രണ്ടു തരം രക്ഷാകർതൃത്വങ്ങൾക്കിടയിലാണ് കേരളത്തിലെ മുസ്ലിം പെൺകുട്ടികൾ കടന്നു പോകുന്നത്. അതിലേക്ക് വരും മുമ്പ് ഞാൻ ചില അനുഭവങ്ങൾ പറയാം :
ഞങ്ങളുടെ നാട്ടിലെ പടിഞ്ഞാറ് ചാലിൽ ഭാഗത്തേക്ക് പോകാൻ ചില നാട്ടു കൈത്തോടുകൾ മുറിച്ചുകടക്കണം. അവിടങ്ങളിൽ ഞങ്ങളുടെ ബാല്യത്തിൽ നാട്ടുകാരണവന്മാർ തെങ്ങ് മുറിച്ച് നെടുകെയിട്ടുണ്ടാവും. ഇങ്ങനെ 'തെങ്ങിട്ട പാലം ' കടന്നു വേണം പോകാൻ. നല്ല രസമുള്ള ബാലൻസിങ്ങ് വേണം അത് കടക്കാൻ.വർഷത്തിലൊരിക്കൽ ഉള്ള 'ത്വാഹ പള്ളി' (അങ്ങനെയൊരു പളളിയുണ്ട് ഞങ്ങളുടെ നാട്ടിൽ.കുട്ടിക്കാലത്ത് ഞാനവിടെ നിന്ന് ബാങ്കും വിളിച്ചിരുന്നു. ഞങ്ങളുടെ അയൽക്കാരനായിരുന്നു പള്ളി മുക്രി മൈക്ക് അന്നവിടെ ഉണ്ടായിരുന്നില്ല. വൈദ്യുതിയും. പതിന്നാല് നമ്പർ വിളക്ക് കത്തിച്ച് അതിൻ്റെ വെളിച്ചത്തിലാണ് നിസ്കാരം. ഇത്തരം കാര്യങ്ങളിലെ എൻ്റെ ഉത്സാഹം കണ്ട് എന്നെ നല്ല 'ആലിമാക്കണം' എന്ന് ആത്മാർഥമായി ആഗ്രഹിച്ച ഒരു കാരണവർ ഉണ്ടായിരുന്നു. 'നിസ്കാരോം കാര്യമൊന്നും ഓനിപ്പോ ഇല്ല. നബിദിനത്തിന് കിട്ടുന്ന നെയ്ച്ചോറും പള്ളിക്കറിയും മാത്രം ഓൻ വിട്ടില്ല' എന്ന് ചിലർ എന്നെക്കുറിച്ച് കാരണവരോട് പിൽക്കാലത്ത് സങ്കടം പറയുകയും ചെയ്തു) യിൽ നടക്കുന്ന നേർച്ചയ്ക്കും അന്ന് ഞങ്ങളുടെ മദ്രസാ കൂട്ടുകാർ കളിച്ചിരുന്ന ദഫ് കളി കാണാനും ഞങ്ങളും കൂട്ടുകാരികളും അന്ന് ത്വാഹ പള്ളിയിൽ പോകും.തട്ടമിട്ട കൂട്ടുകാരികൾ പാലത്തിൻ മേലെത്തുമ്പോൾ തട്ടമൂരി, തലക്കു മീതെ ചുറ്റുമങ്ങനെ വീശും. ഭയങ്കര രസാണ് ആ കാഴ്ച കാണാൻ. തെങ്ങിട്ട പാലം മുറിച്ചു കടക്കാൻ കാൽ വിറച്ചു നിന്ന എന്നെ അപ്രമെത്തിയ കൂട്ടുകാരി തട്ടത്തിൻ്റെ അറ്റം പിടിച്ച് മറുകര എത്തിക്കാൻ സഹായിക്കും. ചില ദിവസം തോട്ടിലിറങ്ങി തട്ടം വീശി ഞങ്ങൾ കണ്ണിച്ചാന്മാരെ പിടിക്കും. അതും പോരാഞ്ഞിട്ട് ,നേർച്ചച്ചോറ് തട്ടത്തിൽ പൊതിഞ്ഞിട്ട് ഞങ്ങള് വീട്ടിലെത്തിക്കേം ചെയ്യും. അങ്ങനെ തട്ടം ഒരു 'പരോപകാര വസ്ത്രമായി 'സഹവർതിത്വ'ത്തോടെ നിന്നു. ശരിക്കും പറഞ്ഞാൽ ഉറുമാലിനേക്കാൾ 'ജെൻഡർ ഈക്വാലിറ്റി' ഉള്ള വസ്ത്രം തട്ടമാണ്. "നിങ്ങളുടെ ഉറുമാല് എന്തിനു കൊള്ളും. മൂക്കട്ട തൊടക്കാൻ കൊള്ളും" എന്ന് ഉറുമാലിനെ പരിഹസിച്ച കൂട്ടുകാരിയുണ്ട്.ഞാൻ ,സത്യം പറയാമല്ലൊ, എൻ്റെ ഒരു കൂട്ടുകാരിയെ ആദ്യം ഉമ്മ വെച്ചത് തട്ടത്തിൻ മറയത്താണ്. 'പരലോകത്ത് തട്ടം നമുക്കെതിരെ പടച്ചോനോട് സാക്ഷ്യം പറയൂലേ ' എന്ന് കവിളിലെ മുത്തമിട്ട അടയാളം തട്ടം കൊണ്ട് തൊടച്ച് അവൾ പറയുകേം ചെയ്തു.അങ്ങനെ തട്ടം വിവിധ രുചികൾ ,അനുഭൂതികൾ പകർന്ന ഓർമയുടെ സ്നേഹ പതാകയായി നിറഞ്ഞു. പർദ്ദ എന്ന 'ആകെ മൂടിയ " ആ വസ്ത്രം വരും മുമ്പ് തട്ടമായിരുന്നു മുസ്ലിം സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിൻ്റെ പതാക.എത്ര പുരോഗമനം പറയുന്ന മുസ്ലിം സ്ത്രീയും ,ഇടക്കിടെ ഊർന്നു വീഴുന്ന തട്ടം തലയിട്ടു തന്നെ പൊതുവേദികളിലും മങ്ങലത്തിനും പ്രത്യക്ഷപ്പെട്ടു.പൊതുവേദികളിൽ അഴകോടെ തട്ടമിട്ടു പ്രത്യക്ഷപ്പെടുന്ന ഒരാൾ മമ്മൂട്ടിയുടെ ഭാര്യ, സുറുമിയാണ്. പാട്ടുകാരി ജഹാൻ ജഹിൻ പാട്ടു പാടി കൊണ്ടു തന്നെ തട്ടം ശരിയാക്കുന്നു. തട്ടമിട്ട മുസ്ലിം സ്ത്രീ എന്നതിൽ ഒരു തുറസ്സുണ്ട്. ആകെ മൂടുന്ന പർദ്ദയെ അവർ തിരസ്കരിച്ചു.
ഇനി സഖാവ് അഡ്വ. അനിൽകുമാറിൻ്റെ പ്രസ്താവനയിലേക്ക് വരാം. 'മലപ്പുറത്തെ മുസ്ലിം സ്ത്രീകളെ സി.പി.എം തട്ടത്തിൽ നിന്ന് മോചിപ്പിച്ചു'എന്നതാണ് അതിൻ്റെ രത്നച്ചുരുക്കം. ആര് ആരെ മോചിപ്പിച്ചു എന്നാണ് പറയുന്നത്? ഇത് പുരോഗമന അമ്മാവന്മാരുടെ രക്ഷാകർതൃ സിൻഡ്രോം ആണ്. മുസ്ലിം പെണ്ണിൻ്റെ തലയും തല മറക്കുന്ന വസ്ത്രവും പാർട്ടിയുടെ മുൻഗണനാ ലിസ്റ്റിൽ ഉള്ളതായി ഞങ്ങൾക്കാർക്കും അറിയില്ല. അങ്ങനെയെങ്കിൽ എന്തൊരു ഗതി കേടാണ്! തട്ടം മാറ്റി കേരളത്തെ പർദ്ദ കൊണ്ട് പുതപ്പിച്ചത് പാർട്ടിയാണോ? അതായത് ,കേരളത്തിലെ മുസ്ലിം സ്ത്രീകൾ കൂടുതൽ കൂടുതൽ പർദ്ദയിലേക്ക് ഉൾ വലിയുന്നതാണ് നാം കാണുന്നത്. തട്ടമെന്ന മാപ്പി ളത്തം പർദ്ദ എന്ന ഗോത്രവസ്ത്രത്തിലേക്ക് വഴിമാറി.
'തട്ടമിട്ടു കൂടേ പെണ്ണേ' എന്നത് തുറസ്സായ, അവരവരുടെ ഇഷ്ട വസ്ത്രം ധരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന പെൺകുട്ടികൾ മുസ്ലിം രക്ഷാകർതൃത്വ ആങ്ങളമാരിൽ നിന്ന് നിരന്തരം കേൾക്കുന്ന ചോദ്യമാണ്.തട്ടമിട്ടു കൂടേ എന്ന ചോദ്യം പോലെ തന്നെ രക്ഷാകർതൃത്വമുള്ള അവകാശവാദമാണ് ' മലപ്പുറത്തെ മുസ്ലിം തട്ടം മാറ്റിയത് ഞങ്ങളാണ് ' എന്ന് പറയുന്നതും.
വാസ്തവത്തിൽ, മുസ്ലിം പെൺകുട്ടികൾ ജിൽ ജിൽ പാട്ടു പാടി ഒപ്പന കളിക്കുന്നു, യാത്ര ചെയ്യുന്നു, മതേതരസഹവർത്വ ജീവിതം നയിക്കുന്നു. അതിൽ സി.പി.എമ്മിന് പ്രത്യേകിച്ചൊരു അവകാശവാദമുന്നയിക്കാനില്ല. അതു കൊണ്ട്, ആരും, തട്ടം പിടിച്ചു വലിക്കല്ലേ.