(വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിന്റെ പരിഭാഷ)
പ്രിയപ്പെട്ട പിണറായി വിജയന്‍ ജീ,
സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് അകാലത്തില്‍ വിട്ടുപിരിഞ്ഞ സംഭവത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു. ക്ലാസ് റൂമിലെ മാളത്തില്‍ കഴിഞ്ഞിരുന്ന പാമ്പ് ഷെഹ്ലയെ കടിച്ചതിനേത്തുടര്‍ന്നാണ് അത് സംഭവിച്ചത്. ഭാവിവാഗ്ദാനമായിരുന്ന ഒരു ജീവന്‍ ഒരു അറിവ് ലഭിക്കേണ്ടയിടത്ത് വെച്ച് ദാരുണമായി ഇല്ലാതായി.
സുല്‍ത്താന്‍ ബത്തേരിയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്ന കെട്ടിടം സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ചലനാത്മകമായ ഒരു പഠനാന്തരീക്ഷത്തിന്റെ അഭാവം വിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കളുടേയും ആത്മവിശ്വാസം ഒരുപോലെ കെടുത്തും. മികച്ച പൊതുവിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ കേരളം ഏറെ മുന്നിലായിരുന്നു എന്നത് അംഗീകരിച്ചുകൊണ്ടുതന്നെ, വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് അടിസ്ഥാന സൗകര്യങ്ങളിന്മേല്‍ ഒരു പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍വജന സ്‌കൂളിലേയും വയനാട്ടിലെ മറ്റ് പൊതു വിദ്യാലയങ്ങളിലേയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഒരു കര്‍മ്മപദ്ധതി തയ്യാറാക്കണമെന്നും അപേക്ഷിക്കുന്നു. സര്‍വജന സ്‌കൂള്‍ നവീകരിക്കുന്നതിനായി ലോക്‌സഭാംഗങ്ങള്‍ക്കുള്ള പ്രാദേശിക വികസന ഫണ്ടില്‍ നിന്നും വേണ്ടതായ പിന്തുണ ഞാന്‍ നല്‍കുമെന്ന് സന്തോഷത്തോടെ അറിയിക്കട്ടെ.
മരിച്ചുപോയ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യത്വത്തിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. ഒഴിവാക്കാനാകുമായിരുന്ന ഈ ദുരന്തത്തിന്റെ വേദന മറ്റൊരു മാതാപിതാക്കള്‍ക്കും ഏറ്റുവാങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കാനായി കേരള സര്‍ക്കാര്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ
രാഹുല്‍ ഗാന്ധി
കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം