Blogs

'ഈയ് പറയുന്നതൊന്നും എനക്ക് തിരിയുന്നില്ല മോനേ' എന്ന് പറയുന്ന ഗോയിന്നേട്ടന്‍',ഇനി കലയുടെ കളിയരങ്ങിൽ വാഴുക

അടിമുടി അരങ്ങായിരുന്നു ശാന്തകുമാറിന് ജീവിതം. പതിമൂന്നാം വയസ്സിൽ നാടകമെഴുതി അരങ്ങേറ്റം കുറിച്ചതാണ്‌ ആ നാടക ജീവിതം.

അന്തരിച്ച നാടകകൃത്തും സംവിധായകനുമായ എ.ശാന്തകുമാറിനെക്കുറിച്ച് ഷിജു. ആര്‍ എഴുതിയത്‌

സമരഭരിതമെന്ന പോലെ ക്യാമ്പസ് കലോത്സവങ്ങളും കലാജാഥകളും കൊണ്ട് സർഗ്ഗസമ്പന്നം കൂടിയായ വിദ്യാർത്ഥി ജീവിതത്തിന്റെ വിളക്കുമാടങ്ങളിലൊന്നായിരുന്നു ശാന്തേട്ടൻ. കെ.എസ്. ബിമലായിരുന്നു ശാന്തേട്ടനും സുരേഷ് ബാബുവേട്ടനും ഒക്കെയടങ്ങുന്ന കോഴിക്കോടൻ നാടക വേദിയുമായി ഞങ്ങളുടെ തലമുറ വിദ്യാർത്ഥി ജീവിതത്തെ കൂട്ടിയിണക്കിയ ബലമുള്ള കണ്ണികളിലൊന്ന്. അവൻ നേരത്തേ പോയി.

അടിമുടി അരങ്ങായിരുന്നു ശാന്തകുമാറിന് ജീവിതം. പതിമൂന്നാം വയസ്സിൽ നാടകമെഴുതി അരങ്ങേറ്റം കുറിച്ചതാണ്‌ ആ നാടക ജീവിതം. മരംപെയ്യുന്നു, കുരുടൻ പൂച്ച, സ്വപ്‌നവേട്ട തുടങ്ങി അമ്പതിലേറെ നാടകങ്ങളുടെ രചയിതാവായ ശാന്തകുമാറിന് നാടക രചനയ്‌ക്ക്‌ കേരള സംഗീതനാടക അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡുകളടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ലൈംഗികത്തൊഴിലാളികളെ അഭിനേതാക്കളാക്കിക്കൊണ്ട് അവരുടെ തന്നെ ജീവിതം പറയുന്ന ഒറ്റ രാത്രിയുടെ കാമുകിമാർ മലയാള നാടക ചരിത്രത്തിലെ തന്നെ തീക്ഷ്ണ പരീക്ഷണങ്ങളിലൊന്നായിരുന്നു.
കാല്പനിക ഭാഷയിൽ സംസാരിക്കുന്ന നാടകകൃത്തിനോട് " ഈയ് പറയുന്നതൊന്നും എനക്ക് തിരിയുന്നില്ല മോനേ" എന്ന് പറയുന്ന ഗോയിന്നേട്ടനുണ്ട് ചിരുത ചിലതൊക്കെ മറന്നിരിക്കുന്നു എന്ന നാടകത്തിൽ. അതിഭാവുകത്വത്തിന്റെ ലോകത്തിൽ നിന്ന് മണ്ണിലിറങ്ങുന്ന നാടകത്തിന്റെ ഭാവി ഭാവുകത്വ പ്രഖ്യാപനമായിരുന്നു ആ സംഭാഷണമെന്ന് പിൽക്കാലം നാടകങ്ങൾ ശ്രദ്ധിച്ചാലറിയാം.

ആഗോളീകരണ കാലത്ത് കടലെടുത്തു പോവുന്നൊരു കാർഷിക സംസ്കൃതിക്കൊപ്പമാണ് "ന്റെ പുള്ളിപ്പയ്യും " അതിന്റെ കരച്ചിലും തൊഴുത്തിറങ്ങിപ്പോയത്.
മുസ്ലീം പുരോഹിതനായ യുവാവിന്റെയും കന്യാസ്ത്രീയായ യുവതിയുടെയും പ്രണയത്തിന്റെ കഥ പറയുന്ന ഒരു ദേശം നുണ പറയുന്നു എന്ന നാടകം ഈയടുത്ത കാലത്ത് വിദേശത്തും ഇന്ത്യയിലുമായി നൂറു കണക്കിന് അരങ്ങുകൾ പിന്നിട്ടു. പ്രത്യക്ഷത്തിൽ മതപൗരോഹിത്യവും വ്യക്തികളുടെ ഇച്ഛയും തമ്മിലുള്ള സംഘർഷമാണ് നാടകമെങ്കിൽ ആന്തരികമായി പ്രണയികൾക്കിടയിലെ രാഗ ദ്വേഷ സംഘർഷങ്ങൾ , പ്രണയരഹിതമായിപ്പോവുന്ന അധീശത്വ ശ്രമങ്ങൾ തുടങ്ങിയവ ആ നാടകത്തിന്റെ പ്രമേയ പരിസരം കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. മലയാളിയിൽ ഗൃഹാതുര സ്വാധീനമുള്ള സിനിമാപ്പാട്ടുകൾ പശ്ചാത്തലമായി ഉപയോഗിച്ച രംഗഭാഷയും ഈ നാടകത്തിന്റെ കാഴ്ചയെ ഒരു പുതുമയാർന്ന അനുഭവമാക്കും. ഈ നാടകമാണ് ശാന്തകുമാറിന്റെ "ഭൂമിയിലെ ഏറ്റവും മനോഹരമായ സ്വകാര്യം " എന്ന സിനിമയുടെയും പ്രമേയം.

വാഴുന്നോരുടെ ഭാരം താങ്ങി മുതുകൊടിഞ്ഞ കുന്തോലനും നാട്ടുകാവുകളുടെ കാവൽക്കാരനായ അവർണ്ണ ദൈവം ഗുളികനും ഒരേ സമയം എങ്ങനെ അധികാരത്തിന്റെ ഇരയാവുന്നുവെന്ന് പരിശോധിക്കുന്നുണ്ട് ഗുളികനും കുന്തോലനും എന്ന നാടകം.

വർഷങ്ങൾക്ക് മുൻപാണ്. കൊലപാതക പരമ്പരകൾ രാഷ്ട്രീയത്തിന്റെ തന്നെ നിറം കെടുത്തിക്കളയുന്ന കാലത്തിന്റെ ഇരുട്ടു നോക്കി ശാന്തേട്ടന്റെ പെരുംകൊല്ലന്റെ ഇടനെഞ്ചിലെ ഉലയാളിക്കത്തി. അക്കാലത്തിന്റെയും പ്രായത്തിന്റെയും ശുഭാപ്തി വിശ്വാസത്തിൽ ആ നാടകത്തിന്റെ ഭാവ പരിസരം അരാഷ്ട്രീയമാണെന്ന് ശാന്തേട്ടനോട് തർക്കിച്ചിട്ടുണ്ട്.

ശാന്തേട്ടാ ! അഭിപ്രായ ഭിന്നതകളുടെ പേരിൽ മനുഷ്യനെ കൊല്ലുന്ന രാഷ്ട്രീയത്തോളം അരാഷ്ട്രീയമല്ല, അതിൽ വെന്തു പൊള്ളുന്ന മനസ്സെന്ന് പിന്നീട് ജീവിതം പഠിപ്പിച്ചു.

അർബുദത്തോട് അവധി വാങ്ങിയതായിരുന്നു ഏതാനും വർഷങ്ങളായി ആ ജീവിതം. മരണം മുറിക്കു പുറത്ത് കാത്തിരിക്കുമ്പോഴും അസ്വസ്ഥനാവാതെ അദ്ദേഹം തന്റെ സർഗ്ഗസമരങ്ങൾ തുടർന്നു. മരുന്നും വേദനയും ക്ഷീണിപ്പിച്ച ഉടലിലും ക്ഷീണമില്ലാത്ത ഉയിരിന്റെ തിളക്കമുള്ള മിഴികളും മൊഴിയുമായി നാടകങ്ങളെക്കുറിച്ച് , സിനിമയെക്കുറിച്ച് സംസാരിച്ചു. ധീരമായി സ്വപ്നം കണ്ടു.

അവധി കഴിഞ്ഞു. തിരശ്ശീല വീണു. ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് ഓർമ്മകളുടെ അണിയറയിലേക്ക് പോയ നാടകക്കാരാ...

ഇനി കലയുടെ കളിയരങ്ങിൽ വാഴുക...

മലയാള നാടക വേദിക്ക് പുതുഭാവുകത്വമേകിയ ശാന്തകുമാര്‍

1965 നവംബര്‍ 13 ന് കോഴിക്കോട് ജില്ലയില്‍ പറമ്പില്‍ ബസാറില്‍ ജനിച്ച ശാന്തകുമാർ കോഴിക്കോട് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നും ബിരുദ പഠനത്തിന് ശേഷം നാടകരംഗത്തേക്കിറങ്ങി. കഴിഞ്ഞ 15 വര്‍ഷമായി അമേച്വര്‍ നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നു. നാടകരചന, സംവിധാനം എന്നിവയാണ് പ്രധാന തട്ടകം. 1999 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ പെരുംകൊല്ലന്‍ എന്ന നാടകത്തിലൂടെ നാടക രംഗത്ത് സജീവമായി. ബാങ്ക്‌മെന്‍സ് ക്ലബ് സംഘടിപ്പിച്ച സംസ്ഥാന നാടകമത്സരത്തില്‍ സമ്മാനാര്‍ഹമായ സുഖനിദ്രയിലേക്ക്, പതിമൂന്നാം വയസ്സ്, ന്റെ പുള്ളിപ്പയ്യ് കരയ്വാണ്, ദാഹം, കര്‍ക്കടകം, സ്വപ്‌നവേട്ട, ജയില്‍ ഡയറി തുടങ്ങി അറുപതിലേറെ നാടകങ്ങള്‍ രചിച്ചു.

ലൈംഗികത്തൊഴിലാളികള്‍ക്കു വേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച ഒറ്റ രാത്രിയുടെ കാമുകിമാര്‍, സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടി രചിച്ച അവസാനചുംബനം എന്നീ നാടകങ്ങള്‍ എറെ ചര്‍ച്ച ചെയ്യപ്പെട്ടു. അരക്കു കീഴെ തളര്‍ന്ന, അജയന്‍ എന്ന നാടക നടനുവേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച മരം പെയ്യുന്നു എന്ന നാടകവും കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരളാ സാഹിത്യ അക്കാദമി അവാർഡ് എന്നിവ ഒന്നിലേറെ തവണ നേടിയ ശാന്തകുമാറിനു ലഭിച്ച പുരസ്കാരങ്ങൾ നിരവധിയാണ്. ചിരുത ചിലതൊക്കെ മറന്നുപോയി എന്ന നാടകത്തിന് തോപ്പില്‍ ഭാസി അവാര്‍ഡും ബാലന്‍ കെ.നായര്‍ അവാര്‍ഡും ലഭിച്ചു. നിലമ്പൂര്‍ ബാലന്‍ പുരസ്‌കാരം, കൈരളി ടി വി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സ്വപ്‌നവേട്ട എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കാക്കക്കിനാവ് എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യന്‍ ലിറ്ററേച്ചറും പ്രസിദ്ധീകരിച്ചു. കര്‍ക്കടകം, കുരുടന്‍ പൂച്ച, ചിരുത ചിലതൊക്കെ മറന്നു പോയി, മരം പെയ്യുന്നുന്നു, കറുത്ത വിധവ, ഒരു ദേശം നുണപറയുന്നു എന്നപേരിൽ ഏകാങ്കങ്ങളുടെ സമാഹാരം എന്നിവ പ്രസിദ്ധീകരിച്ച നാടകങ്ങളാണ്. ഭാര്യ: ഷൈനി. മകള്‍: നീലാഞ്ജന എന്നിവർ അടങ്ങുന്നതാണ് കുടുംബം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT