ഇത് കേരളത്തിന്റെ പൊതുവായൊരു പ്രശ്‌നമായി ഇതുവരെ നിങ്ങളൊക്കെ ഉള്‍പ്പെടുന്ന Larger Society അഥവാ പൊതുസമൂഹം കണക്കാക്കിയിട്ടില്ല. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള കുറച്ച് മുക്കുവരുടെ മാത്രം പ്രശ്‌നമാണ് ഇതെന്നും വികസനം വരാന്‍ കുറച്ച് ബുദ്ധിമുട്ടൊക്കെ സഹിച്ചാല്‍ എന്താ കുഴപ്പം എന്നുമാണ് പലരും മനസിലാക്കുന്നത്. സിന്ധു നെപ്പോളിയന്‍ എഴുതുന്നു.
വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെ നിലവില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി എഴുത്തുകള്‍ ഇതിനോടകം വന്നുകഴിഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടതുണ്ടോ എന്ന് സംശയിച്ചാണ് ഒന്നും എഴുതാതിരുന്നത്. പക്ഷേ ഈയിടെ ആരോടോ പറഞ്ഞത് പോലെ ഇന്ത്യയിലെ വല്ല പ്രിവിലേജ് കാസ്റ്റിലും ജനിച്ചിരുന്നെങ്കില്‍ ഇങ്ങനെ കിടപ്പാടം പോവുന്നതിന്റെ പേരിലും തൊഴില്‍ പോവുന്നതിന്റെ പേരിലുമൊക്കെ മുദ്രാവാക്യം വിളിക്കേണ്ട ഗതികേട് ഉണ്ടാവില്ലായിരുന്നു! അതിനെപ്പറ്റി പോസ്റ്റുകളും വീഡിയോയും സ്റ്റാറ്റസും ഇടേണ്ടി വരില്ലായിരുന്നു. ഇതിപ്പൊ കടപ്പുറത്തും ആദിവാസി ഊരുകളിലും ലക്ഷം വീട് കോളനികളിലും ജനിക്കുന്ന മനുഷ്യര്‍ക്ക് ആയുസ്സില്‍ ഒരിക്കലെങ്കിലും ഒച്ച വയ്ക്കാതെയും സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ വന്ന് സമരം ചെയ്യാതെയും അവകാശങ്ങള്‍ നേടിയെടുക്കാനാവില്ല എന്നുള്ളയിടത്താണ് നമ്മളും നിങ്ങളുമുണ്ടാവുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന് കണ്ടന്റ് ആവുന്നവരും അതിന് താഴെ വന്ന് മനസാക്ഷിയില്ലാതെ കമന്റിടുന്നവരും ഉണ്ടാവുന്നത്!
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിര്‍മാണം തുടങ്ങിയതോടെയാണ് ഓരോ വര്‍ഷവും കടലെടുക്കുന്ന വീടുകളുടെ എണ്ണം രണ്ടില്‍ നിന്നും അന്‍പതും അറുപതും ഒക്കെയായത്. വീടില്ലാതെ, അഭയാര്‍ത്ഥികളായ കുടുംബങ്ങളുടെ എണ്ണം ഏറിയത്.
കടല്‍ കരയിലേക്ക് ഇരച്ചു കയറി വരുന്നതും വീടുകളെ അപ്പാടെ വലിച്ചെടുത്ത് പോവുന്നതും ഞങ്ങള്‍ക്കൊക്കെ സ്ഥിരമായ കാഴ്ച്ചയായത് കഴിഞ്ഞ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കിടയിലാണ്. അതിന് മുന്‍പ് വരെ വല്ലപ്പോഴുമൊരിക്കല്‍ കടല്‍ പ്രക്ഷുബ്ധമാവുന്നതും ഒന്നോ രണ്ടോ വീടുകള്‍ കടലെടുത്ത് പോവുന്നതും ഇടയ്‌ക്കൊക്കെ സംഭവിക്കാറുണ്ടായിരുന്നു, ഇല്ലെന്നല്ല. പക്ഷേ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിര്‍മാണം തുടങ്ങിയതോടെയാണ് ഓരോ വര്‍ഷവും കടലെടുക്കുന്ന വീടുകളുടെ എണ്ണം രണ്ടില്‍ നിന്നും അന്‍പതും അറുപതും ഒക്കെയായത്. വീടില്ലാതെ, അഭയാര്‍ത്ഥികളായ കുടുംബങ്ങളുടെ എണ്ണം ഏറിയത്.
വിഴിഞ്ഞം പദ്ധതിയാണോ അതോ കാലാവസ്ഥാ വ്യതിയാനമാണോ ഇത്തരമൊരു വമ്പിച്ച തീരശോഷണത്തിന് കാരണമെന്ന ചോദ്യം പലരും ഉന്നയിച്ചു കണ്ടു. കാലാവസ്ഥാ വ്യതിയാനമാണോ ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആര്‍ക്കും ഉറപ്പില്ലെങ്കിലും വിഴിഞ്ഞത്തെ കടലില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമീപ പ്രദേശങ്ങളിലെ തീരം നഷ്ടമാവുന്നതിനും വീടുകള്‍ തകരുന്നതിനും കാരണമാവുന്നുണ്ടെന്നും ഇത് പരിശോധിക്കുമെന്നും 2019ല്‍ അന്നത്തെ ഫിഷറീസ് മന്ത്രി തന്നെ സമ്മതിച്ചിരുന്നു. അന്ന് 600 മീറ്റര്‍ മാത്രം പണി പൂര്‍ത്തിയായ പദ്ധതി പ്രദേശത്തെ കടല്‍ഭിത്തി കാരണം ഭീമാകാരമായ തിരകളുണ്ടാവുന്നെന്നും അത് സമീപവാസികള്‍ക്ക് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നെന്നുമാണ് അന്ന് മന്ത്രി സമ്മതിച്ചത്. പക്ഷേ തുടര്‍ നടപടികള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചില്ലെന്നതാണ് സത്യം.
മുല്ലൂരിലെ പോര്‍ട്ട് കവാടത്തിന് മുന്‍പില്‍ പോര്‍ട്ട് നിര്‍മ്മാണം മുടക്കിക്കൊണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമരം ചെയ്യുന്നവര്‍ വികസന വിരുദ്ധരാണെന്നും അവര്‍ നാട് നന്നായിക്കാണാന്‍ താല്പര്യമില്ലാത്തവരാണെന്നും ഒരു ഉളുപ്പുമില്ലാതെ പറഞ്ഞ് പരിഹസിക്കുന്നവരെയും ഇതിനിടയില്‍ കണ്ടു.
മുല്ലൂരിലെ പോര്‍ട്ട് കവാടത്തിന് മുന്‍പില്‍ പോര്‍ട്ട് നിര്‍മ്മാണം മുടക്കിക്കൊണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമരം ചെയ്യുന്നവര്‍ വികസന വിരുദ്ധരാണെന്നും അവര്‍ നാട് നന്നായിക്കാണാന്‍ താല്പര്യമില്ലാത്തവരാണെന്നും ഒരു ഉളുപ്പുമില്ലാതെ പറഞ്ഞ് പരിഹസിക്കുന്നവരെയും ഇതിനിടയില്‍ കണ്ടു. തിരുവനന്തപുരം ജില്ലയുടെ മുഖം മാറ്റിയ വിമാനത്താവളവും രാജ്യത്തെ അഭിമാന സ്ഥാപനമായ ഐ.എസ്.ആര്‍.ഒയും സ്ഥിതി ചെയ്യുന്നത് എവിടെയാണെന്ന് മനസിലാക്കണം. മത്സ്യത്തൊഴിലാളികളായ ലത്തീന്‍ കത്തോലിക്കരുടെ ഒരു പള്ളിയും എത്രയോ തലമുറകള്‍ അന്തിയുറങ്ങുന്നൊരു സെമിത്തേരിയും ഐ.എസ്.ആര്‍.ഒ വളപ്പില്‍ ചെന്നാല്‍ ഇന്നും കാണാനാവും. രാജ്യ വികസനത്തിന് വേണ്ടി സ്വന്തം ഭൂമിയും കിടപ്പാടവും പൂര്‍വ്വികര്‍ ഉറങ്ങുന്ന മണ്ണും വിട്ടു കൊടുത്തവരോടാണ് ഇവിടെ കസേരയില്‍ കാലും നീട്ടിവച്ച് ഫെയ്‌സ്ബുക്കില്‍ സ്‌ക്രോള്‍ ചെയ്യുന്ന കുറേപ്പേര്‍ 'നിങ്ങളീ രാജ്യത്തിന് വേണ്ടി എന്തു ചെയ്തു' എന്ന ചോദ്യവുമായി ഇറങ്ങിയിരിക്കുന്നത്.
പിന്നെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക പ്രതിബദ്ധതയൊക്കെ പണ്ടേ കേരളം മനസിലാക്കിയതാണ്. മുന്‍പ് കോവിഡ് കാലത്ത് പൂന്തുറയില്‍ നടന്ന പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കുന്നതിനിടെ സൈമണ്‍ ചേട്ടന്‍ പറഞ്ഞത് പോലെ, ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ നാടിനോടുള്ള പ്രതിബദ്ധതയൊക്കെ പ്രളയകാലത്ത് തന്നെ തെളിയിച്ച് കഴിഞ്ഞവരാണ്. ആരും ആവശ്യപ്പെടാതെ തന്നെ സ്വന്തം ജീവനും ജീവനോപാധിയുമായി വന്ന് വെള്ളത്തില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ തയ്യാറായ അവരോടാണ് ഇന്ന് രാജ്യത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരെന്നും സര്‍ക്കാര്‍ പറഞ്ഞാല്‍ അനുസരിക്കാത്തവരാണെന്നും മുദ്ര കുത്താന്‍ പലരും ശ്രമിക്കുന്നത്.
വിഴിഞ്ഞം പദ്ധതി മൂലം ഭാവിയില്‍ ഉണ്ടാവാന്‍ ഇടയുള്ള പ്രശ്‌നങ്ങളെ കൂടി കണക്കിലെടുത്താണ് ഈ വൈകിയ വേളയിലെങ്കിലും കടല്‍പ്പണിക്കാര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. എന്നാല്‍ ഈ പദ്ധതി കാരണം ഇതിനോടകം തന്നെ മത്സ്യബന്ധന മേഖലയില്‍ സംഭവിച്ചു കഴിഞ്ഞ നഷ്ടങ്ങളെപ്പറ്റി ആര്‍ക്കും വലിയ ധാരണയില്ലെന്ന് തോന്നുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണം ആരംഭിച്ച ശേഷം പൂര്‍ണമായി തകര്‍ന്നത് 261 വീടുകളും ഭാഗികമായി തകര്‍ന്നത് 86 വീടുകളുമാണ്. വലിയതുറയിലെ പഴയ സിമന്റ് ഗോഡൗണിലും സ്‌കൂളുകളിലുമായി 126 അഭയാര്‍ത്ഥി കുടുംബങ്ങള്‍ കഴിയുന്നുണ്ട്. കരമടി എന്നു ഞങ്ങള്‍ വിളിക്കുന്ന മത്സ്യബന്ധന രീതി തന്നെ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടെ ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞു. കടലില്‍ കല്ലിട്ട് തിരമാലയുടെ സ്വാഭാവിക ചലനം ഇല്ലാതാക്കിയതിന്റെ ഫലമായി ഒരു ഭാഗത്ത് ഇരച്ചു കയറിയ കടല്‍ തീരങ്ങള്‍ കൊണ്ടു പോയതൊടെ പൂന്തുറയിലും തോപ്പിലുമൊക്കെ നഷ്ടമായത് വിശാലമായ കടപ്പുറങ്ങളാണ്. സാധാരണക്കാരായ ഒരു പറ്റം മനുഷ്യരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച, വല നന്നാക്കാനും മീന്‍ ഉണക്കാനും കല്യാണത്തിനും മരണത്തിനുമെല്ലാം പന്തലിടാനും ഫുട്‌ബോള്‍ കളിക്കാനും വൈകുന്നേരത്തിരുന്ന് കാറ്റ് കൊള്ളാനുമെല്ലാം ഉണ്ടായിരുന്ന കള്‍ച്ചറല്‍ സ്‌പെയ്‌സായ കടപ്പുറങ്ങള്‍ പലയിടത്തും നാമാവശേഷമായിക്കഴിഞ്ഞു. തിരുവനന്തപുരത്തുകാരുടെ പ്രധാന ഹാങ്ങൗട്ട് സ്‌പെയ്‌സായ ശംഖുമുഖം, പോയ കാലത്തെ പ്രൗഢിയും പേറി, ഒരു മനുഷ്യനും വന്നിരിക്കാന്‍ ഇത്തിരി മണ്ണ് പോലും ബാക്കിയില്ലാതെ മറഞ്ഞു പോയ്‌ക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനല്‍ എന്ന് വേണമെങ്കിലും കടലെടുക്കാന്‍ പാകത്തിന് തകര്‍ച്ചയ്ക്ക് തൊട്ടരികില്‍ എത്തി നില്‍ക്കുകയാണ്.
ഇത്രയേറെ ദുരിതങ്ങള്‍ക്ക് ഇടയാക്കിയ ഒരു പദ്ധതിയുമായി ഇനിയും മുന്‍പോട്ട് പോവുമ്പോള്‍ ലാഭം അദാനിക്ക് മാത്രമാണ്. കേരളത്തിന്റെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെ വലിയ ബഹളങ്ങള്‍ക്ക് ഇടയാക്കിയ കെ-റെയില്‍ പദ്ധതിയിന്മേല്‍ ഉണ്ടായ ചര്‍ച്ചകള്‍ നിങ്ങളാരും മറന്നിട്ടുണ്ടാവില്ലല്ലോ. അതൊരു വയബിള്‍ പദ്ധതി ആണോ എന്ന ചോദ്യവും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും ഇന്നും തുടരുന്നുണ്ട്. കേരളത്തിന്റെ ഇടനാടിനെയും മലനാടിനെയും ബാധിക്കുന്ന കെ റെയിലിന്റെ പേരില്‍ ഇത്രയേറെ ബഹളം ഉണ്ടാവുമ്പോഴാണ് തീരപ്രദേശത്തിന്റെ മാത്രം കണ്‍സേണായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നമുക്ക് മുന്‍പില്‍ ഇങ്ങനെ വന്നു നില്‍ക്കുന്നത്. അവനോന്റെ കാല്‍ച്ചോട്ടിലെ മണ്ണ് ഒലിച്ച് പോവാത്തിടത്തോളം കാലം നമ്മള്‍ 'രാജ്യവികസനത്തിന് വേണ്ടി' കൈ കോര്‍ക്കാന്‍ ഒരു മടിയും ഇല്ലാത്തവരാണല്ലോ!
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടിയുള്ള മുറവിളികളും ഈ പദ്ധതിയ്‌ക്കെതിരെ സമരം ചെയ്യുന്ന തദ്ദേശീയ മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയും വിരല്‍ ചൂണ്ടുന്നത് ഒറ്റക്കാര്യത്തിലേക്കാണ്. ഇത് കേരളത്തിന്റെ പൊതുവായൊരു പ്രശ്‌നമായി ഇതുവരെ നിങ്ങളൊക്കെ ഉള്‍പ്പെടുന്ന Larger Society അഥവാ പൊതുസമൂഹം കണക്കാക്കിയിട്ടില്ല. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള കുറച്ച് മുക്കുവരുടെ മാത്രം പ്രശ്‌നമാണ് ഇതെന്നും വികസനം വരാന്‍ കുറച്ച് ബുദ്ധിമുട്ടൊക്കെ സഹിച്ചാല്‍ എന്താ കുഴപ്പം എന്നുമാണ് പലരും മനസിലാക്കുന്നത്. അത്തരമൊരു സമീപനം മാറാതെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവാന്‍ പോവുന്നില്ല.
കേരളത്തില്‍ ഏറ്റവുമധികം പേര്‍ മരണപ്പെട്ട പ്രകൃതി ദുരന്തമോ പ്രകൃതി ദുരന്തങ്ങളിലൊന്നോ ആണ് ഓഖി ദുരന്തം എന്ന് പോലും അറിയാത്ത അത്ര ഇഗ്‌നൊറന്റ് ആയ സമൂഹമാണ് നമ്മുടേത്. മരണപ്പെട്ടവരും കാണാതായവരും ഉള്‍പ്പെടെ ഏതാണ്ട് 350 പേരുണ്ടെന്ന് ലത്തീന്‍ സഭയും 216 പേരുണ്ടെന്ന് കേരളത്തിന്റെ റവന്യു വകുപ്പും കണക്കാക്കുന്ന ഒരു ദുരന്തമായിരുന്നിട്ട് കൂടി ഓഖി ഇന്നും കേരളത്തിന്റെ പൊതുസമൂഹത്തിന് ഓര്‍മ്മയില്‍ പോലും ഇല്ലാത്ത ഒരു സംഗതിയായി മാറിക്കഴിഞ്ഞു. കര തൊടാത്ത, കടപ്പുറത്തുകാരല്ലാത്ത മറ്റൊരാളെയും കാര്യമായി ബാധിക്കാതെ കടന്നുപോയ ആ ദുരന്തം ഓര്‍ത്തിരിക്കേണ്ട ആവശ്യം ആര്‍ക്കുമുണ്ടാവില്ലല്ലോ!
ഓഖിയെപ്പറ്റിയുള്ള അറിവില്ലായ്മ അഥവാ Ignorance പോലെ വിഴിഞ്ഞം തുറമുഖ പദ്ധതി കടപ്പുറത്തുകാര്‍ക്ക് ഉണ്ടാക്കാന്‍ പോവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ignorant ആയി ഇരിക്കാനുള്ള ചോയിസാണ് കേരളത്തിന്റെ പൊതുസമൂഹം എടുക്കുന്നതെങ്കില്‍ മനുഷ്യര്‍ പുഴുക്കളെപ്പോലെ കഴിയുന്ന ക്യാംപുകളുടെ എണ്ണം ഇനിയും കൂടി വരും. ആ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നമുക്കുള്ള ഗോഡൗണുകളും ക്ലാസ് മുറികളും തികയാതെ വരും. വിഴിഞ്ഞത്തെ നിര്‍മാണ പരിപാടികള്‍ നിര്‍ത്തി വച്ച് തീരശോഷണം തടയാനുള്ള ഫലപ്രദമായ വഴികള്‍ കണ്ടെത്താന്‍, പരമാവധി തീരം ഉറപ്പാക്കാന്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായേ മതിയാവൂ.
ലത്തീന്‍ സഭയിലെ വൈദീകരുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു സമരമാണ് ഇത് എന്നതും പലരെയും അലട്ടുന്നുണ്ടെന്ന് മനസിലാക്കുന്നു. ഒരു Religious Institution നേതൃത്വം നല്‍കുന്ന സമരമായതുകൊണ്ടു തന്നെ കേവലം പുനരധിവാസ പാക്കേജിന്റെ ചട്ടക്കൂടില്‍ മാത്രമായി ഈ പ്രതിഷേധങ്ങള്‍ ഒതുങ്ങിപ്പോവരുതെന്ന് ആശങ്കയുണ്ട്. തലമുറകളായി ജീവിക്കുന്ന, തൊഴിലെടുക്കുന്ന ഭൂമിക്ക് മേല്‍ അവിടുത്തെ മനുഷ്യര്‍ക്ക് അധികാരം ഉണ്ടാവാന്‍, അല്ലെങ്കില്‍ അത്തരമൊരു ചര്‍ച്ച എങ്കിലും ഉയര്‍ന്നു വരാന്‍ ഈ സമരം നിര്‍ണായകമാവേണ്ടതുണ്ട്.