Blogs

നമ്പർ 300128, ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങൾക്കിടയിലെ പ്രപഞ്ചത്തിൽ അയാളുണ്ട്

ലോകം കണ്ട മഹാമാസ്റ്റേഴ്സിൻ്റെ താരാപഥത്തിലെത്തിയ ആദ്യത്തെ ഇന്ത്യൻ സംഗീതജ്ഞൻ ഇനിയില്ല. നേർത്ത മൂളൽ കൊണ്ടു പോലും ആളെക്കൂട്ടാൻ ശേഷിയുണ്ടായിരുന്ന ഒരു മഹാ പ്രതിഭയാണ് വന്നു പൊതിയാൻ ആളുകൾക്കനുവാദമില്ലാത്ത കാലത്ത് കടന്നു പോകുന്നത്. പണ്ഡിറ്റ് ജസ്‌രാജിനെക്കുറിച്ച് ലിജീഷ് കുമാര്‍ എഴുതുന്നു

''Pandit Jasraj traverses the cosmos between the orbits of Mars and Jupiter.''

പത്തു പതിനാല് വർഷങ്ങൾക്ക് മുമ്പ് ഇൻ്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ പുറത്തിറക്കിയ ഔദ്യോഗിക പ്രഖ്യാപനക്കുറിപ്പിലെ വരികളാണിത്, പണ്ഡിറ്റ് ജസ്‌രാജ് ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങൾക്കിടയിലുള്ള പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്നു എന്ന് !!

കൃത്യമായിപ്പറഞ്ഞാൽ 14 വർഷങ്ങൾക്ക് മുമ്പ്, 2006 നവംബർ 11 ന് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കണ്ടെത്തിയ 300128 നമ്പർ ഗ്രഹത്തിനാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ 'പണ്ഡിറ്റ് ജസ് രാജ്' എന്ന് പേരിടുന്നത്. അങ്ങനെ മ്യൂസിക്കിൻ്റെ ക്ലാസിക്കൽ കാലത്തെ മഹാ മാസ്റ്റേഴ്സായ ബീഥോവനും മൊസാർട്ടിനും ഇറ്റാലിയൻ ഒപ്പറേ ഗായകൻ ലൂച്ചാനോ പവറോട്ടിക്കും ശേഷം ആകാശത്തേക്കുയർത്തപ്പെട്ടു ജസ് രാജ് !

ലോകം കണ്ട മഹാമാസ്റ്റേഴ്സിൻ്റെ താരാപഥത്തിലെത്തിയ ആദ്യത്തെ ഇന്ത്യൻ സംഗീതജ്ഞൻ ഇനിയില്ല. നേർത്ത മൂളൽ കൊണ്ടു പോലും ആളെക്കൂട്ടാൻ ശേഷിയുണ്ടായിരുന്ന ഒരു മഹാ പ്രതിഭയാണ് വന്നു പൊതിയാൻ ആളുകൾക്കനുവാദമില്ലാത്ത കാലത്ത് കടന്നു പോകുന്നത്. എങ്കിലും ഭാഗ്യം കെട്ട മടക്കം എന്ന് ഞാനെഴുതില്ല. ഇന്ത്യൻ സംഗീത ചരിത്രത്തിലെ മഹാഗുരുവായി താൻ പടർന്ന് പന്തലിക്കുന്നത് കണ്ട് തന്നെയാണ് പണ്ഡിറ്റ് കണ്ണടയ്ക്കുന്നത്. പലർക്കും ഈ ഭാഗ്യമുണ്ടായിട്ടില്ല.

സംഗീത ചരിത്രത്തിലെ ഭാഗ്യക്കേടിൻ്റെ കഥകളിലൊന്ന് ലോക്ക് ഡൗണിലിരുന്നാണ് കണ്ടത്, മിലോസ് ഫോർമാൻ സംവിധാനം ചെയ്ത അമെദ്യൂസ് എന്ന പടം. രാജസദസ്സുകളിൽ മൊസാർട്ടിനൊപ്പം പാടിയ അന്റോണിയോ സെലേറിയുടെ കഥയാണ് അമെദ്യൂസ്. ഒന്നിച്ച് പാടിയിട്ടും ലോകം തങ്ങളിലൊരാളെ മാത്രം കേൾക്കുന്നതിലസൂയപ്പെട്ട് 35ാം വയസ്സിൽ അന്റോണിയോ സെലേറി മൊസാർട്ടിനെ കൊലപ്പെടുത്തുന്ന കഥയാണത്. 35 കൊല്ലമേ ജീവിച്ചുള്ളൂ മൊസാർട്ട് ! അതിലേറെ ജീവിച്ചു ബീഥോവൻ, പക്ഷേ തൻ്റെ പിയാനോയുടെ മാസ്മരിക ശബ്ദം അധിക കാലം കേൾക്കാൻ ബീഥോവന് ഭാഗ്യമുണ്ടായില്ല. ഇരുപതു വയസ്സു മുതൽ പാതിക്കേൾവിയേ ബീഥോവനുണ്ടായിരുന്നുള്ളൂ. മുപ്പതിലെത്തുമ്പഴേക്കും അതുമവസാനിച്ചു. 1824 ൽ തന്റെ ഒമ്പതാമത്തെ സിംഫണിയുടെ അരങ്ങേറ്റ ദിവസം വിയന്നയിലെ വേദിയിലേക്ക് ഇരമ്പിക്കയറിയ കൈയ്യടിയുടെ കടലിളക്കം ബീഥോവൻ അറിഞ്ഞതുപോലുമില്ല. ആരോ വന്ന് കാഴ്ചക്കാർക്ക് നേരെ തിരിച്ചുനിർത്തിയപ്പോഴാണ് ഇളകിമറിയുന്ന ആരാധകരെ കണ്ട് അയാളുടെ കണ്ണു നിറയുന്നത്. ഇരമ്പിക്കയറിയ ആരാധകരെ കണ്ണു നിറഞ്ഞ് കണ്ട് തീർത്താണ് ജസ് രാജ് മടങ്ങുന്നത്.

ലിയോപോൾഡ് മൊസാർട്ട് എന്ന സംഗീതജ്ഞൻ തൻ്റെ ഏഴുമക്കളിൽ ഏറ്റവും ഇളയവനായ മൊസാർട്ടിൻ്റെ വിരലുകൾ കീബോർഡിൽ പിടിച്ച് വെക്കുന്നത് അവൻ്റെ അഞ്ചാം വയസ്സിലാണ്. പിതാവിനൊപ്പം പള്ളിയിലെ ഗായകസംഘത്തിൽ പാട്ടുപാടി ലൂച്ചാനോ പവറോട്ടി തൻ്റെ സംഗീത സ്നാനം ആരംഭിക്കുന്നതും കുട്ടിക്കാലത്താണ്. നൈസാം രാജാവിന്റെ കൊട്ടാരം ഗായകനായിരുന്ന പണ്ഡിറ്റ് മോതിറാം, മകൻ ജസ് രാജിന് സംഗീതത്തിൻ്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞു കൊടുക്കുന്നതും അവൻ്റെ കുട്ടിക്കാലത്താണ്, നാലാം വയസ്സിൽ. അച്ഛനായിരുന്നു ഇവർക്കെല്ലാം വഴി. പക്ഷേ ആ വഴിയിലൂടെ അധികകാലം നടക്കാനായില്ല ജസ് രാജിന്. ഭാഗ്യങ്ങളുടെ കണക്കിലെണ്ണാൻ കഴിയാത്ത കഥകളിലൂടെയാണ് അയാളുടെ കുട്ടിക്കാലം കടന്നു പോയത്.

ഹൈദ്രാബാദിലെ അംബര്‍പെട്ടിയിലെ സ്മൃതി മണ്ഡപത്തിൽ അച്ഛനുറങ്ങാൻ പോകുമ്പോൾ ജസ് രാജിന് അഞ്ചു വയസ്സായിരുന്നു. തളരാതെ പോരാടണമെന്ന് പഠിപ്പിച്ചത് അമ്മയായിരുന്നു. ആ ഉപദേശത്തോട് അധികകാലം നീതി പുലർത്താനാവാതെ അമ്മ തളർന്ന് പിൻവാങ്ങാൻ തുടങ്ങുന്നത് ജസ് രാജ് കണ്ടു. ക്യാന്‍സറായിരുന്നു അമ്മയ്ക്ക്.

1950 കളാണ്, തെക്കന്‍ കല്‍ക്കത്തയില്‍ നിന്നും നടന്ന് മധ്യ കല്‍ക്കത്തവരെ പോയിട്ടുണ്ട് ക്യാൻസറിൻ്റെ മരുന്നിന്. ആദ്യമായി മരുന്നു തേടിപ്പോയ കഥ പറയുമ്പോൾ ഒരിക്കലുമിടറാത്ത അയാളുടെ തൊണ്ട ഇടറിപ്പോവുമായിരുന്നു. മരുന്നിനുള്ള ഡോക്ടറുടെ കുറിപ്പടിയുമായി അലഞ്ഞലഞ്ഞ് ഒടുവില്‍ ഒരിടത്ത് ആ മരുന്ന് കണ്ടെത്തിയതിൻ്റെ ആനന്ദം. മരുന്നും ബില്ലും നീട്ടിയപ്പോൾ, ''ഇത്രയുമാവുമെന്ന് എനിക്കറിഞ്ഞൂടായിരുന്നു. എന്റേലുള്ളത് തന്നിട്ട് ബാക്കി ഞാൻ പിന്നെത്തന്നോട്ടെ ?'' എന്ന് ചോദിക്കേണ്ട വന്നതിൻ്റെ സങ്കടം. ''മരുന്നു കടയിലാരേലും കടം പറയുമോ ?'' എന്ന് ചോദിച്ച് ചിരിച്ച സെയില്‍സ്മാന്റെ കളിയാക്കൽ. നിസ്സഹായനായി, അപമാനിതനായി മടങ്ങുമ്പോൾ, ''ഉള്ളതു വാങ്ങി അവന് മരുന്നു കൊടുക്കൂ, ബാക്കി എന്റെ അക്കൗണ്ടിലെഴുതൂ.'' എന്ന് പറഞ്ഞ അപരിചിതനായൊരാളുടെ സ്നേഹം. പലവിധം വികാരങ്ങൾ വന്ന് ജസ് രാജിനെ പൊതിയും ഈ കഥ പറയുമ്പോൾ.

''പിന്നെയും പലവട്ടം ഞാനാ മെഡിക്കൽ ഷോപ്പിൽ പോയി. എല്ലായിടത്തും പാളി നോക്കി, ആ നല്ല മനുഷ്യൻ എവിടെയായിരിക്കും !'' ഒരു ദിവസം ജസ് രാജ് അയാളെ കണ്ടെത്തി. ആ മെഡിക്കൽ ഷോപ്പിനകത്തെ ഉടമസ്ഥൻ്റെ കറങ്ങുന്ന കസേരയിൽ അയാളിരിക്കുന്നു !! ഭാഗ്യവാൻ എന്ന് ജസ് രാജിനെ ഞാൻ ചുമ്മാ വാഴ്ത്തിയതല്ല. ഇതൊക്കെ ഭാഗ്യങ്ങളല്ലേ ? ''ഭാഗ്യങ്ങളുമായി ഈശ്വരന്മാർ എൻ്റെ ചുറ്റും എപ്പോഴുമുണ്ടായിരുന്നു.'' അയാൾ പറയും.

മരുന്ന് കടയുടെ ഉടമയുടെ രൂപത്തിൽ, പിന്നെ ഡോക്ടറുടെ രൂപത്തിൽ, അങ്ങനെ പല രൂപത്തിൽ ഭാഗ്യങ്ങളുമായി ഈശ്വരന്മാർ അയാളെ തേടിവന്നു. അന്ന് മരുന്നും കൊണ്ട് വീട്ടിലെത്തിയപ്പോഴാണ് രാവിലെയും വൈകീട്ടുമുള്ള ഇന്‍ജക്ഷനെടുപ്പിന്, രണ്ട് നേരത്തെ വിസിറ്റിനും കൂടെ 30 രൂപ ഫീസാവുമെന്നുറിയുന്നത്. ദിവസവും 30 രൂപ എവിടുന്നുണ്ടാക്കാനാണ്. അമ്മയുടെ ചികിത്സയാണ്, മുടങ്ങിക്കൂട, തലയാട്ടി സമ്മതിച്ചു. അന്ന് പോകാൻ നേരം ഡോക്ടറോട് പറഞ്ഞു, ''ഇന്ന് രാത്രി ഞാൻ ആകാശവാണിയില്‍ പാടുന്നുണ്ട്, ഡോക്ടറത് കേള്‍ക്കണം.'' പക്ഷേ എടുത്തടിച്ച പോലെ ഡോക്ടർ പറഞ്ഞു കളഞ്ഞു, പാട്ടിലൊന്നും അയാൾക്കൊരു താത്പര്യവുമില്ലെന്ന്. അപമാനിതൻ്റെ ചിരി മുൻപരിചയമുണ്ടായിരുന്നതു കൊണ്ട് അതും കേട്ടു നിന്നു.

പിറ്റേ ദിവസവും ഡോക്ടർ വന്നു. പക്ഷേ തലേന്നത്തെപ്പോലെയായിരുന്നില്ല അയാളന്ന്. വന്നയുടനേ അന്വേഷിച്ചത് അമ്മയെയല്ല, ജസ് രാജിനെയാണ്. ''ഞാനിന്നലെ ഒരു ബന്ധുവീട്ടിലായിരുന്നു. അവിടെ വെച്ച് താങ്കളുടെ പാട്ടു കേട്ടു. എന്ത് പാട്ടായിരുന്നു.'' അന്നു മുതല്‍ ഡോക്ടറുടെ ഫീസ് രണ്ടു രൂപയായിരുന്നു. ജസ് രാജ് ചോദിക്കുന്നു, ''ഭാഗ്യങ്ങളല്ലാതെ മറ്റെന്താണ് ?''

അപമാനിതനും നിസ്സഹായനുമായി നിന്ന നേരങ്ങളായിരുന്നില്ല, തന്നെത്തേടി വന്ന നല്ല നേരങ്ങളായിരുന്നു ജസ് രാജിൻ്റെ ഓർമ്മകളിൽ നിറയെ. പത്മഭൂഷൺ, പത്മവിഭൂഷൺ, പത്മശ്രീ, ആ നല്ല നേരങ്ങളെ വർണാഭമാക്കാൻ അയാളുടെ ഈശ്വരന്മാർ എപ്പോഴും അയാളെ തേടിവന്നു. ഇന്നലെയും അതാണ് സംഭവിച്ചത്. ബീഥോവനും മൊസാർട്ടും ലൂച്ചാനോ പവറോട്ടിയും വിളിച്ചിറക്കി കൊണ്ടുപോയതാണ്. അവിടെ ഇങ്ങനെ ലോക്കായിക്കിടക്കാതെ ഇങ്ങ് വാ പണ്ഡിറ്റേ എന്ന്,

ചൊവ്വയുടേയും വ്യാഴത്തിൻ്റേയും ഭ്രമണപഥങ്ങൾക്കിടയിലെ പ്രപഞ്ചത്തിൽ നിന്നതാ പണ്ഡിറ്റിൻ്റെ പാട്ടുയരുന്നു !!

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT