.
ആദിവാസി എന്ന നിലയിലും, ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയിലും,ആദിവാസി ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയിലും,ഗുളികന്‍ എത്തുന്ന ഇടമെല്ലാം ചതിയുടെയും വഞ്ചിക്കലിന്റേതുമായി മാറുന്നു. അവസാനം താന്‍ തേടിയ വള്ളി കാലില്‍ ചുറ്റി എന്നതു പോലെ മാതിയുടെ മൃതദേഹം കണ്ട് യാതൊന്നും പറയാതെ തന്റെ ഇടത്തിലേക്ക് പോകുമ്പോള്‍ അവിടെ ചതിക്കുഴിയില്‍പ്പെടുകയാണ് ഗുളികന്‍. ഇത്തരത്തില്‍ ചതിക്കുഴികളില്‍ നിരന്തരം വീണു കൊണ്ടിരിക്കുന്നത് എത്രയത്ര ഗുളികന്‍മാര്‍. എത്രയത്ര മാതി മാര്‍. ഉടലുകളുടെ, ഊരുകളുടെ പച്ചയായ മനുഷ്യരുടെ രാഷ്ട്രീയം ആര്‍ഭാടമില്ലാതെ ആവിഷ്‌കരിച്ചിരിക്കുന്നു എന്നതുതന്നെയാണ് ചിത്രത്തെ ഉളളില്‍ കൊരുക്കുന്നതും, കൊളുത്തി വലിക്കുന്ന വേദനനുഭവമാക്കി മാറ്റുന്നതും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം