Blogs

കൊറോണാ വൈറസിന്റെ അന്തക!, 'കേരളാ മോഡല്‍' ദ ഗാര്‍ഡിയന്‍ വിശകലനവും, ശൈലജ ടീച്ചറുടെ അഭിമുഖവും

കൊറോണവൈറസിന്റെ അന്തക അഥവാ കേരളത്തിന്റെ 'റോക്സ്റ്റാര്‍' ആരോഗ്യമന്ത്രി കോവിഡിനെ നേരിട്ട വിധം, ദ ഗാര്‍ഡിയന്‍ മേയ് 14ന് പ്രസിദ്ധീകരിച്ച ലേഖനം ഈ തലക്കെട്ടിലായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ കേരളാ മാതൃകയെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനോടകം പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ബ്രിട്ടിഷ് ശാസ്ത്രലേഖികയും 1918-ലെ സ്പാനിഷ് ഫ്‌ലൂവിനെക്കുറിച്ച് രചിക്കപ്പെട്ട Pale Rider എന്ന കൃതിയുടെ കര്‍ത്താവും ആയ ലോറ സ്പിന്നിയാണ് ഗാര്‍ഡിയനിലെ ലേഖനവും അഭിമുഖവും തയ്യാറാക്കിയത്. ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ ബച്ചു മാഹി തയ്യാറാക്കിയത്.

ജനുവരി 20-ന് കേരളത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ഒരു ഡോക്ടർക്ക് തൻ്റെ വകുപ്പ് മേധാവിയായ കെ.കെ. ശൈലജയുടെ ഫോൺ വരുന്നു. ചൈനയിൽ അപകടകാരിയായ പുതിയൊരു വൈറസ് പടരുന്നതിനെക്കുറിച്ച് ഓൺലൈനിൽ വായിച്ചറിഞ്ഞ് വിളിച്ചതാണ്: 'അത് നമ്മെത്തേടിയും എത്തുമോ' എന്നായിരുന്നു മന്ത്രിക്ക് അറിയേണ്ടിയിരുന്നത്. "തീർച്ചയായും, മാഡം" എന്നദ്ദേഹം മറുപടി നൽകി. ആ നിമിഷം മുതൽ, ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൻ്റെ ആരോഗ്യവകുപ്പ് മന്ത്രി തൻ്റെ മുന്നൊരുക്കങ്ങൾ തുടങ്ങി.

നാലുമാസങ്ങൾക്കിപ്പുറം 524 കോവിഡ് -19 കേസുകൾ മാത്രമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്, 4 മരണങ്ങളും. ശൈലജയുടെ അഭിപ്രായത്തിൽ, സാമൂഹിക വ്യാപനം ഇല്ല. സംസ്ഥാനത്ത് ഏകദേശം മൂന്നരക്കോടി ജനസംഖ്യയുണ്ട്, പ്രതിശീർഷ ജിഡിപി 2,200 പൗണ്ട് മാത്രമാണ്. കേരളത്തിൻ്റെ ഇരട്ടി ജനസംഖ്യയും 33,100 പൗണ്ട് പ്രതിശീർഷ ജിഡിപിയുയുള്ള ബ്രിട്ടണിൽ 40,000-ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തിരട്ടി ജനസംഖ്യയും 51,000 പൗണ്ട് പ്രതിശീർഷ ജിഡിപിയുമുള്ള യു.എസിലാകട്ടെ ഇതിനകം 82,000 മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ഇരുരാജ്യങ്ങളിലും അനിയന്ത്രിതമായ സാമൂഹികവ്യാപനവും ഉണ്ട്.

ശൈലജ ടീച്ചർ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന 63-കാരിയായ മന്ത്രി ഈയിടെ ചില പുതിയ വിളിപ്പേരുകൾ സമ്പാദിച്ചിട്ടുണ്ട് - കൊറോണവൈറസിൻ്റെ അന്തക, റോക്ക്സ്റ്റാർ ആരോഗ്യമന്ത്രി എന്നിങ്ങനെ. കണ്ണട വെച്ച മുഖത്ത് സദാ ചിരി വഴിഞ്ഞൊഴുകുന്ന, സെക്കണ്ടറി സ്കൂളിലെ മുൻ സയൻസ് അദ്ധ്യാപികക്ക് ഈ പേരുകൾ അല്പം അസാധാരണച്ചുവയുള്ളതാണെങ്കിലും, ഒരു ദരിദ്ര ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിച്ചുകൊണ്ട് ഇത്തരമൊരു മഹാമാരിയെ കൂച്ചുവിലങ്ങിടൽ സാധ്യമാണെന്ന് അവർ തെളിയിച്ചതിലുള്ള വ്യാപകമായ മതിപ്പാണ് അത്തരം സംബോധനകൾ പ്രതിഫലിപ്പിക്കുന്നത്.

എങ്ങനെയാണ് ഇത് നേടിയെടുത്തത്? ചൈനയിലെ പുതിയ വൈറസിനെക്കുറിച്ച് വായിച്ചതിൻ്റെ മൂന്നാംപക്കം, ആദ്യത്തെ കോവിഡ് കേസ് കേരളത്തിൽ എത്തുന്നതിനും മുമ്പ്, ശൈലജ തൻ്റെ സത്വര പ്രതികരണ സംഘത്തിൻ്റെ ആദ്യയോഗം വിളിച്ചുചേർത്തു. അടുത്ത ദിവസം, ജനുവരി 24-ന് സംസ്ഥാന തലത്തിൽ ഒരു കൺട്രോൾ റൂം തുടങ്ങുകയും കേരളത്തിലെ 14 ജില്ലകളിലെ മെഡിക്കൽ ഓഫീസർമാരോട് അതാത് ജില്ലാതലത്തിൽ കൺട്രോൾ റൂം സ്ഥാപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ജനുവരി 27 ന്, വുഹാനിൽ നിന്നുള്ള വിമാനം വഴി ആദ്യ കേസ് എത്തുമ്പോഴേക്കും പരിശോധന, സമ്പർക്കം കണ്ടെത്തൽ, മാറ്റിപ്പാർപ്പിക്കൽ, സംരക്ഷണം എന്ന ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ ഇവിടെ സ്വീകരിച്ച് കഴിഞ്ഞിരുന്നു.

ചൈനീസ് വിമാനത്തിൽ നിന്നുള്ള യാത്രക്കാരുടെ മുഴുക്കെ താപനില പരിശോധിച്ചു. പനിയുള്ള മൂന്നുപേരെ അടുത്തുള്ള ആശുപത്രിയിൽ ഐസൊലേഷനിൽ ആക്കി. ബാക്കിയുള്ളവരെ ഹോം ക്വാറൻറൈനിലും. അവർക്കൊക്കെയും പ്രാദേശിക ഭാഷയായ മലയാളത്തിൽ ഇതിനകം അച്ചടിച്ച കോവിഡ് -19 നെക്കുറിച്ച സമഗ്രവിവരങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകളും നൽകി. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾ കോവിഡ് -19 പോസിറ്റീവ് ആണെന്ന് പരിശോധന ഫലം വന്നെങ്കിലും, രോഗത്തെ അതിനകം നിയന്ത്രണത്തിൽ ആക്കാൻ സാധിച്ചിരുന്നു. “ആദ്യഘട്ടം വിജയകരമായി, എന്നാൽ വൈറസ് ചൈനയ്ക്ക് പുറത്തേക്ക് കടന്ന് താമസിയാതെ ലോകമാകെ വ്യാപിച്ചു”, ശൈലജ പറയുന്നു.

ഫെബ്രുവരി അവസാനമാണ് വെനീസിൽ നിന്ന് മടങ്ങുന്ന ഒരു മലയാളി കുടുംബം വിമാനത്താവളത്തിൽ വിന്യസിച്ച ശൈലജയുടെ നിരീക്ഷണ സംഘാംഗത്തെ യാത്രാവിവരങ്ങൾ നൽകാതെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട്, പുതുതായി ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വഴങ്ങില്ലെന്ന മട്ടിൽ തങ്ങളുടെ വീട്ടിലേക്ക് പോയത്. ആരോഗ്യപ്രവർത്തകർ കോവിഡ് 19-ൻ്റെ ഒരു കേസ് കണ്ടെത്തി ട്രെയ്‌സ് ചെയ്തപ്പോഴാണ് ഉറവിടം ഇവരാണെന്ന് മനസ്സിലായത്. അതിനകം അവരുടെ സമ്പർക്കം നൂറുകണക്കിന് ആളുകളിലേക്ക് എത്തിയിരുന്നു. ചുമതലപ്പെട്ടവർ പരസ്യങ്ങളുടെയും സാമൂഹ്യമാധ്യമങ്ങടെയും സഹായത്തോടെ അവരെയെല്ലാം ട്രാക്കുചെയ്‌ത് ക്വാറൻറീനിലാക്കി. അതിനോടകം ആറ് പേർക്ക് കോവിഡ് ബാധിച്ചിരുന്നു.

മറ്റൊരു കണ്ണി കൂടി ഭേദിച്ചെങ്കിലും, അതിനകം രോഗം പടരാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ കേരളീയരായ പ്രവാസികൾ നാട്ടിലേക്ക് വന്നുകൊണ്ടിരുന്നു; അവരിൽ ചിലർക്ക് വൈറസ് ബാധയേറ്റിരുന്നു. മാർച്ച് 23 ന് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തലാക്കി. രണ്ട് ദിവസത്തിന് ശേഷം ഇന്ത്യയിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ നിലവിൽ വന്നു.

കേരളത്തിൽ വൈറസിൻ്റെ ഒരു തീവ്രഘട്ടത്തിൽ 170,000 പേരെ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് ക്വാറൻറീൻ ചെയ്യുകയും കർശനനിരീക്ഷണത്തിലാക്കുകയും ചെയ്തു. വീട്ടിനുള്ളിൽ ശുചിമുറി ഇല്ലാത്തവരെ സംസ്ഥാന സർക്കാറിൻ്റെ ചെലവിൽ മെച്ചപ്പെട്ട ഐസൊലേഷൻ യൂണിറ്റുകളിൽ പാർപ്പിച്ചു. ഇന്നിപ്പോൾ നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ എണ്ണം 21,000 ആയി ചുരുങ്ങിയിട്ടുണ്ട്. “അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള 150,000 കുടിയേറ്റ തൊഴിലാളികൾക്ക് ഞങ്ങൾ താമസമൊരുക്കുകയും അവർക്ക് വേണ്ട ഭക്ഷണവിഭവങ്ങൾ എത്തിച്ചുനൽകുകയും ചെയ്തുവന്നു" ,അവർ പറയുന്നു. ആ തൊഴിലാളികൾ ഇപ്പോൾ ഘട്ടംഘട്ടമായി പ്രത്യേകം ചാർട്ടർ ചെയ്ത ട്രെയിനുകളിൽ സ്വന്തം നാട്ടിലേക്ക് തിരിക്കുകയാണ്.

കോവിഡ് -19 നും മുമ്പ് തന്നെ ഇന്ത്യയിൽ ഒരു സെലിബ്രിറ്റിയാണ് ശൈലജ. കഴിഞ്ഞ വർഷം വൈറസ് എന്നൊരു സിനിമ പുറത്തിറങ്ങിയിരുന്നു. 2018 ൽ നിപ എന്ന കോവിഡിനെക്കാളും മാരകമായ വൈറൽ രോഗം അവർ കൈകാര്യം ചെയ്തതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണത് നിർമ്മിച്ചത്. ('ആ കഥാപാത്രം ഒരല്പം ബേജാറുകാരി ആയിട്ടാണ് ചിത്രീകരിക്കപ്പെട്ടത്; സത്യത്തിൽ ഭയം പ്രകടിപ്പിക്കുന്നത് എൻ്റെ പ്രകൃതമല്ല' എന്നവർ പറഞ്ഞിട്ടുണ്ട്). അന്ന് അവരുടെ സജീവമായ സത്വര ഇടപെടലുകൾ മാത്രമല്ല, രോഗം പൊട്ടിപ്പുറപ്പെട്ടതിൻ്റെ കേന്ദ്രമായ ഗ്രാമം സന്ദർശിച്ച് അവർക്ക് ആത്മവിശാസം ഏകിയതും ഏറെ പ്രശംസിക്കപ്പെട്ടു.

രോഗം എങ്ങനെയാണ് പടരുന്നത് എന്നറിയാതെ, ആ ഗ്രാമത്തിലുള്ളവർ പരിഭ്രാന്തരായി നാടുവിടാനൊരുങ്ങിയിരുന്നു. “ഞാൻ ഡോക്ടർമാരുമായി അവിടെയെത്തി, പഞ്ചായത്ത് ഓഫീസിൽ ഒരു പൗരയോഗം സംഘടിപ്പിച്ചു. എങ്ങോട്ടേക്കും പുറപ്പെട്ടു പോകേണ്ട കാര്യമില്ലെന്ന് ഞാനവരോട് പറഞ്ഞു. 'നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രമേ വൈറസ് പടരൂ, നിങ്ങൾ ചുമയ്ക്കുന്ന ആളിൽ നിന്ന് കുറഞ്ഞത് ഒരു മീറ്റർ അകലം പാലിച്ചാൽ അതിന് നിങ്ങളിലേക്കെത്താൻ കഴിയില്ല' എന്ന് ഞങ്ങൾ വിശദീകരിച്ചപ്പോൾ അവർ ശാന്തരായി; അവിടെത്തന്നെ താമസം തുടർന്നു.”

നിപയാണ് കോവിഡ് -19 നായി ശൈലജയെ ഒരുക്കിയത് എന്ന് പറയാം. ചികിത്സയോ വാക്സിനോ ഇല്ലാത്ത അപകടകാരിയായ ഒരു പകർച്ചവ്യാധിയെ ഗൗരവമായി കാണണമെന്ന് അത് നൽകിയ പാഠമാണ്. ഒരു തരത്തിൽ, ഈ രണ്ട് മഹാമാരികളെയും നേരിടാൻ അവർ തൻ്റെ ജീവിതത്തിലുടനീളം തയ്യാറെടുക്കുകയായിരുന്നിരിക്കണം!

അവർ അംഗമായ കമ്മ്യൂണിസ്റ്റ് പാർട്ടി 1957 മുതൽ കേരളഭരണത്തിൽ സുപ്രധാന സ്ഥാനം കൈയാളി വന്നു. 1956-ൽ, സാമൂഹികപ്രവർത്തകരുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും കുടുംബത്തിലാണ് അവർ ജനിച്ചത്; മുത്തശ്ശി തൊട്ടുകൂടായ്മയ്‌ക്കെതിരെയുള്ള പ്രചാരണങ്ങളിൽ സജീവപങ്കാളിത്തം വഹിച്ചിരുന്നു. സർവ്വതലസ്പർശിയായ ഒരു “കേരള മാതൃക” ഉരുവപ്പെട്ട് വരുന്നത് ശൈലജ നോക്കിക്കണ്ടു - ഞങ്ങളുടെ സംസാരത്തിനിടെ ഇതേക്കുറിച്ചാണ് അവർ വാചാലയായത്.

(ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന ഭൂമി നിജപ്പെടുത്തിയും പാട്ടകർഷകർക്ക് ഭൂമിയുടെ ഉടമവാശകാശം വർധിപ്പിച്ചും നിയമനിർമാണം വഴി നടപ്പാക്കിയ) ഭൂപരിഷ്കരണം, വികേന്ദ്രീകൃത പൊതുജനാരോഗ്യ സംവിധാനം, പൊതുവിദ്യാഭ്യാസത്തിനായുള്ള ഉയർന്ന നിക്ഷേപം ഇവയാണ് കേരള മാതൃകയുടെ അടിത്തറയിട്ടത്. ഓരോ ഗ്രാമത്തിനും ഒരു പ്രാഥമിക ആരോഗ്യകേന്ദ്രമുണ്ട്, ഓരോ ഭരണതലത്തിലും ആശുപത്രികൾ, 10 മെഡിക്കൽ കോളേജുകൾ.

"മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളവും ഇതൊക്കെ പ്രസക്തം തന്നെ", മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായുള്ള പൊതുജനാരോഗ്യ വിദഗ്ധനായ എം‌പി കരിയപ്പ പറയുന്നു. എന്നാൽ മറ്റെവിടെയും ആളുകൾ അവരുടെ പ്രാഥമിക ആരോഗ്യ സംവിധാനത്തിൽ ഇത്രയും നിക്ഷേപം നടത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ആയുർദൈർഘ്യവും ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കും കേരളം ആസ്വദിക്കുന്നു. ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം കൂടിയാണിത്. “വിദ്യാഭ്യാസം സാർവത്രികമായത്, ആളുകളുടെ ക്ഷേമത്തിന് ആരോഗ്യം പ്രധാനമാണെന്ന തിരിച്ചറിവുണ്ടാക്കി", കരിയപ്പ തുടർന്നു.

ശൈലജ പറയുന്നു: “ആ പോരാട്ടങ്ങളെക്കുറിച്ച് - കാർഷിക പ്രസ്ഥാനവും സ്വാതന്ത്ര്യസമരവും - എൻ്റെ മുത്തശ്ശിയിൽ നിന്നാണ് ഞാൻ കേട്ടറിഞ്ഞത്. അവർ നല്ലൊരു കഥപറച്ചിലുകാരി കൂടിയായിരുന്നു”. ലോക്ക്ഡൗൺ പോലുള്ള അടിയന്തിര ഘട്ടങ്ങൾ ദേശീയ സർക്കാറിൻ്റെ കരുതൽ നടപടിയുടെ ഭാഗമാണെങ്കിലും, ഓരോ ഇന്ത്യൻ സംസ്ഥാനത്തിനും സ്വതന്ത്രമായ ആരോഗ്യനയമുണ്ട്. കേരള മാതൃക നിലവിൽ ഉണ്ടായിരുന്നില്ലെങ്കിൽ, കോവിഡ് -19 നോടുള്ള സർക്കാറിൻ്റെ ഈ പ്രതികരണം സാധ്യമാകുമായിരുന്നില്ല എന്നവർ വാദിക്കുന്നു.

2016 ൽ ശൈലജയുടെ പാർട്ടി അധികാരത്തിൽ വന്നപ്പോൾ പ്രായാധിക്യം പ്രകടിപ്പിച്ചു തുടങ്ങിയ സംസ്ഥാനത്തിൻ്റെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ആധുനീകരിക്കുന്ന പരിപാടി ഏറ്റെടുത്തു. പകർച്ചവ്യാധി പ്രതിരോധത്തിൻ്റെ ഭാഗമായി ക്ലിനിക്കുകളും ഇന്ത്യയിലെ വലിയ ആരോഗ്യപ്രശ്നമായ ശ്വാസകോശരോഗങ്ങൾക്കായി ഒരു റജിസ്ട്രിയും സൃഷ്ടിക്കുക എന്നതായിരുന്നു നവീകരണ നീക്കങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. “കോവിഡ് -19 ലേക്കുള്ള പരിവർത്തനം തിരിച്ചറിയാനും സാമൂഹികവ്യാപനത്തിലേക്ക് എത്തുന്നതിന് തടയിടാനും ഞങ്ങളെയത് വളരെയധികം സഹായിച്ചു”, ശൈലജ പറഞ്ഞു.

രോഗബാധ പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഓരോ ജില്ലയോടും രണ്ട് ആശുപത്രികൾ വീതം കോവിഡ് പരിചരണത്തിന് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു, ഒപ്പം ഓരോ മെഡിക്കൽ കോളേജും 500 കിടക്കകൾ നീക്കിവച്ചു. അകത്തേക്കും പുറത്തേക്കും പ്രത്യേകം കവാടങ്ങൾ സജ്ജമാക്കി. രോഗനിർണയ പരിശോധനകൾ കുറവായിരുന്നു, പ്രത്യേകിച്ചും സമ്പന്ന പാശ്ചാത്യരാജ്യങ്ങളിൽ രോഗം എത്തിയതിനുശേഷം. അതിനാൽ രോഗലക്ഷണങ്ങളുള്ള രോഗികൾക്കും അവരുടെ അടുത്ത സമ്പർക്കങ്ങൾക്കും, അതുപോലെ തന്നെ ലക്ഷണമില്ലാത്ത ആളുകളിൽ, രോഗവുമായി പരോക്ഷവേഴ്ചക്ക് സാധ്യതയുള്ള ആരോഗ്യ പ്രവർത്തകർ, പോലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരിലും റാൻഡം പരിശോധനക്കായും ടെസ്റ്റ് കിറ്റുകൾ കരുതിവയ്‌ക്കപ്പെട്ടു.

'കേരളത്തിൽ നിങ്ങൾക്ക് 48 മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കും', ശൈലജ പറയുന്നു, "ഗൾഫിലും, യുഎസിലും യുകെയിലും - ഇവയൊക്കെ സാങ്കേതികമായി ഏറെ മുന്നേറിയ രാജ്യങ്ങൾ ആയിട്ടുകൂടി - ഏഴു ദിവസം കാത്തിരിക്കേണ്ടി വരുന്നു. അവിടെ എന്താണ് സംഭവിക്കുന്നത്?” അവർക്ക് വിധിക്കാൻ താൽപര്യമില്ല. പക്ഷേ, ആ രാജ്യങ്ങളിലെ ഉയർന്ന മരണസംഖ്യയിൽ അവർക്ക് അന്ധാളിപ്പുണ്ട്. “പരിശോധന, ക്വാറൻറിംഗ്, ആശുപത്രി നിരീക്ഷണം ഇവ വളരെ പ്രധാനമാണ്. ആ രാജ്യങ്ങളിലെ ആളുകൾക്ക് അത് ലഭിക്കുന്നില്ല.” ആ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ അവരോടത് ഫോൺ ചെയ്തു പറഞ്ഞിട്ടുണ്ട്.

ലോക്ക്ഡൗണിൻ്റെ ഭാഗമായി ആരാധനാലയങ്ങൾ അടച്ചത് ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഉയർത്തിയെങ്കിലും കേരളത്തിൽ ചെറുത്തുനിൽപ്പ് ഒന്നും ദൃശ്യമായില്ല. മുഖ്യമന്ത്രി അടച്ചുപൂട്ടലിനെക്കുറിച്ച് പ്രാദേശിക മതനേതാക്കളുമായി നേരത്തെ ചർച്ച ചെയ്തതാകാം ഒരു കാര്യം. കേരളത്തിൻ്റെ ഉയർന്ന സാക്ഷരതാ നില മറ്റൊരു ഘടകമാണെന്ന് ഷൈലജ പറയുന്നു: “ആളുകൾ എന്തുകൊണ്ട് വീട്ടിൽത്തന്നെ കഴിയണം എന്നവർ മനസിലാക്കുന്നുണ്ട്. നിങ്ങൾക്ക് അവരോടത് എളുപ്പത്തിൽ വിശദീകരിക്കാൻ കഴിയും.”

മെയ് 17 ന് ലോക്ക്ഡൗൺ നീക്കാൻ ഇന്ത്യൻ സർക്കാർ പദ്ധതിയിടുന്നു (രണ്ടുതവണ നീട്ടിയാണ് ഈ തീയതിയിലേക്ക് എത്തിയത്). അതിനുശേഷം, അത്യധികം രോഗബാധയുള്ള ഗൾഫ് മേഖലയിൽ നിന്ന് മലയാളികൾ കേരളത്തിലേക്ക് വൻതോതിൽ ഒഴുകിയെത്തുമെന്ന് അവർ പ്രവചിക്കുന്നു. “അതൊരു വലിയ വെല്ലുവിളി തന്നെയാണ്; പക്ഷേ ഞങ്ങൾ അതിന് തയ്യാറെടുക്കുകയാണ്,” അവർ പറയുന്നു. എ, ബി, സി പ്ലാനുകളുണ്ട്, പ്ലാൻ സിയിൽ - ഏറ്റവും മോശം അവസ്ഥ- ഹോട്ടലുകൾ, ഹോസ്റ്റലുകൾ, കോൺഫറൻസ് സെന്ററുകൾ എന്നിവ ഉപയുക്തമാക്കി 165,000 കിടക്കകൾ ഒരുക്കാനാണ് പദ്ധതി. 5,000 ലധികം വെൻറിലേറ്ററുകൾ ആവശ്യമായി വന്നാൽ ബുദ്ധിമുട്ടും. ഞങ്ങൾ കൂടുതൽ എണ്ണത്തിന് ഓർഡർ കൊടുത്തിട്ടുണ്ട്. എന്നാൽ യഥാർത്ഥ ദൗർലഭ്യം മനുഷ്യ വിഭവ ശേഷിയുടെതാകും. പ്രത്യേകിച്ചും സമ്പർക്കത്തിൽ ഉള്ളവരെ കണ്ടെത്താൻ ഏറെ ആളുകളുടെ സേവനം ആവശ്യമായി വരും. “അതിനായി ഞങ്ങൾ സ്കൂൾ അധ്യാപകരെ പരിശീലിപ്പിക്കുകയാണ്,” ശൈലജ പറയുന്നു.

രണ്ടാമത്തെ ഘട്ടവും തരണം ചെയ്തുകഴിഞ്ഞാൽ - അങ്ങനെയൊന്ന് അനിവാര്യമാകുന്നുവെങ്കിൽ - ഈ അധ്യാപകർ സ്കൂളുകളിലേക്ക് മടങ്ങും. ഒടുവിൽ താനും അത് തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം അവരുടെ മന്ത്രിസ്ഥാനം ഒരു വർഷത്തിനുള്ളിൽ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പോടെ അവസാനിക്കും. കോവിഡ് -19 ൻ്റെ ഭീഷണി അടുത്തൊന്നും ഒഴിഞ്ഞുപോകില്ലെന്നിരിക്കെ, തൻ്റെ പിൻഗാമിക്ക് കൈമാറാൻ ആഗ്രഹിക്കുന്ന ആ വിജയരഹസ്യം എന്താണ്? ചുറ്റുമുള്ളവരിലേക്ക് പകരാവുന്ന തൻ്റെ മനോഹരമായ ചിരി ചിരിക്കുന്നു അവർ. കാരണം ആ രഹസ്യം അത്ര രഹസ്യമല്ല: “ശരിയായ ആസൂത്രണം.”

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT