സാധാരണ നാടകങ്ങള്‍ ഏതെങ്കിലും സ്‌കൂള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗ്രൗണ്ടുകളില്‍, ഉത്സവം നടക്കുന്ന പറമ്പുകളില്‍, മൈതാനങ്ങളില്‍ ഒക്കെ ആണ് നടക്കാറുള്ളത്. എന്നാല്‍ ടിക്കറ്റ് വച്ചു നടത്തുന്ന അമേച്വര്‍/പ്രൊഫഷണല്‍ നാടകങ്ങള്‍ അടച്ച മുറികളില്‍/ഹോളുകളില്‍ നടക്കാറുണ്ട്. നാടകം കാണാന്‍ പോകുമ്പോള്‍ ഒരിക്കലും എല്ലാ സൗകര്യങ്ങളും ഉണ്ടാകും എന്ന് കരുതി പോകാറില്ല, ടിക്കറ്റ് വച്ചല്ലാതെയുള്ള നാടകങ്ങള്‍ക്ക് പ്രത്യേകിച്ചും. മിതമായ രീതിയില്‍ ചുരുങ്ങിയ ചിലവിലാണ് മിക്ക നാടകങ്ങളും നടത്താറ് എന്നതും ഇതിനൊരു കാരണമാണ്. സിനിമ കാണാന്‍ പോകുമ്പോള്‍ ഉണ്ടാകുന്നതു പോലെ എ/സി ഹോളോ, കുഷ്യന്‍ ഉള്ള കസേരകളോ, കഴിക്കാന്‍ എന്തെങ്കിലുമൊക്കെയൊ നാടകത്തിനു പോകുമ്പോള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ അല്ല (ITFOK തുടങ്ങിയ നാടകോത്സവങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ ഉണ്ടാകാറുണ്ട്). ഇരിക്കാന്‍ പലപ്പോഴും കസേരകള്‍ പോലും ഉണ്ടാകാറില്ല എങ്കിലും അതൊന്നും നാടകം കാണുന്നതില്‍ നിന്നും ആസ്വദിക്കുന്നതില്‍ നിന്നും ഇതുവരെ പിന്തിരിപ്പിച്ചിട്ടില്ല.
സ്‌കൂള്‍ ഗ്രൗണ്ട് പോലുള്ള സ്ഥലങ്ങളില്‍ നാടകം നടക്കുമ്പോള്‍ മൂത്രപ്പുരയും ചുറ്റും നല്ല വെളിച്ചവും ഉണ്ടാകാറുണ്ട്. ഒരിക്കല്‍ കോഴിക്കോട് ജന്‍ഡര്‍ പാര്‍ക്കില്‍ നാടകം കാണാന്‍ പോയപ്പോള്‍ ചുറ്റും ഇരുട്ടായിരുന്നിട്ടും അകത്തു വരെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യം കിട്ടിയതുകൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല. ഹോളിലാണ് നാടകം നടക്കുന്നതെങ്കില്‍ കുറേകൂടി സൗകര്യങ്ങള്‍ ഉണ്ടാകാറുണ്ട്.
ഹോള്‍ ആകുമ്പോള്‍ നമ്മള്‍ ചില സൗകര്യങ്ങള്‍ പ്രതീക്ഷിക്കുന്നു. ഹോളില്‍ മാത്രമല്ല പുറത്തും, നല്ല വെളിച്ചവും അടിസ്ഥാന സൗകര്യങ്ങളും പ്രതീക്ഷിക്കുന്ന ഒരു കാര്യമാണ്. സാധാരണ ഗ്രൗണ്ട് പോലെയുള്ള തുറന്ന സ്ഥലങ്ങളില്‍ നടക്കാറുള്ള നാടകങ്ങള്‍ക്ക് സമയം 5 :30 pm എന്ന് കൊടുക്കുമെങ്കിലും ഇരുട്ടായതിനു ശേഷം മാത്രമേ തുടങ്ങാറുള്ളു. ഇതിനു രണ്ടു കാരണങ്ങള്‍ ഉണ്ട് - ഒന്ന്, തുറന്ന സ്ഥലത്തുവെച്ചായതുകൊണ്ടു ഇരുട്ടായാല്‍ മാത്രമേ ലൈറ്റ് എഫക്ട് കൊണ്ട് കാര്യമുള്ളൂ, രണ്ട് ജോലി കഴിഞ്ഞു വരുന്ന ഉദ്യോഗസ്ഥരുടെ സൗകര്യം. ഹോളില്‍ നടക്കുന്ന നാടകങ്ങള്‍ ഇത്തരം കാരണങ്ങള്‍ കൊണ്ട് മനപ്പൂര്‍വം വൈകില്ല എന്നത് കൊണ്ട് പലപ്പോഴും കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകാറില്ല.
തലശ്ശേരി ആര്‍ട്‌സ് സൊസൈറ്റിയും സംഗീത നാടക അക്കാഡമിയും ചേര്‍ന്നു നടത്തുന്ന നാടകോത്സവം ന്യു മാഹിയിലെ എം. ഗോവിന്ദന്‍ ഓഡിറ്റോറിയത്തില്‍ വെച് ജൂണ്‍ 26 മുതല്‍ 30 വരെയുള്ള തീയതികളില്‍ നടന്നു. ഈ കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ ഫെസ്റ്റിന് പോയപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങള്‍ ആണ്.
ഏകപാത്ര നാടകോത്സവം: ആദ്യ ദിവസം
പാന്‍ഡെമിക് കാലത്തു ജീവിതമാര്‍ഗം ഇല്ലാതായ നാടക കലാകാരന്‍മാര്‍ക്കു ഒരു കൈത്താങ്ങായി കേരള സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പല സ്‌കീമുകളില്‍ ഒന്നാണ് എം ഗോവിന്ദന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ജൂണ്‍ 26 നു തുടക്കം കുറിച്ച ഏകപാത്ര നാടകോത്സവം. അന്‍പതു സോളോ നാടകങ്ങളുടെ നൂറ് അവതരണങ്ങള്‍ കേരളത്തിലെ പല വേദികളിലായി കേരള സംഗീത നാടക അക്കാഡമി ഇതിന്റെ ഭാഗമായി നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനു മുന്‍പ് ഒരു അമേച്വര്‍ നാടകോത്സവം സര്‍ക്കാര്‍ ഫണ്ടിങ്ങോടെ നടത്തുകയുണ്ടായി. അതിന്റെ അവസാന വേദി വടകര ആയിരുന്നു. നാടക ചരിത്രത്തില്‍ വളരെ കുറച്ചു മാത്രം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വടക്കേ മലബാര്‍ ഈ നാടകോത്സവങ്ങള്‍ക്കു വേദി ആയതു ശ്രദ്ധേയമാണ്.
ഫെസ്റ്റിന്റെ ആദ്യ ദിവസാം ഉദ്ഘാടന ചടങ്ങും പിന്നെ രണ്ട് നാടകങ്ങളും ഉണ്ടായിരുന്നു. ഉദ്ഘാടനം ചെയ്തത് എഴുത്തുകാരൻ എന്‍. ശശിധരന്‍ മാഷായിരുന്നു, ഉദ്ഘാടന ചടങ്ങിന് ശേഷം ആദ്യ നാടകം 'ഉടല്‍' അരങ്ങേറി. നാടകം 'ഉടല്‍' അവതരിപ്പിച്ചത് കാസര്‍കോഡ് നിന്നുള്ള ദിലീപ് ചിലങ്ക ആണ്. രചനയും സംവിധാനവും അദ്ദേഹം തന്നെ ആയിരുന്നു. സംഭാഷണങ്ങള്‍ ഇല്ലാത്ത ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാത്രമുള്ള നടന്റെ ശരീരവും, ചൂല്‍, ബള്‍ബ്, ഭൂതക്കണ്ണാടി തുടങ്ങിയ മറ്റു ചില ഉപകരണങ്ങളും ഉപയോഗിച്ചുള്ള (ഒരു ടിപ്പിക്കല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ) പ്രൊഡക്ഷന്‍ ആയിരുന്നു അത്. ഒരു പ്രത്യേക ചട്ടക്കൂടിനകത്തു നിന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാകുന്ന നമ്മുടെ ശരീരവും അത് ഉണ്ടാക്കുന്ന പരിമിതികളുമാണ് ഈ നാടകം കാഴ്ചവെച്ചത്. കളരി, തെയ്യം, കണ്‍ടെംപററി ഡാന്‍സ് മൂവ്‌മെന്റുകള്‍ തുടങ്ങിയവ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ നാടകത്തിന്റെ പിന്നണി മ്യൂസിക് ചെയ്തത് ഒരു സ്ത്രീ (Anjali) ആണ് എന്നത് ശ്രദ്ധയാകര്‍ഷിച്ചു. മറ്റൊന്നുംകൊണ്ടല്ല, ലൈറ്റിംഗ്, സ്റ്റേജ് സെറ്റിങ് തുടങ്ങിയവയില്‍ സ്ത്രീസാന്നിധ്യം വളരെ കുറവാണ് എന്നുള്ളത് കൊണ്ടു തന്നെ.
രണ്ടാമത്തെ നാടകം വിനു ജോസഫ് അവതരിപ്പിച്ച ' Dr. വികടന്‍'. ഒറ്റ നോട്ടത്തില്‍ കൗതുകം തോന്നുന്ന സെറ്റിങ്. സ്റ്റേജില്‍ തന്നെ വാദ്യങ്ങളുമായി ഇരിക്കുന്ന മ്യൂസിഷ്യന്‍ (Martin) ഒരു പുതുമയായിരുന്നു - ലൈവ് മ്യൂസിക് ഓണ്‍ ദി സ്റ്റേജ്! സ്റ്റേജില്‍ ഒരുപാട് നിറങ്ങളുള്ള പെട്ടികളും ഒരു ബൊമ്മയും ഉണ്ടായിരുന്നു. 15 മിനിറ്റ് കഴിഞ്ഞു നടന്‍ രംഗത്ത് വരാന്‍. വന്നപ്പോള്‍ അതൊരു കോമാളി ആയിരുന്നു എന്നത് ആദ്യം നിരാശയുണ്ടാക്കി. ക്ലൗണ്‍ ഡ്രാമ മോശമായതുകൊണ്ടല്ല, എനിക്ക് അവ ആസ്വദിക്കാന്‍ പലപ്പോഴും കഴിഞ്ഞിട്ടില്ല എന്നതാണ് കാരണം. ആദ്യ നാടകത്തിനു ലൈറ്റ് സ്റ്റേജില്‍ മാത്രമായിരുന്നെങ്കില്‍ ഈ നാടകത്തിനു കാണികളിലേക്കും വെളിച്ചം ഉണ്ടായിരുന്നു.
നടന്‍ പലതു പറഞ്ഞും ചിരിപ്പിച്ചും കാണികളെ കൂടുതല്‍ നാടകത്തിലേക്കു കൊണ്ടുവരാന്‍ നോക്കി. കാണികളില്‍ പലരും അയാളോട് നാടകം കാഴ്ചവെക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ആളുകള്‍ പ്രതികരിച്ചു തുടങ്ങി, അവര്‍ക്കും അതൊരു തമാശയായി. നടന്‍ വിജയിച്ചു എന്ന് വേണം പറയാന്‍, സ്റ്റേജില്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ആട്ടവും, പാട്ടും, കേക്ക് വിതരണവും എല്ലാം നടന്നു, സ്റ്റേജ് ഒരു ചെറിയ കാര്‍ണിവല്‍ ഇടമായി മാറുകയും നടന്‍ കാണികളുടെ കൂടെ വന്നിരുന്ന് കാഴ്ചക്കാരില്‍ ഒരാള്‍ ആവുകയും ചെയ്തു. പക്ഷെ പെട്ടന്ന് ആ നാടകം സീരിയസ് ആയി മാറി - പൊലീസ് അക്രമം, മരണം തുടങ്ങി ഒരുപാട് ദുരന്തങ്ങള്‍ സ്റ്റേജില്‍ സംഭവിക്കുകയും, നാടകം അവസാനം ഒരു ട്രാജഡി പോലെ ആവുകയും ചെയ്തു.
നാടകത്തിന്റെ രണ്ടാം പകുതി ഒരു ഏച്ചുകൂട്ടലായി തോന്നിയെങ്കിലും, ആദ്യം ചിരിപ്പിക്കുകയും പിന്നീട് അരക്ഷിതമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു എന്നതുകൊണ്ടു തന്നെ നാടകം വിജയിച്ചതായി വേണം കരുതാന്‍. നാടകം കഴിയുന്നത് വരെയും ആക്റ്റീവ് ആയിരുന്ന മ്യൂസിഷ്യന്‍ മാര്‍ട്ടിനെ പറ്റി പറയാതെ വയ്യ. മാര്‍ട്ടിന്‍ ഈ പെര്‍ഫോമന്‍സിന്റെ ഭാഗം തന്നെ ആയിരുന്നു. വയലിന്‍, ഫ്‌ലൂട്ട്, ഡ്രംസ്, തുടങ്ങി പേരറിയാത്ത പല വാദ്യങ്ങളും അദ്ദേഹം ഉപയോഗിച്ചു. ഈ നാടകത്തിന്റെ വിജയത്തില്‍ നാട്ടുകാരും പങ്കാളികള്‍ ആണ് എന്നതും പറയാതെ വയ്യ.
ആര്‍ക്കു വേണ്ടിയാണ് നാടകങ്ങള്‍?
നാടകത്തിന് ഇടയിലുള്ള ബ്രേക്കും നാടകം നടക്കുമ്പോള്‍ ഹോളില്‍ നിന്ന് തോന്നിയതും അതിനു ശേഷം തിരികെ വരുമ്പോള്‍ ഉണ്ടായതുമായ കുറച്ചു കാര്യങ്ങളാണ് കേരളത്തിലെ നാടകം ആരെയാണ് കാണികളായി പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിലേക്കെത്തിച്ചത്.
ഏകപാത്ര നാടകോത്സവത്തിലെ രണ്ടാമത്തെ നാടകം തുടങ്ങുന്നത് ഒരു എട്ടു മണിയോടെ ആണ്. ഈ സമയമാകുമ്പോഴേക്കും ചിലരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. രണ്ടാമത്തെ നാടകം കാണുമ്പോള്‍ അനുഭവപ്പെട്ട അരക്ഷിതാവസ്ഥ ആ നാടകത്തിന്റെ ഉള്ളടക്കവും അവതരണവും മാത്രം നമ്മളില്‍ ഉണ്ടാകുന്നതല്ല. അതില്‍ പകുതിയും ആളുകളുടെ പെരുമാറ്റത്തിലെ മാറ്റത്തില്‍ നിന്നുണ്ടായതാണ്. പ്രതികരണങ്ങള്‍ പലതും മദ്യത്തിന്റെ പിന്തുണയോടെ ആയിരുന്നോ എന്നായിരുന്നു സംശയം. വെറും ഒരു സംശയം മാത്രമല്ല (നാടകം നടക്കുന്നത് മാഹിക്ക് അടുത്താണ് എന്നുള്ളത് സംശയത്തിന്റെ ആഴം കൂട്ടുന്നു), ഒരു സ്ത്രീ ആയ എനിക്ക് ഒരു ഇടം സേഫ് അല്ല എന്ന് തോന്നാന്‍ ഇത് ധാരാളമാണ്.
അതിനു മുന്‍പ് നാടകങ്ങള്‍ക്ക് ഇടയിലുള്ള ബ്രേക്കില്‍ ടോയ്‌ലറ്റ് അന്വേഷിച്ചു പോയ ഞാന്‍ നിരാശയോടെയാണ് മടങ്ങി വന്നത്. വൈകുന്നേരം കയറി വരുമ്പോള്‍ മൂത്രപ്പുര കണ്ടിരുന്നു എന്നാല്‍ ഇരുട്ടായപ്പോള്‍ ആ കെട്ടിടം പോലും കാണുന്നില്ല. കുറെ നേരം നിന്ന് പരുങ്ങിയപ്പോള്‍ ആരോ ഹോളിനു മുന്നിലെ ലൈറ്റ് ഇട്ടു. അപ്പോളാണ് മൂത്രപ്പുര കണ്ടത്. പക്ഷെ അപ്പോഴും അകത്തു വെളിച്ചമില്ലായിരുന്നു. ആണുങ്ങള്‍ക്കുള്ള രണ്ട് മൂത്രപ്പുര യ്കും പകുതി ഉയരമുള്ള വാതിലുകള്‍ ആയിരുന്നു. അതില്‍ ആളുകള്‍ പോകുന്നതും കണ്ടു. ആ കെട്ടിടത്തിന് ചുറ്റും വെളിച്ചമില്ലാതിരുന്നതുകൊണ്ടു ഞാന്‍ തിരികെ പോയി ഭര്‍ത്താവിനെ കൂട്ടി വന്ന് അതിനു പുറത്തു നിര്‍ത്തി, മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ആണ് കാര്യം സാധിച്ചത്.
നാടകങ്ങള്‍ കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയപ്പോഴും വെളിച്ചം ഉണ്ടായിരുന്നില്ല. ഈ ഹോളിലേക്കുള്ള വഴി ഒരു കുത്തനെ ഉള്ള കയറ്റം ആണ്. തിരികെ വരുമ്പോള്‍ അത് ഇറങ്ങി വരണം. നല്ല മഴയുള്ള സമയമാണ്, സ്വാഭാവികമായും വഴുക്കുണ്ടാകാം, പോരാത്തതിന് ഈ സ്ഥലത്തു ആദ്യമായി എത്തുന്ന ഞങ്ങള്‍ക്ക് ചെറിയ പരിചയക്കേടും ഉണ്ടായിരുന്നു. ഹാളിനു പുറത്ത് കേരള കലാ ഗ്രാമത്തിനകത്തെങ്ങും വെളിച്ചമില്ല എന്നത് ഞങ്ങളെ വീണ്ടും അസ്വസ്ഥരാക്കി.
തീരെ വെളിച്ചം ഇല്ലാത്ത ഒരവസ്ഥയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, സുരക്ഷിതരല്ല എന്ന തോന്നല്‍ ഉണ്ടാകുന്നു. എത്ര രാത്രി ആയിട്ടും അടി നടക്കും എന്ന സംശയം ഉണ്ടായിട്ടും ഒരു നാടകം കഴിഞ്ഞ ശേഷം ഞാനും അമ്മയും ധൈര്യമായി പുറത്തിറങ്ങി ബസില്‍ കയറി വീടെത്തിയത് ഇന്നും ഓര്‍ക്കുന്നു. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടന്ന നാടകത്തിന്റെ അവസാനമുണ്ടായ ചര്‍ച്ചയിലാണ് നാടക സംവിധായകനും കാണികളും തമ്മില്‍ ചെറിയ ഉന്തും തള്ളും ഉണ്ടായത്. സംവിധായകനെ കണ്ടു അഭിനന്ദിക്കാനോ ചര്‍ച്ച മുഴുവനും കേള്‍ക്കാനോ പറ്റിയില്ല എന്നതല്ലാതെ അന്ന് മറ്റു വിഷമങ്ങള്‍ ഒന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഇവിടെ അടുത്ത ദിവസം നടക്കുന്ന നാടകത്തിനോ അതിനു മുന്‍പുള്ള ചര്‍ച്ചയ്‌ക്കോ പോലും വരണോ എന്ന് ചിന്തിച്ചു പോയി.
ഹോളിനകത്തുള്ള മാറിയ അന്തരീക്ഷം, പുറത്തു തീരെയും വെളിച്ചമില്ലാതിരുന്നത്, 8 മണി കഴിഞ്ഞാല്‍ വിജനമാകുന്ന മെയിന്‍ ജംഗ്ഷന്‍ (അവിടെയും ഇരുട്ട് തന്നെ) ഇതൊക്കെ എന്നെ അലട്ടി. അന്ന് ഞായറാഴ്ച ആയിരുന്നു, കൂടെ വരാന്‍ ഭര്‍ത്താവുണ്ടായിരുന്നു. എന്നും അതുണ്ടാകില്ല. അടുത്ത ദിവസം കൂടെ പഠിക്കുന്ന കൂട്ടുകാരിയുടെ കൂടെ വരാമെന്നാണ് വിചാരിച്ചിരുന്നത്, സേഫ് അല്ല എന്ന തോന്നലില്‍ അത് വേണ്ടെന്നു വെച്ചു.
ഇതൊക്കെക്കൊണ്ടാണ് എനിക്ക് ചോദിക്കാനുള്ളത് - ആര്‍ക്കു വേണ്ടിയാണ് നാടകങ്ങള്‍? കാണികളുടെ കൂട്ടത്തില്‍ ആരും സ്ത്രീകളെ പ്രതീക്ഷിക്കാത്തതുകൊണ്ടാണോ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കാത്തത്? തെയ്യം പോലുള്ള കലകള്‍ കാണാന്‍ പോകുമ്പോള്‍ ഇത്തരം സൗകര്യങ്ങള്‍ അന്വേഷിക്കാറില്ലെ? , അവിടെ സ്ത്രീകള്‍ ഉണ്ടാകാറില്ലെ? തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. തുടക്കത്തിലേ പറഞ്ഞുവല്ലോ ഒരു നാടകം കാണാന്‍ പോകുമ്പോള്‍ ഒരുപാട് സൗകര്യങ്ങള്‍ ആരും തന്നെ പ്രതീക്ഷിക്കുന്നുണ്ടാകില്ല. എന്നാല്‍ സാഹചര്യങ്ങള്‍ ഒരുപാട് മാറിയിട്ടുണ്ട്. തലശ്ശേരിയില്‍ നടന്നത് പോലുള്ള സര്‍ക്കാര്‍ സഹായത്തോടെ നടക്കുന്ന പരിപാടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി കൊണ്ട് നാടകം എന്തുകൊണ്ട് ജന്‍ഡര്‍ ഫ്രണ്ട്‌ലി ആക്കിക്കൂടാ?
നാടകങ്ങള്‍ എന്തുകൊണ്ട് സിനിമ പോലെ രാവിലെ നടത്തുന്നില്ല എന്ന് അമ്മ പണ്ട് ചോദിക്കാറുണ്ട്. എങ്കില്‍ മാത്രമേ ഒരാളുടെ സഹായമില്ലാതെ നാടകം കാണാന്‍ പോകാന്‍ കഴിയുള്ളു എന്ന യാഥാര്‍ഥ്യം ആണ് അമ്മയെ കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചത് കേരള സംഗീത നാടക അക്കാഡമിയില്‍ രാവിലെയും നാടകങ്ങള്‍ കളിക്കാനുള്ള സൗകര്യം ഉണ്ട് എന്നത് ഒരു വല്യ പുരോഗതി ആയി കാസര്‍ഗോഡ് ഉള്ള ഒരു നാടക നടി സന്തോഷത്തോടെ പറഞ്ഞതും ഓര്‍ക്കുന്നു. അങ്ങനെ രാവിലെയും ഷോ വെച്ച് നാടകം എന്ത് നഷ്ടം സഹിച്ചും നടത്തണം എന്നല്ല ഞാന്‍ പറയുന്നത്, നാടകം കാണാന്‍ (ഇഷ്ടപ്പെട്ടു, കഷ്ടപ്പെട്ട്) വരുന്ന സ്ത്രീകളെ നിരുത്സാഹപ്പെടുത്താതെ നാടകം അവതരിപ്പിക്കാമല്ലോ