നിർഭയ കേസിലെ വിധി നടപ്പായതിന്റെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ നിർഭയ പ്രതിനിധാനം ചെയ്യുന്ന, രാജ്യത്തെ ബലാത്ക്കാരം ചെയ്യപ്പെടുന്ന, ലൈംഗിക അതിക്രമങ്ങൾ നേരിടുന്ന, കൊല്ലപ്പെടുന്ന പെൺകുട്ടികൾക്ക് യഥാർത്ഥ നീതി ലഭിക്കാനുള്ള പ്രധാന മാർഗം എന്താകണമെന്ന ചോദ്യമാണ് മനസ്സിലേക്ക് വരുന്നത്. നിർഭയമാരെ ഇനിയും സൃഷ്ടിക്കാതിരിക്കാനുള്ള ശ്രമങ്ങളാകണ്ടേ നമ്മൾ തുടങ്ങേണ്ടത്? അതിന്, ഇവിടെ നിലനിൽക്കുന്ന റേപ്പ് കൾച്ചർ ഇല്ലാതാക്കാൻ നമ്മളാവും വിധം ശ്രമിക്കുകയെന്നതാണ് നിരന്തരം ചെയ്യേണ്ടതെന്നും കരുതുന്നു.
അത് ആരംഭിക്കേണ്ടത് നമ്മുടെ വീടുകളിൽ തന്നെയല്ലേ? ആൺകുട്ടികളെയും പെൺകുട്ടികളെയും സമൂഹം സൃഷ്‌ടിച്ച ആണത്ത- സ്ത്രീത്വ വാർപ്പുമാതൃകകൾക്കനുസരിച്ചല്ലേ നമ്മളിൽ ഭൂരിഭാഗവും വളർത്തുന്നത്? കരയാൻ അനുവദിക്കാതെ, അഥവാ കരഞ്ഞാൽ പെണ്ണിനെപ്പോലെ കരയല്ലേ എന്ന് പറഞ്ഞു കളിയാക്കി, ആൺകുട്ടിയല്ലേ നീ പേടിക്കരുത്, ധൈര്യം വേണം എന്ന് പറഞ്ഞ്, വികാരങ്ങൾ പ്രകടിപ്പിക്കാൻ ശീലിപ്പിക്കാതെ, സെൻസിറ്റീവും എമ്പതെറ്റിക്കും ആകാൻ പഠിപ്പിക്കാതെ, വീട്ടുജോലികൾ ചെയ്യുന്നത് എന്തോ അപരാധമാണെന്നു പഠിപ്പിച്ചു, വിഷലിപ്തമായ ഒരു ആണത്തം (ടോക്സിക് മാസ്കുലിനിറ്റി ) നമ്മുടെ ആൺകുട്ടികളിൽ വളർത്തിയെടുക്കയല്ലേ നമ്മളിൽ ഭൂരിഭാഗവും അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത്?
അതേ സമയം, ഒരു വിധം തിരിച്ചറിവാകുന്നത് മുതൽ കല്യാണം കഴിഞ്ഞ് മറ്റൊരു വീട്ടിൽ പോയി ജീവിക്കാനുള്ളതാണ്, അതുകൊണ്ട് തിരിച്ചു പറയാൻ പാടില്ല, തർക്കുത്തരം പറയാൻ പാടില്ല, പ്രതികരിക്കാൻ പാടില്ല, വീട്ടുജോലി ചെയ്തേ പറ്റൂ, പാചകം നിർബന്ധമായും പഠിച്ചേ പറ്റൂ എന്നൊക്കെ പറഞ്ഞല്ലേ ഭൂരിഭാഗം പെൺകുട്ടികളേയും നമ്മൾ വളർത്തുന്നത്?
ഈ ജൻഡർ സോഷ്യലൈസേഷനിലൂടെ വളർച്ചയുടെ ആദ്യ ഘട്ടത്തിൽ തന്നെ നമ്മുടെ ആണ്മക്കളിൽ നമ്മൾ തന്നെ ഒരു മേൽക്കോയ മനോഭാവം സൃഷ്ടിച്ചു കൊടുക്കുകയല്ലേ ചെയ്യുന്നത്? ഒരു പുരുഷനെ ആശ്രയിച്ചു കൊണ്ട് മാത്രം വേണം ജീവിക്കാൻ എന്ന തോന്നൽ നമ്മുടെ പെൺകുട്ടികളിലും?
നമ്മുടെ എത്ര വിദ്യാലയങ്ങളിലും വീടുകളിലും ആരോഗ്യകരമായ ആൺ-പെൺ സൗഹൃദങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്? സൗഹൃദമാകട്ടെ, പ്രണയമാകട്ടെ, വൈകാരികമോ, ലൈംഗികമോ, ഔദ്യോഗികമോ ആയ ഏതു തരം ഇടപെടലാകട്ടെ, ജീവിതപങ്കാളിത്തമാകട്ടെ, എല്ലാത്തരം ബന്ധങ്ങളിലും കൺസെന്റ് (സമ്മതം) ആയിരിക്കണം അടിസ്ഥാന ഘടകം എന്ന് നമ്മുടെ കുട്ടികളോട് എത്ര മാത്രം പറയുന്നുണ്ട്? മാനിപ്പുലേഷനും ചൂഷണവുമില്ലാതെ ഏതു ബന്ധത്തെയും അതിനു നൽകേണ്ട ബഹുമാനത്തോടെയും ഡിഗ്നിറ്റിയോടെയും കാണണമെന്ന് നമ്മൾ പഠിപ്പിക്കാറുണ്ടോ, നമ്മൾ അത് ബന്ധങ്ങളിൽ പാലിക്കാറുണ്ടോ?
താൻ ഇടപെടുന്ന ഒരു പെൺകുട്ടിയോ സ്ത്രീയോ കാണുന്ന ശരീരത്തിനുപരി ഒരു മനസ്സും വ്യക്തിത്വവുമാണെന്ന് ചിന്തിക്കാൻ നമുക്കെത്ര പേർക്ക് കഴിയുന്നുണ്ട്? അങ്ങനെ കാണാൻ എത്ര ആൺകുട്ടികൾ ശീലിപ്പിക്കപ്പെടുന്നുണ്ട്? ഒരു പെൺകുട്ടിയുടെ (തിരിച്ചും) അനുവാദം കൂടാതെ ആ വ്യക്‌തിയെ സ്പർശിക്കരുതെന്നു എത്ര പേരോട് നമ്മൾ പറഞ്ഞു കൊടുക്കുന്നുണ്ട്? തന്നെപ്പോലെ ഒരു തുല്യവ്യക്തിത്വമാണെന്നു പെൺകുട്ടിയെന്നു നമ്മുടെ എത്ര ആൺമക്കളെ പഠിപ്പിക്കുന്നുണ്ട്?
സ്വന്തം ആൺ പ്രിവിലേജുകൾ നിലനിർത്താനുള്ള ഒരു സ്ഥാപനത്തിലുപരി മറ്റൊരു വ്യക്തിയ്ക്കും തുല്യപ്രാധാന്യം ലഭിക്കേണ്ട ഒരു സ്ഥാപനമാണ് വിവാഹം എന്ന് എത്ര ആൺകുട്ടികളെ നമ്മൾ പഠിപ്പിക്കുന്നുണ്ട്? സ്ത്രീധനത്തിന്റെ പേരിൽ വിലപേശൽ നടത്താതെ നമ്മളിൽ എത്ര പേര് കല്യാണങ്ങൾ നടത്തുന്നുണ്ട്? പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങാതിരിക്കാൻ അവരോടാവശ്യപ്പെടുന്ന നമ്മൾ രാത്രിയിൽ പുറത്തൊരു പെൺകുട്ടിയെ കണ്ടാൽ അവളെ ബഹുമാനത്തോടെ മനുഷ്യനായും വ്യക്തിയായും കാണക്കാക്കുന്ന ആൺകുട്ടികളെ വളർത്തുന്നതിനും തുല്യപ്രാധാന്യമുണ്ടെന്ന് എത്ര മാത്രം മനസ്സിലാക്കുന്നുണ്ട്?
നമുക്ക് വേണ്ടത് ജൻഡർ നിർമിതികളിൽ ശ്വാസം മുട്ടി ജീവിക്കുന്ന പെൺകുട്ടികളേയും പലപ്പോഴും തങ്ങളും ട്രാപ് ചെയ്യപ്പെടുകയാണെന്നു തിരിച്ചറിയാതെ ആണത്തം ആഘോഷിക്കുന്നആൺ കുട്ടികളെയുമല്ല; മറിച്ച് ഇതിൽ നിന്ന് പുറത്തു കടന്നു സ്വയം തിരിച്ചറിയാനും സ്വന്തം വഴികൾ കണ്ടെത്താനും തന്റേതായ പൂർണ ബോധ്യങ്ങളിൽ ഉറച്ചു നിന്ന് മനുഷ്യനോട് സംവദിക്കാനും തുല്യത ജീവിതത്തിൽ പ്രയോഗത്തിൽ വരുത്താനും കഴിവുള്ള മനുഷ്യരെയാണെന്നു തന്നെ കരുതുന്നു.
അതിന്, കരയാൻ പറ്റുന്ന, പേടിക്കാൻ മടിക്കാത്ത, ഭക്ഷണം കഴിച്ച പാത്രം കഴുകു വയ്ക്കുന്ന, തുണി നനയ്ക്കുന്ന, ശുചിമുറി വൃത്തിയാക്കുന്ന, വീട്ടു ജോലികൾ ചെയ്യുന്ന, പ്രതികരിക്കാനാവുന്ന, തുല്യ വ്യക്തികളായ, സ്വയം പര്യാപ്തരായ ആൺകുട്ടികളെയും പെൺകുട്ടികളെയും വളർത്തണം..ഫെമിനിൻ എന്ന് നിർവ്വചിക്കപ്പെട്ട ഇടങ്ങൾക്കു പുറത്തു വന്നു കൃത്യമായ രാഷ്ട്രീയ, സാമൂഹ്യ ബോധ്യമുള്ള പെൺകുട്ടികളെ, സ്വന്തം തീരുമാനങ്ങളുള്ള, സ്വന്തം ആത്മാഭിമാനത്തിനും തനിക്കു ലഭിക്കേണ്ട ബഹുമാനത്തിനും വില കൽപ്പിക്കുന്ന, 'നോ' പറയാൻ കഴിയുന്ന, ചങ്കുറ്റമുള്ള പെൺകുട്ടികളെ വളർത്തണം; അവരെ പൂർണ മനസ്സോടെ ഉൾക്കൊള്ളാനാകുന്ന ആൺകുട്ടികളേയും. വിവാഹവും കുടുംബവും തുല്യതയിലൂന്നിയ സ്ഥാപനങ്ങളായി നിലനിൽക്കാൻ നമുക്കാവുന്നതു ചെയ്യണം..
ആൺ-പെൺ നിർമിതികൾക്കുപരി സെൻസിറ്റീവ് ആയ, കരുത്തുള്ള, സമത്വബോധമുള്ള മനുഷ്യർ സൃഷ്ടിക്കപ്പെടണം നമ്മുടെ വീടുകളിൽ..അത്തരം മനുഷ്യരെക്കൊണ്ട് നമ്മുടെ ജോലിസ്ഥലങ്ങളും പൊതുവിടങ്ങളും നിറയണം.. താത്വികവും അക്കാദമികവുമായ ഇടങ്ങളിൽ മാത്രമല്ല, നിത്യജീവിതത്തിൽ ജൻഡർ നിർമ്മിതികളുമായി ബന്ധപ്പെട്ട തിരിച്ചറിയലും തിരുത്തലുകളുമുണ്ടാകണം. അല്ലാതെ എങ്ങനെയാണ് നിർഭയയ്ക്കു നീതി കിട്ടുക?
( പാട്രിയാർക്കി ആഘോഷിക്കപ്പെടുന്ന ഒരു സമൂഹത്തിൽ ജൻഡർ-സെൻസിറ്റിവ് ആയ ഒരു മകനെ വളർത്തിയെടുക്കുന്ന വെല്ലുവിളി മനസ്സിലാക്കിക്കൊണ്ട് തന്നെ ഇപ്പോൾ എട്ടു വയസ്സുള്ള മകനോട് മൂന്ന് വർഷങ്ങളായി ഈ വിഷയം നിരന്തരം പറഞ്ഞു കൊണ്ടിരിക്കുകയാണ് .ഗോവർദ്ധൻ എങ്ങനെയാണോ പെൺകുട്ടികളോട് പെരുമാറുക എന്നതാവും വളരുന്തോറും അമ്മയും മോനും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് അവനു മനസ്സിലാകുന്നത് പോലെ പറയുന്നുണ്ട്. ഈയൊരു ശ്രമത്തിൽ പരാജയപ്പെടരുതെന്ന ആഗ്രഹമാണ് ഇന്ന് ഒപ്പമുള്ള ഏറ്റവും സ്ഥായിയായ ചിന്ത).