Blogs

Blog: സ്ത്രീകള്‍ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെയേ ഉള്ളൂ പുരുഷന്മാരുടെ ഈ തോന്ന്യാസങ്ങള്‍

യഥാര്‍ത്ഥത്തില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളെ പേടിയാണ്. കാരണം പുരുഷന്മാര്‍ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളില്‍ പുരുഷന്മാരെ മലര്‍ത്തിയടിക്കാന്‍ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകള്‍. ഒരു ചെറിയ ഉദാഹരണം ക്ലിറ്റോറിസില്‍ ഉള്ള നെര്‍വ് എന്‍ഡിങിങ്‌സിന്റെ എണ്ണം പുരുഷ ലിംഗത്തില്‍ ഉള്ളതിന്റെ ഏതാണ്ട് ഇരട്ടിയാണ് ( ~ 8000). ഇനി ഒരു രതി മൂര്‍ച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂര്‍ക്കം വലിച്ചുറങ്ങാനേ ആണുങ്ങള്‍ക്ക് കഴിയൂ , എന്നാല്‍ സ്ത്രീകള്‍ക്ക് ഒരേ സമയം പല തവണ രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിക്കും ( വിവാഹം കഴിച്ചവര്‍ വൈബ്രേറ്റര്‍ വാങ്ങുന്നത് എന്തിനാണ് എന്ന് ചില വിവരം കേട്ടവര്‍ ചോദിക്കുന്നത് ഇക്കാര്യം അറിയാത്തത് കൊണ്ടാണ്). ഇതിന്റെ പിറകില്‍ പരിണാമ കാരണങ്ങള്‍ ഉണ്ട്.

ഇത് നന്നായി മനസിലാക്കിയത് കൊണ്ടാണ് പുരുഷന്മാരും പുരുഷന്മാര്‍ ഉണ്ടാക്കി കൊണ്ടുവന്ന മതങ്ങളും സാമൂഹിക സമ്പ്രദായങ്ങളും ലൈംഗിക കാര്യത്തില്‍ സ്ത്രീകളെ തളച്ചിടാന്‍ നോക്കുന്നത്, അവരെ ബോഡി ഷെയിം ചെയ്യാന്‍ നോക്കുന്നത്. ഒരു പുരുഷനും ആയി ബന്ധപെട്ടു കഴിഞ്ഞ ഒരു സ്ത്രീയെ രണ്ടാം കിടയായി കാണാന്‍ സമൂഹത്തെ പഠിപ്പിക്കുന്നത്. കന്യകാത്വം എന്ന അസംബന്ധത്തെ പ്രചരിപ്പിക്കുന്നത്. സമൂഹത്തിന്റെ ഈ മനോഭാവമാണ് ഒരാളെ സ്‌നേഹിച്ച്, അയാളുടെ കൂടെ ബന്ധപെട്ടു, അയാള്‍ വിവാഹത്തിന് സമ്മതിച്ചില്ല എന്ന ഒരേ കാരണം കൊണ്ട് മിടുക്കിയായ ഒരു യുവതി ആത്മഹത്യ ചെയ്തത്. ഒരു പെണ്ണ് ഇതുപോലെ ബന്ധപ്പെട്ടിട്ട്‌ ഇട്ടിട്ടു പോയാല്‍ എന്താണ് ആണുങ്ങള്‍ ആത്മഹത്യ ചെയ്യാത്തത്? അവര്‍ അക്കാര്യം വീമ്പിളക്കി നടക്കും (സ്വകാര്യ കാരണങ്ങളാല്‍ ആത്മഹത്യകള്‍ ഉണ്ടാവാം, സമൂഹത്തിന്റെ കളിയാക്കലുകള്‍ കൊണ്ട് ഇതുപോലെ ആണുങ്ങള്‍ ചെയ്യില്ല എന്നാണ് ഞാന്‍ ഉദേശിക്കുന്നത്).

ഈ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം മനുഷ്യന്‍ പരിണമിച്ച് വന്നത് ഒരു പങ്കാളിയും ആയി കുടുംബം നടത്താന്‍ അല്ല എന്നതാണ്. രതി, പ്രേമം ,കല്യാണം എന്നീ മൂന്നു കാര്യങ്ങള്‍ കൂട്ടിക്കുഴച്ച് അവിയല്‍ പരുവം ആക്കി നമ്മള്‍ നമ്മളെ തന്നെ പറ്റിക്കുന്ന ഒരു സമ്പ്രദായമാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ നിലവിലുള്ളത്. പ്രേമിക്കുന്ന ആളെ തന്നെ വിവാഹം കഴിക്കണം, അയാളോട് മാത്രം രതിയില്‍ ഏര്‍പ്പെടണം എന്നതൊക്കെ മനുഷ്യന്‍ കൃഷി തുടങ്ങിയതിനു ശേഷം മാത്രം ഉണ്ടായി വന്നതാണ്. രതി ഒരു ശാരീരിക ആവശ്യം ആണ്, പ്രണയം എന്നാല്‍ അങ്ങിനെയല്ല. മതങ്ങളുടെയും സമൂഹങ്ങളുടെയും സോഷ്യല്‍ കണ്ടിഷനിംഗ് ആണ് പലപ്പോഴും നമ്മുടെ പ്രണയത്തെയും രതിയെയും വിവാഹത്തെയും ഇപ്പോള്‍ നിയന്ത്രിക്കുന്നത്, സ്വാഭാവിക പ്രകൃതിയല്ല.

മനുഷ്യന്‍ നായാടി നടന്നത് രണ്ടു ലക്ഷം വര്‍ഷത്തോളമാണ് , നമ്മള്‍ കൃഷി ചെയാന്‍ തുടങ്ങിയിട്ട് വെറും പതിനായിരം വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. നായാടി നടക്കുന്ന സമയത്ത് നമ്മള്‍ എല്ലാം പങ്കു വയ്ക്കുന്ന കൂട്ടമായിരുന്നു, പങ്കാളികളും കുട്ടികളും ഉള്‍പ്പെടെ. ഒരു ആണിന് ഒരു പെണ്ണെന്നോ, ഒരു പെണ്ണിന് ഒരാണെന്നോ ഉള്ള സാമൂഹിക ക്രമം ഈയടുത്ത് മാത്രം ഉണ്ടായി വന്ന ഒന്നാണ്. നമ്മുടെ സ്പീഷിസിനു വളരെ അടുത്ത് നില്‍ക്കുന്ന ബോണോബോ കുരങ്ങുകള്‍ നമ്മളെ പോലെ തന്നെ പ്രത്യുല്‍പ്പാദനത്തിന് വേണ്ടിയല്ലാതെ ലൈംഗിക കേളിയില്‍ ഏര്‍പ്പെടുന്നവയും, പോളിഗമി പ്രാക്ടീസ് ചെയ്യുന്നവരും ആണ്. പറഞ്ഞു വന്നാല്‍ സസ്തനികളില്‍ വവ്വാല്‍, ചില അരയന്നങ്ങള്‍ എന്നിവ പോലെ വെറും അഞ്ച് ശതമാനം ജീവികള്‍ മാത്രമാണ് ജീവിതകാലം മുഴുവന്‍ ഒരു പങ്കാളിയും ആയി ജീവിക്കുന്നത്.

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്‌

ഇതിന്റെ ജീവശാസ്ത്രപരമായ കാരണം വളരെ ലളിതമാണ്. നല്ല ആരോഗ്യമുള്ള, അതിജീവന സ്വഭാവമുള്ള കുഞ്ഞുങ്ങളെ ഉണ്ടാകുക എന്നതാണ് പരിണാമപരമായി നമ്മള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചെയ്യുന്നത്. അത് കൊണ്ടാണ് പുരുഷന്മാര്‍ക്ക് അബോധമനസില്‍ തന്നെ ചില സ്ത്രീകളെ കാണുമ്പോള്‍ ലൈംഗിക വാഞ്ചന തോന്നുന്നത്. വേട്ടയാടി നടന്ന കാലത്ത് ഇങ്ങിനെയുള്ള തോന്നലുകളില്‍ പലതും ലൈംഗിക വേഴ്ചയില്‍ അവസാനിക്കുമായിരുന്നു. പല പുരുഷന്മാരും ആയി ബന്ധപ്പെടുന്ന സ്ത്രീകളില്‍ നിക്ഷേപിക്കപ്പെടുന്ന ബീജങ്ങളില്‍ ഏറ്റവും കരുത്തുള്ളത് അണ്ഡവുമായി ചേരുകയും survival of the fittest എന്ന പരിണാമ പ്രക്രിയ നടക്കുകയും ചെയ്യുന്നു.

പുരുഷ ലൈംഗിക അവയവത്തിന്റെ അറ്റത്തുള്ള ബള്‍ബ് പോലെയുള്ള ഭാഗം ലൈംഗിക വേഴ്ചയില്‍ യോനിയില്‍ ശൂന്യത സൃഷ്ടിക്കുന്ന ഒരു പമ്പ് പോലെ വര്‍ക്ക് ചെയ്യുകയും, മുന്‍പ് ഈ സ്ത്രീ രതിയില്‍ ഏര്‍പ്പെട്ട പുരുഷന്റെ ബീജത്തെ വലിച്ചു കളയാന്‍ സഹായിക്കുകയും ചെയാന്‍ ഉള്ളതാണ് എന്നൊരു വാദം ഉണ്ട്. 45 മിനിറ്റ് മുതല്‍ 12 മണിക്കൂര്‍ വരെയാണ് ബീജം അണ്ഡത്തില്‍ എത്താനായി എടുക്കുന്നത് എന്നോര്‍ക്കുക.

അതുപോലെ തന്നെ ലൈംഗിക ബന്ധ സമയത്ത് സ്ത്രീകള്‍ ഉറക്കെ പുറപ്പെടുവിക്കുന്ന ശബ്ദം, മറ്റ് ഇണകളെ ആകര്‍ഷിക്കാന്‍ ആണെന്ന് പറയപ്പെടുന്നു. ഈ ശബ്ദം ആണുങ്ങളില്‍ ലൈംഗിക വിചാരം ഉണ്ടാക്കുന്നത് കൊണ്ടാണ് നീലച്ചിത്രങ്ങളില്‍ കുറച്ച് എക്‌സ്ട്രാ ആയി ഈ ശബ്ദം ഡബ് ചെയ്ത കയറ്റുന്നത്. നമ്മുടെ നാട്ടില്‍ 'കുടുംബത്തില്‍ പിറന്ന' പെണ്ണുങ്ങള്‍ ചെയ്യുമോ എന്നറിയില്ല, പക്ഷെ ലൈംഗിക ബന്ധസമയത്ത് ഏറ്റവും കൂടുതല്‍ ശബ്ദമുണ്ടാകുന്നത് സ്ത്രീകളാണ്.

പക്ഷെ ഇങ്ങനെ പല ആളുകളും ആയി വേഴ്ച നടത്തുന്ന സ്ത്രീകളില്‍ ജനിക്കുന്ന കുട്ടിയുടെ അച്ഛന്‍ ആരായായിരിക്കും എന്നൊരു സംശയം ഉയര്‍ന്നു വരാം. നായാടി നടക്കുന്ന സമൂഹങ്ങളില്‍ സ്വകാര്യ സ്വത്ത് എന്നൊരു ആശയം ഇല്ലാത്തത് പോലെ തന്നെ കുട്ടികള്‍ ഒരാളുടേതാണ് എന്നൊരു ധാരണയും ഉണ്ടായിരുന്നില്ല. സ്വന്തം ഗോത്രത്തിലെ കുട്ടികള്‍ എല്ലാവരുടേതും ആയിരുന്നു. ഇന്നും വെനിസ്വെലയിലെ ബാരി എന്ന ഗോത്ര സമൂഹം എല്ലാം ഇത് പിന്തുടരുന്നവരാണ്.

കൃഷി തുടങ്ങിയതില്‍ പിന്നെയാണ് സ്വാകാര്യ സ്വത്ത് എന്നൊരു ആശയം വരുന്നതും, സ്വത്ത് സ്വന്തം കുട്ടികള്‍ക്ക് കൈമാറി കൊടുക്കുവാന്‍ വേണ്ടി കുട്ടിയുടെ പിതാവ് ആരാണ് എന്ന കാര്യത്തിന് വളരെ വലിയ പ്രാധാന്യം കൈവരുന്നതും. ഇങ്ങിനെ സംഭവിച്ചിട്ടു മേല്‍പ്പറഞ്ഞ പോലെ വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളൂ. പുരുഷന്‍ ഇര തേടുന്നവരും , സ്ത്രീകള്‍ കുടുംബം നോക്കുന്നവരും ആയ ഒരു കുടുംബ വ്യവസ്ഥയും മറ്റും ഇതിന്റെ ഭാഗമായി ഉണ്ടായി വന്നതാണ്. ഈ വ്യവസ്ഥയില്‍ സ്ത്രീയുടെ വിശ്വാസ്യത വളരെ വലിയ ഒരു ഭാഗം ആയി മാറുകയും സാമൂഹിക വ്യവസ്ഥിതികളില്‍ സ്ത്രീയുടെ വിശ്വാസ്യതയും ആയി ബന്ധപ്പെടുത്തി പല കഥകളും മറ്റും പുരുഷന്മാരാല്‍ നിര്‍മിക്കപെടുകയും ചെയ്തു. നമ്മുടെ നാട്ടിലും കടലില്‍ പോയ മുക്കുവന്റെ ഭാര്യ അവളുടെ കാമുകനും ആയി ബന്ധപ്പെടുമ്പോള്‍ കടലില്‍ പോയ കണവന്‍ കൊല്ലപ്പെടുന്നത് പോലെയുള്ള കറുത്തമ്മ സങ്കല്പങ്ങള്‍ അതിന്റെ ഭാഗമാണ്.

വിവാഹം പ്രധാനമായും രണ്ടു കുടുംബങ്ങളോ സമുദായങ്ങളോ , ചിലപ്പോള്‍ രാജ്യങ്ങളോ തമ്മിലുള്ള ബന്ധം സ്ഥാപിക്കാന് ആയി കൊണ്ടുവന്ന ഒരു ഇടപാടാണ്. കുട്ടികളെ നോക്കുക എന്ന പ്രധാന കര്‍ത്തവ്യം ഒരു ഗോത്രത്തില്‍ നിന്ന് ഒരു ചെറിയ കുടുംബത്തിലേക്ക് കൈമാറിവന്നപ്പോള്‍ ആണിനേയും പെണ്ണിനേയും ഒരു കുടുംബത്തില്‍ ഒരുമിച്ചു നിര്‍ത്തുക എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയായി വന്നു. അവിടെയാണ് വിവാഹവും പ്രണയവും ആളുകള്‍ കൂട്ടികുഴച്ചത്. പരസ്പരം പ്രേമം ഉള്ളവരാണ് കല്യാണം കഴിക്കേണ്ടത് എന്നും, കല്യാണം കഴിക്കുന്നവര്‍ പരസ്പരം പ്രേമിക്കണം എന്നും ഉള്ള രണ്ടു പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ ഒരേ കയറില്‍ കെട്ടി. അതിന്റെ ടെന്‍ഷന്‍ പല ബന്ധങ്ങളിലും കാണാനും കഴിയും.

ലൈംഗികത ഒരു ശാരീരിക ആവശ്യം ആണെങ്കില്‍ പ്രണയം അങ്ങിനെയല്ല. ലൈംഗികത ഇല്ലാതെ പോലും പ്രണയിക്കാന്‍ കഴിയും. പ്രണയം ഇല്ലാത്തവരുമായി ശാരീരികമായി ബന്ധപ്പെടാനും കഴിയും. വളരെ വര്‍ഷങ്ങളിലെ സോഷ്യല്‍ കണ്ടിഷനിംഗ് കൊണ്ട് പല സ്ത്രീകളും തങ്ങള്‍ക്ക് പ്രേമം ഉള്ളവരോട് മാത്രമേ ശാരീരികമായി ഇഷ്ടം തോന്നുള്ളൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും, പുരുഷന്മാരോടൊപ്പം ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്ന, സ്വതന്ത്രമായി ചിന്തയ്ക്കാന്‍ തുടങ്ങിയ സ്ത്രീകളുടെ കാര്യത്തില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ സ്ഥിതി മാറാനാണ് സാധ്യത. ഇപ്പോള്‍ തന്നെ മുമ്പത്തേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ സ്വാതന്ത്രമായി തനിക്ക് ഇഷ്ടപെട്ട ഒരു ബന്ധം വിവാഹത്തിന് പുറത്തു തന്നെ നിലനിര്‍ത്തികൊണ്ടുപോകാന്‍ ധൈര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ ലൈംഗിക ബന്ധത്തിന് മുന്‍കൈ എടുക്കുന്നത് ഒരു മോശപ്പെട്ട കാര്യമായി കരുതുന്ന ഒരു സമൂഹം നമ്മുടെ നാട്ടില്‍ ഇപ്പോഴുണ്ട്. പ്രണയം തുറന്നു പറയാന്‍ പോലും പെണ്‍കുട്ടികള്‍ മടിക്കുന്നതും അതുകൊണ്ടാണ്. എനിക്ക് സെക്‌സ് ഇഷ്ടമാണ് എന്നൊരു പെണ്‍കുട്ടി പറഞ്ഞാല്‍ ഉടനെ അവളെ വെടി എന്ന് മുദ്ര കുത്താന്‍ ആളെത്തും. ഇതെലാം ശരിയാവുന്ന വരെ ബന്ധപ്പെടുന്ന സമയത്ത് മനസ്സില്‍ ഒരു ഫാന്റസി ആയി മാത്രം മറ്റുള്ള ബന്ധങ്ങള്‍ കൊണ്ടുനടക്കാന്‍ വിധിക്കപ്പെട്ടവരാണ് പലരും.

ഒരു പ്രധാന പ്രശ്‌നം ഉള്ളത് ഒരു സമൂഹം കുട്ടികളെ നോക്കുന്ന സമയം വരുന്ന വരെ തോന്നിയ പോലെ ബന്ധങ്ങളും ആയി നടന്നാല്‍ ഒരു അരാജകാവസ്ഥ സൃഷ്ടിക്കപ്പെടില്ലേ എന്നതാണ്. ജനാധിപത്യം എന്ന് പറയുന്നതും ഒരു അരാജക വ്യവസ്ഥയാണ് എന്നോര്‍ക്കുക (രാജാവില്ലാത്ത അവസ്ഥ എന്ന് മാത്രമേ അരാജകാവസ്ഥ എന്നത് കൊണ്ട് അര്‍ത്ഥമാകുന്നുള്ളൂ, കേള്‍ക്കുമ്പോള്‍ നമുക്ക് വല്ലാണ്ട് തോന്നുമെങ്കിലും ഭൂരിപക്ഷം ആളുകള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അരാജക വ്യവസ്ഥയായ ജനാധിപത്യമാണ് രാജ്യവ്യവസ്ഥയെക്കാള്‍ എന്തുകൊണ്ടും നല്ലത്).

പറഞ്ഞു വരുമ്പോള്‍ മനുഷ്യന്‍ ജീവശാസ്ത്രപരമായി polygamous ഉം (പല പങ്കാളികള്‍ ഉള്ളവര്‍) സാമൂഹികമായ കാരണങ്ങളാല്‍ monogamous (ഒരു പങ്കാളി മാത്രം ഉള്ളവര്‍) ഉം ആണ്. ഇതിന്റെ ഇടയില്‍ ഉള്ള ഒരു ബാലന്‍ കെ നായര്‍ ആണ് നമ്മുടെ എല്ലാം ജീവിതം. സ്ത്രീകള്‍ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെയേ ഉള്ളൂ പുരുഷന്മാരുടെ ഈ തോന്ന്യാസങ്ങള്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT