പൂന്തുറയില്‍ നടന്ന പ്രതിഷേധത്തിന് പിന്നില്‍ പലതാണു കാരണങ്ങള്‍,സെബിന്‍ എ ജേക്കബ് എഴുതിയത്.
തീരദേശമെന്നാല്‍ പലരുടെയും ധാരണ പഴയ ചെമ്മീന്‍ സിനിമയിലെ പോലെ കടല്‍ത്തീരത്തോടു ചേര്‍ന്നുനില്‍ക്കുന്ന കൂരയും വൃത്തിയില്ലാത്ത ചുറ്റുപാടും നിറഞ്ഞ പ്രദേശം എന്നതാണ്. അക്കാലമൊക്കെ പോയി മനുഷ്യന്‍മാരെ, നാളികേരത്തിന്റെ നാട്ടിലെ നാഴിയിടങ്ങഴി മണ്ണില്‍ നാരായണക്കിളിക്കൂടുപോലെയുള്ള നാലുകാലോലപ്പുരയല്ല, അവരുടെ വീടുകള്‍. നല്ല അടച്ചുറപ്പുള്ള കോണ്‍ക്രീറ്റ് നിര്‍മ്മിതികളാണ്. ജനസാന്ദ്രത കൂടുതലായിരിക്കാം. വൃത്തിക്കും വെടിപ്പിനും ഒന്നും ഒരു കുറവുമില്ല. വെട്രിഫൈഡ് ടൈല്‍സ് തന്നെയാണ് അവരുടെ തറകളിലും. അല്ലാതെ പൂഴിമണ്ണിനുമീതെ കരമണ്ണിട്ട് അടിച്ചുറപ്പിച്ചിരിക്കയല്ല. ഭിത്തി പനമ്പുവച്ചു കെട്ടിയതല്ല. നല്ല ഇഷ്ടിക പിടിച്ച് ഉണ്ടാക്കിയതാണ്. അവര്‍ വെട്ടംവീഴുംമുമ്പ് കടലിറമ്പത്തുപോയി വെളിക്കിറങ്ങുന്നവരല്ല. എല്ലാ വീട്ടിലും അറ്റാച്ച്ഡ് ടോയ്‌ലറ്റുണ്ട് (മറ്റൊരവസരത്തില്‍ നമ്മള്‍ അതിന്റെ പേരില്‍ ഊറ്റം കൊണ്ടവരാണ്). വീട്ടില്‍ ശീലിച്ച വൃത്തിയെക്കാള്‍ ഒട്ടും മോശമല്ലാത്ത ചുറ്റുപാട് അവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങളിലും ലഭ്യമാക്കണം. മനുഷ്യാന്തസ് എന്ന ഒന്നുണ്ട്. അതിനു ഭംഗം വരുമ്പോഴാണ് കുത്തിത്തിരിപ്പുകാര്‍ക്ക് മുതലെടുക്കാന്‍ കഴിയുന്നത്.
പറഞ്ഞുവരുന്നത് പൂന്തുറയെക്കുറിച്ചാണ്. ലോക്ക് ഡൗണ്‍ ലംഘിച്ച് പൂന്തുറയില്‍ നടന്ന പ്രതിഷേധത്തിന് പിന്നില്‍ പലതാണു കാരണങ്ങള്‍.
(1) മുന്നറിയിപ്പില്ലാതെ പൊടുന്നനെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം പിറ്റേന്നത്തേക്കുള്ള സാധനങ്ങള്‍ പോലും സ്റ്റോക്ക് ചെയ്യാന്‍ കഴിയാതിരുന്നതും തുടര്‍ന്ന് വീട്ടാവശ്യത്തിനുള്ള വസ്തുവകകള്‍ എല്‍പിജി, പാല്‍ അടക്കം ലഭിക്കുന്നതില്‍ തടസ്സമുണ്ടായതും.
(2) കോവിഡ് പോസിറ്റീവ് എന്ന് ആന്റിജന്‍ ടെസ്റ്റില്‍ കാട്ടിയ ആളുകളെ ക്വാറന്റീന്‍ ചെയ്യുമ്പോള്‍ പൂന്തുറക്കാര്‍ക്ക് ഇത്രയൊക്കെ മതി എന്ന സമീപനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായോ എന്നു സംശയം തോന്നുമാറ് ഏറെപ്പേരെ ഒറ്റ വാര്‍ഡില്‍ പാര്‍പ്പിക്കയും വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യമോ ആവശ്യത്തിനു ടോയ്‌ലറ്റോ ലഭ്യമാക്കാതിരിക്കയും ചെയ്തതും.
(3) കരുതല്‍ കരുതല്‍ എന്നു നാഴികയ്ക്കു നാല്പതുവട്ടം പറയുമെങ്കിലും കാരക്കോണത്തും വര്‍ക്കലയിലും കൊണ്ടുപോയ തങ്ങളുടെ നാട്ടുകാര്‍ക്ക് അവരാവശ്യപ്പെട്ടിട്ടും ഭക്ഷണം പോയിട്ടു കുടിവെള്ളം പോലും ലഭിച്ചില്ലെന്നും ഡോക്ടര്‍മാരും നഴ്‌സുമാരും ദീര്‍ഘനേരത്തേക്ക് അറ്റന്‍ഡ് ചെയ്തില്ലെന്നും ഉള്ള വിവരങ്ങള്‍ പങ്കുവച്ച് അവരയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ - ഇവ ഞാനും കേട്ടതാണ്.
(4) അതില്‍തന്നെ കരള്‍ ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന വിവരം പറഞ്ഞിട്ടുപോലും തന്നെ മറ്റുള്ള രോഗികള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കയാണെന്നും തങ്ങളുടെ വാര്‍ഡില്‍ തന്നെ ഒരു ക്യാന്‍സര്‍ രോഗിയുണ്ടെന്നും തങ്ങള്‍ക്കൊക്കെ മറ്റു രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണെന്നും ഏഴുപേരുള്ള തന്റെ വീട്ടില്‍ നാലുപേരും പോസിറ്റീവ് ആയതിനാല്‍ തങ്ങള്‍ മതില്‍ക്കെട്ടിനകത്തുള്ള വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞോളാമെന്നും മൂന്നുപേര്‍ മാറിതാമസിക്കാമെന്നും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അതു ഗൗനിക്കാതെയാണ് കാരക്കോണത്തു കൊണ്ടുപോയത് എന്നും ഒരു സ്ത്രീ പറഞ്ഞതും ഇതില്‍ ഇടവക എന്തുകൊണ്ട് ഇടപെടുന്നില്ല എന്നു ചോദ്യം ചെയ്തതും.
(5) പൊസിറ്റീവ് കേസുകള്‍ കൂടുതലും മുസ്ലീം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിലാണെങ്കിലും ബുദ്ധിമുട്ടും ദുഷ്‌പേരും മുഴുവന്‍ തങ്ങള്‍ക്കാണെന്ന ക്രിസ്ത്യന്‍ ലത്തീന്‍ വിഭാഗക്കാരുടെ വികാരം.
(6) കമാന്‍ഡോസിന്റെ റൂട്ട് മാര്‍ച്ചും സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീലിന്റെ അനാവശ്യമായ പ്രസ്താവനയും അവിടുത്തുകാരില്‍ ജനിപ്പിച്ച അവിശ്വാസവും.
(7) സാധനം വാങ്ങാന്‍ പോയിടത്തുനിന്നും ഓടിച്ചുവിടുക വഴി ഒരിടത്ത് അടങ്ങിയിരിക്കുന്ന സ്വഭാവമില്ലാത്ത ഒരു ജനതയുടെ മേല്‍ പൊലീസിന്റെ അമിതാധികാര പ്രയോഗം എന്ന തോന്നല്‍ ഉണ്ടാക്കിയ പ്രശ്‌നം.
(8) തങ്ങള്‍ ദിവസേന നല്ല പച്ചമീനും മറ്റും കഴിക്കുന്നവരാണെന്നും അതിനാല്‍ നല്ല ആരോഗ്യമുണ്ടെന്നും കൊവിഡ് തങ്ങള്‍ക്ക് വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നുമുള്ള അമിത ആത്മവിശ്വാസം.
(9) ദിവസവും നല്ല അളവില്‍ ഭക്ഷണം കഴിച്ചുപോന്നവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നല്‍കുന്ന മിതഭക്ഷണം ഒന്നിനും തികയുന്നില്ല എന്ന പച്ചപ്പരമാര്‍ത്ഥം.
ഇങ്ങനെ പലതും.
എന്നാല്‍ ഇതില്‍ ഒട്ടുംകുറയാത്ത കാരണം വര്‍ഗീയവും വംശീയവുമാണ്. വംശീയം എങ്ങനെയെന്നാല്‍ അതിവ്യാപനം സ്ഥിരീകരിച്ചതിനു പിന്നാലെ തീരദേശമേഖലയിലാകെ മത്സ്യബന്ധനം നിരോധിച്ചത്. കുമരിച്ചന്തയില്‍ കന്യാകുമാരിയില്‍ പോയി മീനെടുത്തുകൊണ്ടുവന്ന (മുസ്ലീം നാമധാരിയായ) മത്സ്യവ്യാപാരിക്കും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ക്കും ടിയാളില്‍ നിന്നു മീന്‍ എടുത്തു ചില്ലറവില്പന നടത്തിയ ചിലര്‍ക്കുമാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇവരാരും പരമ്പരാഗത മത്സ്യത്തൊഴിലാളികളല്ല. ഇവരാരും പൂന്തുറക്കാരുമല്ല. കുമരിച്ചന്തയില്‍ നിന്ന് ഒന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് തീരം. സെന്റ് തോമസ് നഗറും കടന്നുപോകണം. ഇവിടെ പ്രശ്‌നമുണ്ടെന്നു വച്ച് വിഴിഞ്ഞത്തുനിന്നോ വലിയതുറയില്‍ നിന്നോ കടലില്‍ പോകുന്നതിനു പ്രശ്‌നമുണ്ടാകേണ്ടതുമില്ല. എന്നിട്ടും ഉപജീവനം മുട്ടിയത് കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ പുരുഷന്മാരുടെയും അവരില്‍ നിന്നു നേരിട്ട് മീന്‍ വാങ്ങി കച്ചവടം ചെയ്യുന്ന സ്ത്രീകളുടേയുമാണ്.
ഒരു മെഡിക്കല്‍ റെപ്പിനും അദ്ദേഹത്തോടു ബന്ധപ്പെട്ടുനില്‍ക്കുന്നവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടനെ നാട്ടിലെ മുഴുവന്‍ ആശുപത്രികളും മരുന്നുകടകളും അടച്ചിടുന്നതുപോലെ അബ്‌സേഡ് ആണിത്.
മൂന്നു വാര്‍ഡുകളിലാണ് പ്രശ്‌നം. അതില്‍ തന്നെ രൂക്ഷത കുറവ് പൂന്തുറയിലാണ്. ഇന്നലെ കോവിഡ് ബാധിച്ചുമരിച്ചയാള്‍ താമസിക്കുന്ന മാണിക്യവിളാകം എന്ന പ്രദേശം ബീമാപ്പള്ളിയുടെ പിന്‍ഭാഗത്തായി വരുന്നിടമാണ്. പൂന്തുറയില്‍ നിന്ന് വളരെ ദൂരെയാണ് ഈ പ്രദേശം. ഇതൊക്കെയായാലും പൂന്തുറക്കാര്‍ക്കാണ് സ്റ്റിഗ്മ. ഇതില്‍ വര്‍ഗീയതയുടെ അംശമുണ്ട് എന്ന ഫീല്‍ ആണ് പൂന്തുറയിലെ ക്രിസ്ത്യന്‍ വിഭാഗത്തിനുള്ളത്. ഈ പ്രദേശത്തെ മുന്നേതന്നെയുള്ള മുസ്ലീം - ക്രിസ്ത്യന്‍ ഡിവൈഡ് ഇതില്‍ ഒരു പങ്കുവഹിച്ചിട്ടുണ്ട്. അത് മുതലെടുക്കാന്‍ ചില കുഴിത്തുരുമ്പുകള്‍ക്കായി എന്നതു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ട്രിപ്പിള്‍ ലോക്ള്‍ഡൗണ്‍ പ്രഖ്യാപിച്ചയിടങ്ങളില്‍ കൃത്യമായി ഭക്ഷണം എത്തുന്നുണ്ടോ എന്നുറപ്പാക്കിയിരുന്നെങ്കില്‍ അതിത്രയും രൂക്ഷമാകില്ലായിരുന്നു.