കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അതെ ഭാഷയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തിലുള്ളതെങ്കില്‍ ആ നിയമം നടപ്പാക്കാന്‍ അനുവാദിക്കാതിരിക്കുക എന്നതാണ് ഒരു ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയമുള്ള സമൂഹത്തിന്റെ സമര കടമ
118-A എന്ന കേരള പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കപ്പെടേണ്ട കരിനിയമമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും ജനാധിപത്യ സമൂഹത്തിനും നേരെയുള്ള ഭരണകൂടത്തിന്റെ നഗ്നമായ കടന്നാക്രമണമാണിത്.
ഓണ്‍ലൈന്‍ സാമൂഹ്യമാധ്യമങ്ങളിലെ വ്യക്ത്യാധിക്ഷേപങ്ങളെ തടയാനെന്ന പേരില്‍ ജനാധിപത്യ നിയമവാഴ്ച്ചയെ നോക്കുകുത്തിയാക്കിക്കൊണ്ട് പൊലീസിനെ കയറൂരിവിട്ട് പൗരസമൂഹത്തെ നിരന്തരമായ നിരീക്ഷണത്തിനു കീഴില്‍ നിര്‍ത്താനുള്ള ഭരണകൂട നീക്കമാണിത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള UAPA കേന്ദ്ര സര്‍ക്കാര്‍ 2009-ല്‍ IT നിയമത്തിലെ ഒരു ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്ത 66-A എന്ന ഉപവകുപ്പ് ഭരണഘടനയുടെ 19(1) (a) അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കണ്ട് സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍, കേരളം പൊലീസ് നിയമത്തിലെ അതേ മാതൃകയിലുള്ള 118 (D )യും അതേ കാരണങ്ങള്‍കൊണ്ട് റദ്ദാക്കിയിരുന്നു. അതാണ് ഇപ്പോള്‍ കൂടുതല്‍ ഭീകര സ്വഭാവത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഈ നിയമഭേദഗതി നിഷ്‌ക്കളങ്കമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.
പുതിയ നിയമഭേദഗതിയനുസരിച്ച്. ഏതു തരത്തിലുള്ള ആശയവിനിമയവും ആരുടെയെങ്കിലും 'കീര്‍ത്തി' (Reputation ) ഹനിക്കുന്നതാണെന്നു 'ആര്‍ക്കെങ്കിലും' തോന്നിയാല്‍ കേസെടുത്ത് അഞ്ചു കൊല്ലം വരെ തടവും 10000 രൂപ പിഴയും കിട്ടാവുന്ന ശിക്ഷയായി മാറുന്നു. മറ്റാര്‍ക്കും തോന്നിയില്ലെങ്കിലും, എന്തിനു 'കീര്‍ത്തി' ഹനിക്കപ്പെട്ടയാള്‍ക്കു വരെ തോന്നിയില്ലെങ്കിലും സ്ഥലത്തെ പൊലീസ് ഏമാന് തോന്നിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാം എന്നതാണ്. എന്തെങ്കിലും തരത്തിലുള്ള ആശയ വിനിമയ ഉപാധികളിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളൊക്കെ ഇതിലുള്‍പ്പെടുന്നു. അതായത് കോഴമാണി എന്ന് വിളിച്ചത് മുതല്‍ നരേന്ദ്ര മോദിയെ ഹിന്ദുത്വ ഭീകരവാദി എന്ന് വിളിക്കുന്നതടക്കം സ്ഥലത്തെ പൊലീസ് ദിവ്യന്മാര്‍ക്ക് നിങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനുള്ള കാരണങ്ങളാണ്. പരാതിക്കാരൊന്നും വേണമെന്നില്ല.
വാര്‍ത്താമാധ്യമങ്ങളെ മാത്രമല്ല ഒരു ജനാധിപത്യ സമൂഹത്തിലെ ഏറ്റവും അടിസ്ഥാനപരമായ പൗരസംവാദ വ്യവഹാരങ്ങളെയടക്കം ഇല്ലാതാക്കാനാണ് ഈ നിയമം ഉപയോഗിക്കപ്പെടുക. ദിവസങ്ങള്‍ക്കു മുമ്പാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഏതാണ്ടിതേ പോലെ ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള വിജഞാപനം പുറത്തിറക്കിയത്. ഒരു കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അതെ ഭാഷയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തിലുള്ളതെങ്കില്‍ ആ നിയമം നടപ്പാക്കാന്‍ അനുവാദിക്കാതിരിക്കുക എന്നതാണ് ഒരു ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയമുള്ള സമൂഹത്തിന്റെ സമര കടമ.
ഇത്രയും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു നിയമഭേദഗതി വ്യാപകമായ ചര്‍ച്ചകളില്ലാതെ ഒരു ordinance ലൂടെ കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിതന്നെ നിയമനിര്‍മ്മാണത്തിലെ ജനങ്ങളുടെ നാമമാത്രമെങ്കിലുമുള്ള ഇടപെടല്‍ അവകാശത്തോടുള്ള വെല്ലുവിളിയാണ്. തിടുക്കപ്പെട്ട് തടുക്കേണ്ട കീര്‍ത്തിനഷ്ടം ആര്‍ക്കാണുള്ളത് !?
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
This ordinance should be repealed. It should go lock, stock and barrel. അധികാരത്തോടുള്ള നിരന്തരമായ സമരമാണ് ജനാധിപത്യം. സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിനാണ് ഇന്ത്യയില്‍നിന്നുള്ള ഏറ്റവും പ്രധാന സമരം നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും അത് നല്‍കുന്ന ഭരണഘടനയുടെ സംരക്ഷണത്തിനും ജനാധിപത്യം എന്ന പ്രാഥമിക ആശയത്തിനും വേണ്ടിയാണത്. കേരള സര്‍ക്കാരിന്റെ പുതിയ പൊലീസ് നിയമ ഭേദഗതി ordinance ആ സമരത്തിനെതിരെയാണ് അടിസ്ഥാനപരമായി ഉപയോഗിക്കപ്പെടുക. ഇത് തിരിച്ചറിയുന്നില്ലെങ്കില്‍, ഇതിപ്പോള്‍ പറയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സമഗ്രാധിപത്യത്തിന്റെ നേതൃരൂപങ്ങളുടെ ഛായാചിത്രങ്ങളില്‍ മാത്രമേ അഭിപ്രായവ്യത്യാസമുള്ളൂ എന്ന് വരും.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം