Blogs

‘ഷൂട്ടിനിടയില്‍ മരിച്ചാലോ എന്നോര്‍ത്ത് വേണ്ടെന്ന് വച്ച സിനിമകള്‍’, ഷെയിന്‍ നിഗത്തോട് ചാച്ചന്‍ പറയുന്നത് 

ലാസര്‍ ഷൈന്‍
വെയില്‍ സിനിമാ ടീമുമായുള്ള തര്‍ക്കത്തിന് പിന്നാലെ മുടിയും താടിയും വെട്ടി പ്രതിഷേധവും നിസഹകരണവും പ്രഖ്യാപിച്ചിരിക്കുകയാണ് ഷെയിന്‍ നിഗം. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ചാച്ചന്‍ ആയെത്തിയ പ്രമുഖ നാടക പ്രവര്‍ത്തകന്‍ കെ എല്‍ ആന്റണിയുടെ അഭിനയത്തോടുള്ള സമീപനവും സമര്‍പ്പണവും ഷെയിന്‍ നിഗത്തിന്റെ നിലപാടുകളെ മുന്‍നിര്‍ത്തി ഓര്‍ത്തെടുക്കുകയാണ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മകന്‍ ലാസര്‍ ഷൈന്‍. 

കുറച്ചു ദിവസങ്ങളായി ഷെയ്ന്‍ നിഗമിന്റെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുകയായിരുന്നു. എനിക്കാണെങ്കില്‍ ഭയങ്കര ഇഷ്ടമാണ് ഷെയ്‌നേയും അയാളിലെ തീയേയും. അന്നയും റസൂലിലും വില്ലനാണല്ലോ. ഞാന്‍ സിനിമ കണ്ടിറങ്ങിയ വഴി ആരാണ് ആ ചങ്ങാതി എന്നു വിളിച്ചു തിരക്കി. തീയെന്നൊക്കെ പറഞ്ഞാല്‍ ചീറുന്ന തീ. പിന്നീടിങ്ങോട്ട് ഓരോന്നിലും ഇഷ്ടം കൂടിയിട്ടേയുള്ളു.

ഓണക്കാലത്ത് കണ്ട ഒരഭിമുഖ സംഭാഷണം കേട്ടപ്പോള്‍ ഫിലോസഫിയൊക്കെ പറയുന്നു. പറയുന്നത് ശ്രദ്ധിച്ചു. സമാധാനത്തേയും സ്‌നേഹത്തെയും കുറിച്ചാണ്. പക്ഷെ, ആ അഭിമുഖത്തെ ആരോ വിമര്‍ശിച്ചതിനോട് നടത്തിയ പ്രതികരണം മുതല്‍ അത് അങ്ങനെയല്ലല്ലോ ചെയ്യേണ്ടത്, പിആര്‍ പ്ലാന്‍ പാളുന്നുണ്ടല്ലോ എന്നു തോന്നുകയും ചെയ്തു.

ഷെയ്‌നിന്റെ മുടി വടിക്കല്‍ കണ്ട്, നമ്മുടെ ചാച്ചനെ ഞാന്‍ ഓര്‍ക്കുകയായിരുന്നു. പ്രതികരണത്തില്‍ ഷെയ്‌നൊന്നും ചിന്തിക്കാനാകാത്ത വിധം തീയനാണ് ചാച്ചന്‍. മഹേഷിന്റെ പ്രതികാരത്തിന്റെ ഷൂട്ടിങ് ഇടുക്കിയില്‍ നടക്കുകയാണ്. ചാച്ചനും അമ്മച്ചിയും പോയി. ദിലീഷും ശ്യാമുമടക്കം എല്ലാവരുമുണ്ടല്ലോ. ഞാനാഭാഗത്തേയ്ക്ക് പോയിട്ടില്ല. ഒരു ദിവസം ദിലീഷ് എന്നെ വിളിച്ചു. ഒന്നിവിടം വരെ വരണം. ചാച്ചന്‍ ചെറുതായിട്ട് ഒന്ന് ഇടഞ്ഞിട്ടുണ്ട്, എന്നു പറഞ്ഞു. ഞാനവിടെ ചെല്ലുമ്പോഴാണ് സംഭവം അറിയുന്നത്. സിനിമയില്‍ അലന്‍സിയര്‍ അഭിനയിക്കുന്നുണ്ടല്ലോ. അദ്ദേഹം ഇടയ്ക്ക് ഏതോ സീന്‍ എടുത്തപ്പോള്‍ ചാച്ചന് 'നിര്‍ദ്ദേശം' നല്‍കി. വീണ്ടും 'നിര്‍ദ്ദേശം' നല്‍കിയപ്പോള്‍, ചാ്ച്ചന്‍ തുറന്നടിച്ചു- 'നിര്‍ദ്ദേശം തരാന്‍ സംവിധായകനുണ്ട്'. ഈ സംഭവം ദിലീഷും ശ്യാമുമൊക്കെ ചേര്‍ന്ന് ഡീല്‍ ചെയ്തു. കാര്യങ്ങള്‍ സ്മൂത്തുമാണ്. പക്ഷെ, ഞാന്‍ വന്ന് ഒന്നു സംസാരിച്ച്, ചാച്ചന്‍ ഓക്കെയല്ലേ എന്നുറപ്പിക്കണം. ഞാന്‍ ചെന്നു കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ചാച്ചന്‍ സംഭവം പറഞ്ഞു. അലന്‍സിയര്‍ പരിചയമുള്ള ഒരു നടനല്ലേ, അദ്ദേഹം സഹായിച്ചു എന്നു കരുതിയാല്‍പ്പോരേ എന്നു ഞാന്‍ ഞായം പറഞ്ഞു. ''സംവിധായകനുണ്ടല്ലോ നിര്‍ദ്ദേശിക്കാന്‍'' ചാച്ചന്‍ അതില്‍ ഉറച്ചു നില്‍ക്കുകയാണ്. സംവിധായകനായിരുന്ന ചാച്ചന്‍, ആദ്യമായി സംവിധാനം ചെയ്യുന്ന ദിലീഷിനെയെങ്ങാനും കയറി സംവിധാനം ചെയ്യുമോ എന്നു ഭയന്നിരുന്ന എനിക്ക് ചാച്ചന്‍ ഇങ്ങോട്ട് ക്ലാസ് തന്നു- സംവിധായകനോടുള്ള നിലപാട് ആദ്യമായി വെളിപ്പെടുത്തിയതാണ് ഇത്.

രണ്ടാമത്തേത് 'ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള'യാണ്. താടി വടിയ്ക്കണ്ട എന്നു ചാച്ചനോട് പറഞ്ഞു. നരച്ച താടി അങ്ങു നീളാന്‍ തുടങ്ങി. ചാച്ചനെ താടിവെച്ച് ഞാന്‍ കണ്ടിട്ടേയില്ല. ചാച്ചന്‍ ദിവസവും കൃത്യമായി ഷേവ് ചെയ്യും. താടി അങ്ങു നീളാന്‍ തുടങ്ങിയപ്പോള്‍ ചാച്ചന്‍ വൃദ്ധനാകാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് എല്ലാം സങ്കടമായി. അയ്യോ ചാച്ചന്‍ വൃദ്ധനായല്ലോ എന്ന്. സിനിമയില്‍ ചാച്ചന്‍ മരിക്കുന്ന സീനുണ്ട്. അതുകണ്ട് ആകെ അലമ്പാവുകയും ചെയ്തു. ചാച്ചനും താടി വളര്‍ത്തി ശീലമില്ല. സംവിധായകന്‍ പറഞ്ഞതല്ലേ, ആ താടിയും വെച്ച് ചാച്ചന്‍ ഞണ്ടുകള്‍ക്കായി കാത്തിരുന്നു. അതില്‍ നിന്ന് ഒരു രോമം പോലും എടുത്തു കളഞ്ഞില്ല. ചാച്ചന് മീശയോ, താടിയോ നീളുന്നത് വലിയ ശല്യമാണ്. പക്ഷെ പുള്ളി സിനിമയ്ക്കു അത്യാവശ്യം വേണ്ട ആ രോമങ്ങള്‍ക്ക് ശീലങ്ങളെക്കാള്‍ വില കൊടുത്തു. രോമം വെറും രോമമല്ലെന്ന് പാഠം ആദ്യ സിനിമയില്‍ നിന്നു തന്നെ ചാച്ചന്‍ പഠിച്ചു കാണും. ഞണ്ടുകളുടെ സംവിധായകന്‍ ആകെ പറഞ്ഞത് താടി വടിയ്ക്കരുത് എന്നായിരുന്നു. ചാച്ചനത്, സംവിധായകന്റെ നിര്‍ദ്ദേശം, അക്ഷരം പ്രതി അനുസരിച്ചു.

ആ ഡയലോഗ് പ്രശ്‌നമാകുമോ. വര്‍ഗ്ഗീയത പറഞ്ഞ് അലമ്പാകുമോ. ശ്യാമിന് കുഴപ്പമാകുമോ. സിനിമയ്ക്ക് പ്രശ്‌നമാകുമോ എന്നെല്ലാം. എന്നോട് വിളിച്ച്, അതൊന്ന് ഒഴിവാക്കാന്‍ പറയാന്‍ പറഞ്ഞു

മൂന്നാമത്തെകാര്യം, ചാച്ചന് ഒരു തെലുങ്ക് സിനിമ വന്നു. പേരേതാണ്, നായകനാരാണ്, സംവിധായകനാര് എന്നെല്ലാം ഞാന്‍ ചോദിച്ചു. ചാച്ചനത് അറിയില്ല. വലിയ താല്‍പ്പര്യമില്ല. ഒരുമാസത്തെ ഷൂട്ടുണ്ട്. ലക്ഷങ്ങള്‍ പ്രതിഫലവും പറഞ്ഞു. സഹായിയേയും കൂട്ടിക്കോളു എന്നു പറഞ്ഞു. തെലുങ്കൊക്കെ അറിയാവുന്ന ഒരു ചങ്ങാതിയെ കണ്ടുപിടിക്കുകയും ചെയ്തു. എന്നാല്‍ പോകാം എന്ന ചിന്ത വന്നു. പിന്നെയത് മാറ്റി. തെലുങ്കില്‍ നിന്ന് ഒരുപാട് വിളിച്ചു. ഞാനും നിര്‍ബന്ധിക്കുന്നുണ്ട്. എനിക്ക് യാത്ര ചെയ്യാന്‍ വയ്യ. അസുഖങ്ങള്‍ ഉണ്ടെന്നു പറഞ്ഞു. ഞാന്‍ പിന്നീട് നിര്‍ബന്ധിച്ചില്ല. അവസാന കാലത്ത് വന്ന ഒട്ടേറെ സിനിമകള്‍ ചാച്ചനിങ്ങനെ വേണ്ടെന്നു വെച്ചു. ചാച്ചന്‍ പോയ ശേഷം ബൈജു ചേട്ടനാണ് കാരണം പറഞ്ഞു തന്നത്. ചേട്ടന്‍ പട്ടാളത്തിലാണ്. ലീവിനു വന്നപ്പോള്‍ ചാച്ചനെ പോയി കണ്ടു. ''ഒരുപാടുപേര്‍ വിളിക്കുന്നുണ്ട്. പ്രായമൊക്കെയായില്ലേ, ഷൂട്ടിനിടയില്‍ വല്ലതും സംഭവിച്ചാല്‍ അവരു മൊത്തം കുഴപ്പത്തിലാകില്ലേ... ഒരുപാടുപേരുടെ ഭാവിയല്ലേ'' എന്ന്. മരണം അടുത്തു എന്ന സ്വയം തോന്നലോടെ ചാച്ചന്‍ ചെയ്ത കുറേക്കാര്യങ്ങളില്‍ ഒന്നായിരുന്നു, ഷൂട്ടിന് ഇടയില്‍ മരിച്ചാലോ എന്നോര്‍ത്ത്... റീ ഷൂട്ട് ചെയ്യേണ്ടി വരുമല്ലോ എന്നോര്‍ത്തു വേണ്ടന്നു വെച്ച സിനിമകള്‍- സംവിധായകന്റെ ഭാവിയെ കുറിച്ചുള്ള വീണ്ടുവിചാരം. ഓരോ സിനിമയ്ക്കു പിന്നിലേയും അദ്ധ്വാനത്തൈ കുറച്ചു സിനിമകളിലൂടെ മനസിലാക്കിയ ഒരു നവാഗതന്റെ ഡെഡിക്കേഷനാണ് വേണ്ടെന്നു വെച്ച ആ സിനിമകള്‍.

അഭിനയിച്ചുകൊണ്ടിരിക്കേ മരിച്ചു വീഴണം എന്ന് ചാച്ചനും ആഗ്രഹിക്കാമായിരുന്നു. പക്ഷെ, ആ മരണം പ്രതിസന്ധിയിലാക്കുന്ന സിനിമകളിലെ മറ്റു കലാകാരരേയും റീഷൂട്ടിന്റെ ഭാരിച്ച ചെലവിനേയും ചാച്ചന്‍ മാനിച്ചു. ചാച്ചന്‍ ഒരു സിനിമയേയും പ്രതിസന്ധിയിലാക്കാതെ നമ്മെ വിട്ടുപോയി- ഡിസംബര്‍ 21ന്. കുറച്ചു ദിവസങ്ങള്‍ കൂടിക്കഴിഞ്ഞ്.

ഷെയ്ന്‍, ചാച്ചനൊക്കെ താങ്കളെക്കാള്‍ ചൂടനായിരുന്നു. പരിസരത്ത് അടുക്കാനാകാത്ത വിധം പൊള്ളുന്ന ചൂടായിരുന്നു. പക്ഷെ, അയാള്‍ കലയ്ക്കു മുന്നില്‍ കൂളായിരുന്നു. കലയെ ഓര്‍ത്ത് കൂളാകു. മുടങ്ങുന്ന സിനിമകളിലെ മറ്റു കലകാരരെ ഓര്‍ക്കു. അവരെയും അമ്മ പെറ്റതാണ് ചങ്ങാതി. അവരുടേതും സ്വപ്‌നങ്ങളാണ്.

''ഓച്ചിറയില്‍ കാബറേ കാണാന്‍ പോയത്'' സംബന്ധിച്ച ഡയലോഗുണ്ട് മഹേഷിന്റെ പ്രതികാരത്തില്‍, സിനിമ കഴിഞ്ഞു വന്നതു മുതല്‍ ചാച്ചന് ഭയങ്കര ടെന്‍ഷന്‍. ആ ഡയലോഗ് പ്രശ്‌നമാകുമോ. വര്‍ഗ്ഗീയത പറഞ്ഞ് അലമ്പാകുമോ. ശ്യാമിന് കുഴപ്പമാകുമോ. സിനിമയ്ക്ക് പ്രശ്‌നമാകുമോ എന്നെല്ലാം. എന്നോട് വിളിച്ച്, അതൊന്ന് ഒഴിവാക്കാന്‍ പറയാന്‍ പറഞ്ഞു. അതു പ്രശ്‌നമായാല്‍ സിനിമയെ ബാധിക്കില്ലേ, ഞാന്‍ പറഞ്ഞു, ഓച്ചിറയില്‍ കാബറേ ഉണ്ടായിരുന്നു എന്നത് സത്യമല്ലേ. പിന്നെന്താണ്. ഞാന്‍ ചാച്ചന്റെ ഈ പരിഭ്രാന്തി ശ്യാമിനോടോ ദിലീഷിനോടോ പങ്കുവെച്ചില്ല. അതുമൂലം സിനിമയ്ക്ക് വല്ലതും സംഭവിക്കുമോ... ഒരു ചെറുപ്പക്കാരന്റെ ആദ്യ സംവിധാന സംരഭമല്ലേ എന്ന കരുതലോടെ, ചാച്ചനത് പിന്നെയും പലവട്ടം പറഞ്ഞു. സിനിമയില്‍ ഏറ്റവും രസകരമായിരുന്നു ആ കാബറേ കാണല്‍ എന്നത് പിന്നീട് സംഭവിച്ചു

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT