Philipose Mar Chrysostom 
Blogs

അങ്ങനെയൊരുത്തരം പറയാന്‍ ഈ ലോകത്ത് ആ വലിയ മെത്രാപ്പോലീത്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ, കെ.ആര്‍ മീര എഴുതിയത്

മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെക്കുറിച്ച് എഴുത്തുകാരി കെ.ആര്‍ മീര എഴുതിയത്.

‘ ഒരു പത്രത്തിന്‍റെ വിദ്യാഭ്യാസ സപ്ലിമെന്റില്‍ ഒരു വലിയ മെത്രാപ്പോലീത്തയും സ്കൂള്‍ കുട്ടികളും തമ്മിലുള്ള സംവാദം ഉണ്ടായിരുന്നു.

‘‘ നിങ്ങള്‍ ചക്കക്കുരു കണ്ടിട്ടുണ്ടോ? ’’

മെത്രാപ്പോലീത്ത ചോദിച്ചു.

‘‘ഉണ്ട്.’’

‘‘എന്നിട്ടതിനുള്ളില്‍ എന്താ ഉള്ളത്?’’

ചിലര്‍ നിശ്ശബ്ദരായി. ചിലര്‍ പറഞ്ഞു –‘‘ഒന്നും ഇല്ല’’.

അപ്പോള്‍ മെത്രാപ്പോലീത്ത പറഞ്ഞു:

‘‘ ഒരു ചക്കക്കുരുവില്‍ ഒരു പ്ലാവും അതു നിറയെ ചക്കകളുമുണ്ട്.’’

അതുകേട്ടു കുട്ടികള്‍ ചിരിച്ചപ്പോള്‍ അദ്ദേഹം തുടര്‍ന്നു:

‘‘ചക്കക്കുരുവിനുള്ളില്‍ ഒരു പ്ലാവും നിറയെ ചക്കകളും കാണാനാവുന്നതാണു വിദ്യാഭ്യാസം. അല്ലാതെ എഴുത്തും വായനയും പഠിച്ചതു കൊണ്ടു മാത്രം വിദ്യാഭ്യാസമാകില്ല.’’

–അതു വായിച്ചതും ഒരു വണ്ടി പിടിച്ചു നേരെ തിരുവല്ലയില്‍ ചെന്ന് ആ മെത്രോപ്പീലത്തയുടെ പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിക്കണമെന്നു തോന്നി. എല്ലാ മതങ്ങളിലും അദ്ദേഹത്തെപ്പോലെ ചില മേലധ്യക്ഷന്‍മാര്‍ ഉണ്ടായിരുന്നെങ്കില്‍ മലയാളികള്‍ ഇന്ന് അനുഭവിക്കുന്ന ആത്മീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥയോ പാരിസ്ഥിതിക തകര്‍ച്ചയോ സ്വാശ്രയ കോളജ് പ്രതിസന്ധിയോ ഉണ്ടാകുമായിരുന്നില്ല. പക്ഷേ, എത്ര സങ്കടകരം, നമ്മുടെ നാട്ടില്‍ അദ്ദേഹത്തെപ്പോലെ അധികം പേരില്ല. സര്‍വശക്തനായ യഹോവ അദ്ദേഹത്തെപ്പോലെ അദ്ദേഹത്തെ മാത്രമേ സൃഷ്ടിച്ചുള്ളൂ – ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ’’

–‘ഒരു വലിയ മെത്രാപ്പോലീത്ത’ എന്ന എന്‍റെ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. രണ്ടായിരത്തിമൂന്നില്‍, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക സുവര്‍ണ ജൂബിലി പ്രമാണിച്ചു നടത്തിയ അഭിമുഖ സംഭാഷണമാണ് അതിന്‍റെ കാതല്‍. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘എന്‍റെ ജീവിതത്തിലെ ചിലര്‍’ എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള ആ ലേഖനം എല്ലാവരും വായിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, ഒരു സംഭാഷണത്തിലൂടെ എന്നെ അത്രയേറെ പുതുക്കിപ്പണിത മറ്റാരും എന്‍റെ ജീവിതത്തില്‍ ഇല്ല.

അന്ന് അദ്ദേഹത്തോടു ചോദിച്ച ചില ചോദ്യങ്ങളും അദ്ദേഹത്തിന്‍റെ അവിസ്മരണീയമായ ഉത്തരങ്ങളും ഇവയാണ്:

എല്ലാ മതങ്ങളിലും അദ്ദേഹത്തെപ്പോലെ ചില മേലധ്യക്ഷന്‍മാര്‍ ഉണ്ടായിരുന്നെങ്കില്‍ മലയാളികള്‍ ഇന്ന് അനുഭവിക്കുന്ന ആത്മീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥയോ പാരിസ്ഥിതിക തകര്‍ച്ചയോ സ്വാശ്രയ കോളജ് പ്രതിസന്ധിയോ ഉണ്ടാകുമായിരുന്നില്ല.

ആരോഗ്യം സൂക്ഷിക്കുന്നതിന്‍റെ ചിട്ട?

മെത്രാപ്പോലീത്ത : മാസത്തില്‍ രണ്ടു ദിവസം രാത്രി ഞാന്‍ വെറും നിലത്തു കിടന്നുറങ്ങും. മിക്ക ദിവസവും രാത്രി കഞ്ഞിയാണ്. എന്നുവച്ചു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ടുപോയിരുത്തിയാല്‍ പിണങ്ങിയിറങ്ങിപ്പോരികയൊന്നുമില്ല.

∙മാറിയ സാഹചര്യത്തില്‍ കമ്യൂണിസത്തെ എങ്ങനെ കാണുന്നു?

മെത്രാപ്പോലീത്ത : ഞാന്‍ മുമ്പും എതിരല്ലായിരുന്നു. ഇപ്പോള്‍ തീരെയുമില്ല. കമ്യൂണിസം ഇപ്പോഴില്ലെന്നു വിശ്വിസക്കുന്നയാളാണു ഞാന്‍. കമ്യൂണിസമെന്നു മുമ്പു പറഞ്ഞതല്ല, അവരിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്രിസ്ത്യന്‍ സഭയെക്കുറിച്ച് അവര്‍ക്കും അതു പറയാം. പക്ഷേ, കമ്യൂണിസത്തിന്‍റെ വലിയ സംഭാവന ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ദളിത് ഗ്രൂപ്പുകള്‍ക്കു കിട്ടിയ സ്ഥാനം ഇന്നു കിട്ടുമായിരുന്നില്ല.

∙ സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെക്കുറിച്ച്?

മെത്രാപ്പോലീത്ത : രാഷ്ട്രത്തെ ഭരിക്കുന്ന ജോലി സഭയെ ഏല്‍പ്പിച്ചിട്ടില്ല.

∙ വര്‍ഗീയതയെ കുറിച്ച് എന്തു പറയുന്നു?

മെത്രാപ്പോലീത്ത : വര്‍ഗീയതയെന്നു പറയുന്നത് എയ്ഡ്സിനെക്കാളും വലിയ രോഗമാണ്. എല്ലാവരും ഇതിനെ വളര്‍ത്തുന്നതേയുള്ളൂ. തടയാന്‍ ആരും ശ്രമിക്കുന്നില്ല. ഭാരതത്തിനു വിദേശികളില്‍നിന്നുള്ള സ്വാതന്ത്ര്യമേ കിട്ടിയിട്ടുള്ളൂ. ഭാരതീയരില്‍നിന്നു സ്വാതന്ത്ര്യമില്ല.

ഒരു ചോദ്യത്തിന്‍റെ ഉത്തരം മാത്രം ഓര്‍ക്കുന്തോറും ചിരിപ്പിക്കാറുണ്ട്. അങ്ങനെയൊരുത്തരം പറയാന്‍ ഈ ലോകത്ത് ആ വലിയ മെത്രാപ്പോലീത്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ

ചോദ്യം : മാര്‍ത്തോമ്മാ സഭയിലെ വൈദികര്‍ക്കു വിവാഹം ആകാം. തിരുമേനി വിവാഹം കഴിക്കാതിരുന്നതെന്തു കൊണ്ടാണ്?

മെത്രാപ്പോലീത്ത : എന്‍റെ മീരായേ, എനിക്കു വയസ്സ് എണ്‍പത്തിയഞ്ചായി. ഇതുവരെ കിട്ടാതിരുന്ന ഒരു സുഖവും ഇനി വിവാഹം കഴിച്ചാല്‍ കിട്ടുകേല.

–എന്‍റെ ജീവിതത്തിലെ വലിയ മെത്രാപ്പോലീത്തയ്ക്ക് കണ്ണീരോടെ ആദരാഞ്ജലി.

കെ.ആര്‍.മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

SCROLL FOR NEXT