FACSTORY MEDIA
Blogs

ജവഹര്‍ലാല്‍ നെഹ്‌റു മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന കഥ

മുനിസിപ്പല്‍ ഭരണത്തിനിടയിലും, അദ്ദേഹം സ്വരാജ് എന്ന പ്രാഥമികമായ ലക്‌ഷ്യം മറന്നിരുന്നില്ല. ഈ ചെയര്‍മാന്‍സ്ഥാനം പോലും സ്വരാജിലേക്ക് നടന്നുകയറാനുള്ള ഊടുവഴികള്‍ ആയിട്ടാണ് ജവഹര്‍ലാല്‍ കണ്ടത്. അതുകൊണ്ടുതന്നെ, എല്ലാ പരിമിതികള്‍ക്കിടയിലും, അസാമാന്യ ധീരതയോടെ അദ്ദേഹം ജനങ്ങളില്‍ ദേശിയബോധത്തിന്റെ കിരണങ്ങള്‍ പതിപ്പിക്കാന്‍ ശ്രമിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന കഥ കേട്ടിട്ടുണ്ടോ?

1923 ഏപ്രില്‍ മൂന്നാം തിയതിയാണ് ജവഹര്‍ലാല്‍, അലഹബാദ്‌ മുനിസിപ്പല്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. പുരുഷോത്തംദാസ് ടണ്ടനെ ആയിരുന്നു ആദ്യം തിരഞ്ഞെടുത്തത്. പക്ഷെ, ഒരു മുസ്ലിമിന് അവസരം കൊടുക്കണമെന്ന വാദം ഉയര്‍ന്നപ്പോള്‍ പ്രാദേശിക ഖിലാഫത്ത് നേതാവായ കമാലുദ്ദീന്‍ ജാഫ്രിയെ പലരും നിര്‍ദ്ദേശിച്ചു. എന്നാല്‍ രോഗബാധിതനായ ജാഫ്രി മുന്‍സിപ്പല്‍ ഭരണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ഒരേസ്വരത്തില്‍ ജവഹര്‍ലാലിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു..

ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതോടെ, ശുപാര്‍ശകളും, പിന്‍വാതില്‍ നിയമനങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് ഭരണരംഗം ശുദ്ധീകരിക്കാന്‍ ആണ് ആദ്യം ജവഹര്‍ലാല്‍ ശ്രമിച്ചത്‌. പൌരബോധത്തെ ഉണര്‍ത്തുന്ന രീതിയില്‍ വളണ്ടിയര്‍ സംഘടനകള്‍ ഉണ്ടാക്കാനും സാധാരണമനുഷ്യന്റെ പങ്കാളിത്തം ഉറപ്പു വരുത്താനും പല രീതികളും അദ്ദേഹം നടപ്പിലാക്കി.

Jawaharlal Nehru

ജവഹര്‍ലാല്‍ നീതിമാനായ ഭരണാധികാരി ആയിരുന്നു. ലൈംഗികത്തൊഴിലാളികളെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തി, പ്രത്യേകമായി താമസിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചില്ല. അങ്ങനെയാണെങ്കില്‍, അവരെ ചൂഷണം ചെയുന്ന, ഈ സമ്പ്രദായം നിലനിര്‍ത്തുന്ന, പുരുഷന്മാര്‍ക്ക് വേണ്ടിയും നഗരത്തിന്റെ മറ്റൊരു ഭാഗത്ത് പ്രത്യേകം പാര്‍പ്പിടങ്ങള്‍ പണിയണം എന്ന് ജവഹര്‍ലാല്‍ വ്യക്തമായി പറഞ്ഞു. ആ കാലത്ത്, ധീരവും, പുരോഗമനാത്മകവുമായ നിലപാട് തന്നെയായിരുന്നു അത്. വിധവകള്‍ക്കും, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കും ഉള്ള വസതികള്‍, ഖാദി പ്രചാരണം സ്കൌട്ട്പ്രസ്ഥാനം, അധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ നൂതനമായ പരിഷ്ക്കാരങ്ങള്‍ അദ്ദേഹം നടപ്പിലാക്കിയപ്പോള്‍, മുനിസിപ്പാലിറ്റിയുടെ ഗ്രാന്റ് വെട്ടിക്കുറച്ചുകൊണ്ടാണ് ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അതിനെതിരെ പ്രതികരിച്ചത്.

അതുപോലെ അലഹബാദിലെ സാധാരണക്കാരും, കൂലിവേലക്കാരും താമസിക്കുന്ന പ്രദേശങ്ങളില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ നല്ല നിരത്തുകള്‍ ഉണ്ടായിരുന്നില്ല. ഫണ്ടിന്റെ അഭാവമായിരുന്നില്ല കാരണം. മറിച്ച്, സിവില്‍ സ്റ്റേഷന്‍ മനോഹരമാക്കാനും യുറോപ്പ്യന്‍ പ്രമാണികളും ഇന്ത്യന്‍ വരേണ്യവര്‍ഗ്ഗവും താമസിക്കുന്ന പ്രദേശങ്ങളിലെ നിരത്തുകള്‍ മിനുക്കാനും സർക്കാർ കൂടുതല്‍ തുക വകയിരുത്തിയത് കൊണ്ടായിരുന്നു. ഇത് മനസിലാക്കിയ ജവഹര്‍ലാല്‍, കൂടുതല്‍ ഫണ്ട് ചെറുകിട നിരത്തുകള്‍ക്ക് വേണ്ടി വകയിരുത്തുക മാത്രമല്ല ചെയ്തത്.ഒപ്പം, ധനികര്‍ താമസിക്കുന്ന വിശാലമായ കോമ്പൌണ്ടുകള്‍ക്ക് മുകളിലുള്ള നികുതി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

Jawaharlal Nehru

സാമൂഹ്യനീതിയെയും, സ്ഥിതിസമത്വത്തെയും കുറിച്ചുള്ള ആവലാതികള്‍ അലട്ടിയിരുന്ന അദ്ദേഹം സൈക്കിളുകള്‍ക്ക് ഒക്ട്രോയ് ഏര്‍പ്പെടുത്തുന്നത് കര്‍ശനമായി തടഞ്ഞു. അതുപോലെ, വെള്ളക്കരത്തില്‍ നിന്നും നിര്‍ധനരായ കുടുംബങ്ങളെ തീര്‍ത്തും ഒഴിവാക്കാനും ജവഹര്‍ലാല്‍ മടിച്ചില്ല.

ബ്യുറോക്രസിയുടെ സ്വഭാവങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന ജവഹര്‍ലാല്‍, ജോലിയില്‍ ഉള്ള വീഴ്ച ഒരിക്കലും ക്ഷമിച്ചിരുന്നില്ല. വളരെ ഉയര്‍ന്ന കാര്യക്ഷമതയും, സത്യസന്ധതയും, ജാതി-മതാതീതമായ മാനവീകബോധവും അദ്ദേഹത്തിന്റെ ജനസ്വാധീനം വര്‍ദ്ധിപ്പിച്ചു. മുനിസിപ്പാലിറ്റി പരിധിയില്‍ ഗോവധം നിരോധിക്കണമെന്ന ആവശ്യത്തെ ശക്തിയായി എതിര്‍ത്ത ജവഹര്‍ലാല്‍, മതമൌലികവാദത്തിലേക്ക് നയിക്കുന്ന സകലപരിഷ്ക്കാരങ്ങളെയും മുന്‍സിപ്പല്‍ഭരണത്തിന്റെ പടിക്ക് പുറത്തു നിര്‍ത്തി.

അതുപോലെ,സമ്പൂര്‍ണ്ണജനായത്തത്തിന്റെ ശക്തനായ പ്രചാരകന്‍ ആയ ജവഹര്‍ലാല്‍, വോട്ടവകാശം സാര്‍വത്രികമാക്കാൻ ശ്രമിച്ചുവെങ്കിലും, അത് മുനിസിപ്പല്‍ ബോര്‍ഡിന്റെ അധികാരപരിധിക്കു പുറത്തായത് കൊണ്ട് നിരാശയോടെ അദ്ദേഹത്തിന് പിന്‍വാങ്ങേണ്ടി വന്നു.

മുനിസിപ്പല്‍ ഭരണത്തിനിടയിലും, അദ്ദേഹം സ്വരാജ് എന്ന പ്രാഥമികമായ ലക്‌ഷ്യം മറന്നിരുന്നില്ല. ഈ ചെയര്‍മാന്‍സ്ഥാനം പോലും സ്വരാജിലേക്ക് നടന്നുകയറാനുള്ള ഊടുവഴികള്‍ ആയിട്ടാണ് ജവഹര്‍ലാല്‍ കണ്ടത്. അതുകൊണ്ടുതന്നെ, എല്ലാ പരിമിതികള്‍ക്കിടയിലും, അസാമാന്യ ധീരതയോടെ അദ്ദേഹം ജനങ്ങളില്‍ ദേശിയബോധത്തിന്റെ കിരണങ്ങള്‍ പതിപ്പിക്കാന്‍ ശ്രമിച്ചു. സ്കൂള്‍ പഠനത്തില്‍ മുഹമ്മദ്‌ ഇക്ബാലിന്റെ ‘ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്ന ദേശഭക്തിഗാനം ഉള്‍പ്പെടുത്തുകയും, നൂല്‍ നൂല്പ് സിലബസ്സിന്റെ ഭാഗമാക്കുകയും, തിലക് ദിനം(ആഗസ്റ്റ്‌ 1-തിലകിന്റെ ചരമവാര്‍ഷികം), ഗാന്ധിജി ദിനം(മാര്‍ച്ച് 18- ഗാന്ധിജി ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട ദിവസം) തുടങ്ങിയവ പൊതു അവധി ആയി പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, ‘സാമ്രാജ്യദിനം’ അദ്ദേഹം സധൈര്യം അവധി ദിനങ്ങളില്‍ നിന്നും ഒഴിവാക്കി. മഹാത്മാഗാന്ധി ജയില്‍ വിമോചിതനായ ദിവസം, അദ്ദേഹം ആഘോഷിച്ചത് അലഹബാദ്‌ മുനിസിപ്പല്‍ മന്ദിരം പൂര്‍ണ്ണമായും വിളക്കുകള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും അലങ്കരിച്ചുകൊണ്ടാണ്. പ്രമുഖരായ ദേശിയനേതാക്കളെ ക്ഷണിച്ചു വരുത്തി പ്രഭാഷണം നടത്താനും ജവഹര്‍ലാല്‍ ശ്രദ്ധിച്ചിരുന്നു. ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ എതിര്‍പ്പിനെ മറികടന്നുകൊണ്ടായിരുന്നു ഇത്തരം തീരുമാനങ്ങള്‍ അദ്ദേഹം എടുത്തിരുന്നത്.

വൈസ്രോയ് റീഡിംഗ് പ്രഭു അലഹബാദ്‌ സന്ദര്‍ശിച്ച അവസരത്തില്‍, അദ്ദേഹത്തെ മുന്‍സിപ്പല്‍ മന്ദിരത്തിലേക്ക് പ്രഭാഷണത്തിനു ക്ഷണിക്കാതെ തന്റെ രാഷ്ട്രീയനിലപാട് പരസ്യമാക്കാനും അദ്ദേഹം മടിച്ചില്ല. ഗാന്ധിജിയെ അറസ്റ്റു ചെയ്ത, പഞ്ചാബിലെ സിഖ് മുന്നേറ്റത്തെ അമര്‍ച്ച ചെയ്ത ജനവിരുദ്ധനായ വൈസ്രോയിയെ എഴുന്നള്ളിച്ചു നടക്കാന്‍ താന്‍ തയ്യാറല്ല എന്ന് പ്രഖ്യാപിക്കാന്‍ ഔദ്യോഗികപദവികള്‍ ഒന്നും തന്നെ ജവഹര്‍ലാലിന് തടസ്സമായിരുന്നില്ല.

“ ഞാന്‍ ദുര്‍ബലനും അശക്തനും അധികാരമില്ലാത്തവനും ആണ്. പക്ഷെ എനിക്കും ആത്മാഭിമാനമുണ്ട്-ദുര്‍ബലനായ, അധികാരമില്ലാത്ത ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം. അതുകൊണ്ട്, ഓരോ ഇന്ത്യക്കാരനേയും ദുഖത്തിലും ദുരിതത്തിലും ആഴ്ത്തിയ റീഡിംഗ് പ്രഭുവിന്റെ മുന്‍പില്‍ തല കുനിക്കാന്‍ ഒരിക്കലും എനിക്ക് കഴിയില്ല”. എന്നാണ് അദ്ദേഹം പറഞ്ഞത്.

ചുരുക്കത്തില്‍, അലഹബാദ്‌ മുനിസിപ്പല്‍ ബോര്‍ഡിന്റെ സുവര്‍ണ്ണകാലമായിരുന്നു ജവഹര്‍ലാലിന്റെ ഭരണകാലം. പരിമിതികളുടെ അതിരുകള്‍ക്കുള്ളിലും, കൃത്യമായി നികുതി പിരിക്കുന്ന, സാമ്പത്തികഅച്ചടക്കം പാലിക്കുന്ന, സാമൂഹ്യക്ഷേമത്തിന് പ്രാധാന്യം നല്‍കുന്ന അനന്യവും തദ്ദേശീയവുമായ ഒരു ഭരണനിര്‍വഹണ മാതൃക ജവഹര്‍ലാല്‍ സ്വന്തമായി സൃഷ്ടിച്ചു. ഗംഗാനദിയിലെ തോണിക്കാര്‍ക്കും, റിക്ഷ വലിക്കുന്നവര്‍ക്കും, കുതിരവണ്ടിക്കാര്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും എല്ലാം ജവഹര്‍ലാല്‍ അവരുടെ പ്രിയപ്പെട്ട ‘ചെയര്‍മാന്‍’ ആയി. അതുവരെ, അലഹബാദ്‌ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം ഒരു വരേണ്യപദവി മാത്രമായിരുന്നു. തൊഴിലാളികള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങള്‍ അക്കാലത്ത് നാമമാത്രമായി.

അധികാരം, അത് എത്രമേല്‍ പരിമിതവും ദുര്‍ബലവും ആണെങ്കിലും,അതിലൂടെ നീതിയുടെ തുല്യമായ വിതരണം സാധ്യമാകുമെന്ന് ജവഹര്‍ലാല്‍ സ്വാതന്ത്ര്യപൂര്‍വ ഇന്ത്യക്കും ബ്രിട്ടീഷ്‌ ഭരണകൂടത്തിനും കാണിച്ചുകൊടുത്തു. അതുകൊണ്ടാണ്, എല്ലാ എതിര്‍പ്പുകള്‍ക്കും ഇടയില്‍, അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനയെ തിരസ്കരിക്കാന്‍ കൊളോണിയല്‍ ഭരണകൂടത്തിന് കഴിയാതെ പോയത്. 1925ല്‍ ജവഹര്‍ലാല്‍ രാജി വെച്ച ശേഷം പുതിയ ചെയര്‍മാന്‍ ആയി പണ്ഡിറ്റ്‌ കപില്‍ദിയോ മാളവ്യ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ബ്രിട്ടീഷ്‌ അധികാരികള്‍ക്ക് ഇങ്ങനെ പറയാതിരിക്കാന്‍ കഴിഞ്ഞില്ല:“ഒരു സ്വാതന്ത്ര്യസമരപ്രവര്‍ത്തകന് ഒരു നല്ല ഭരണാധികാരിയും, നല്ല മനുഷ്യനും ആകാന്‍ കഴിയുമെന്നതിന്റെ ഏറ്റവും മികച്ച മാതൃകയാണ് ജവഹര്‍ലാല്‍ നെഹ്‌റു.അതുകൊണ്ടുതന്നെ, പുതിയ ചെയര്‍മാന്റെ ജോലി അത്ര എളുപ്പമായിരിക്കില്ല”.

പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട ജവഹർലാൽ

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT